ന്യൂഡൽഹി: രാജ്യത്തെ പുതിയ സൈനിക സ്കൂളുകളുടെ 62 ശതമാനവും സംഘപരിവാറിനും ബി.ജെ.പിക്കും കേന്ദ്രം കൈമാറിയതായി റിപ്പോർട്. റിപ്പോർട്ടേഴ്സ് കളക്ടീവാണ് ഇതുസംബന്ധിച്ച റിപ്പോർട്ട് പുറത്തുവിട്ടത്. 40 സൈനിക സ്കൂളുകളിൽ 62 ശതമാനവും ആർഎസ്എസ് ബന്ധമുള്ള സ്കൂളുകൾക്കാണെന്ന് നൽകിയതെന്നും കളക്ടീവ് റിപ്പോർട്ട് ചെയ്യുന്നു.
സ്വകാര്യ പങ്കാളത്തത്തിൽ രാജ്യത്ത് 100 പുതിയ സൈനിക് സ്കൂളുകൾ സ്ഥാപിക്കുന്നതിനുള്ള പദ്ധതികൾ 2021ലെ ബജറ്റിൽ കേന്ദ്രസർക്കാർ പ്രഖ്യാപിച്ചിരുന്നു. മതിയായ സ്ഥലം, ഭൗതിക, ഐ ടി അടിസ്ഥാന സൗകര്യങ്ങൾ, സാമ്പത്തിക ഭദ്രത, ജീവനക്കാർ എന്നീ കാര്യങ്ങളിൽ സൈനിക് സ്കൂൾ സൊസൈറ്റി നിർദേശിക്കുന്ന മാനദണ്ഡം പാലിക്കുന്ന ഏത് സ്കൂളും സൈനിക സ്കൂളായി അംഗീകരിക്കപ്പെടാൻ സാധ്യതയുണ്ട്.
എന്നാൽ പുതിയ പദ്ധതി പ്രകാരം പ്രാബല്യത്തിൽ വന്ന 40 സൈനിക് സ്കൂൾ കരാറുകളിൽ 62 ശതമാനവും ആർ എസ് എസ്- അനുബന്ധ സംഘടനകൾ, ബിജെപിയുടെയും സഖ്യകക്ഷികളുടെയും നേതാക്കൾ- സുഹൃത്തുക്കൾ, ഹിന്ദുത്വ സംഘടനകൾ, വ്യക്തികൾ, മറ്റു ഹിന്ദുമത സംഘടനകളും നിയന്ത്രിക്കുന്ന സ്കൂളുകൾക്കാണെന്ന് റിപ്പോർട്ടേഴ്സ് കളക്ടീവ് അന്വേഷണം വെളിപ്പെടുത്തുന്നു. കേന്ദ്ര സർക്കാരിന്റെ പത്രക്കുറിപ്പുകളിൽനിന്നും വിവരാവകാശ രേഖകളിൽനിന്നുമുള്ള സംഗ്രഹിച്ച വിവരങ്ങൾ ഉൾക്കൊള്ളുന്നതാണ് റിപ്പോർട്ട്.
ആർഎസ്എസിന്റെ വിദ്യാഭ്യാസ വിഭാഗമായ വിദ്യാഭാരതിയുടെ നിയന്ത്രണത്തിലുള്ള അഖിൽ ഭാരതീയ ശിക്ഷാ സൻസ്ഥാൻ, ആർഎസ്എസിന്റെ സാമൂഹിക സേവന വിഭാഗമായ രാഷ്ട്രീയ സേവ ഭാരതിയിൽ അഫിലിയേറ്റ് ചെയ്തിട്ടുള്ള ഭൗസാഹബ് ഭുസ്കുതേ സ്മൃതി ലോക് ന്യാസ് അടക്കമുള്ള സ്ഥാപനങ്ങൾക്ക് സൈനിക സ്കൂളുകൾ അനുവദിച്ചിട്ടുണ്ട്. വിശ്വഹിന്ദു പരിഷത്തിന്റെ വനിതാ വിഭാഗമായ ദുർഗാ വാഹിനി സ്ഥാപക സാധ്വി ഋതംഭര നടത്തുന്ന സ്കൂളിനും സൈനിക സ്കൂൾ പദവി ലഭിച്ചു.
ഗുജറാത്തിലും അരുണാചൽ പ്രദേശിലുമാണ് സംഘപരിവാർ സംഘടനകൾക്ക് ഏറ്റവും കൂടുതൽ സ്കൂളുകൾ നൽകിയിരിക്കുന്നത്. അരുണാചൽ മുഖ്യമന്ത്രി പേമാ ഖണ്ഡുവിന്റെ ഉടമസ്ഥതയിലുള്ള തവാങ് പബ്ലിക് സ്കൂളിനും സൈനിക സ്കൂളിനുള്ള അനുമതി ലഭിച്ചിട്ടുണ്ട്. ഗുജറാത്തിൽ ബിജെപി മുൻ ജനറൽ സെക്രട്ടറി അശോക് കുമാർ ഭാവ്സംഘ്ഭായി ചൗധരിയുടെ നിയന്ത്രണത്തിലുള്ള സ്കൂളിനും സൈനിക സ്കൂളിന് അനുമതി നൽകി. ഗുജറാത്ത് നിയമസഭ സ്പീക്കർ ശങ്കർ ചൗധരിയുടെ ഉടമസ്ഥതയിലുള്ള സ്കൂളിനും സൈനിക സ്കൂൾ ആകാൻ അനുമതി നൽകിയിട്ടുണ്ട്.
ഉത്തർപ്രദേശിൽ, ബിജെപി എംഎൽഎ സരിത ഭദൗരിയയുടെ നിയന്ത്രണത്തിലുള്ള മുന്ന സ്മൃതി സൻസ്താൻ നടത്തുന്ന ശാകുന്തളം ഇന്റർനാഷണൽ സ്കൂളിനും സൈനി സ്കൂളായി മാറാൻ സാധിച്ചു. ഹരിയാനയിലെ റോഹ്തക്കിലെ ശ്രീ ബാബ മസ്ത്നാഥ് റെസിഡൻഷ്യൽ പബ്ലിക് സ്കൂൾ ഇപ്പോൾ ഒരു സൈനിക് സ്കൂളാണ്. മുൻ ബിജെപി എംപി മഹന്ത് ചന്ദ്നാഥ് ആണ് ഇത് സ്ഥാപിച്ചത്. 2019ൽ ബിജെപിയിൽ ചേർന്ന മുൻ കോൺഗ്രസ് എംഎൽഎ രാധാകൃഷ്ണ വിഖെ പാട്ടീൽ ചെയർമാനായ അഹമ്മദ്നഗറിലെ പത്മശ്രീ ഡോ വിത്തൽറാവു വിഖേ പാട്ടീൽ സ്കൂളും സൈനിക സ്കൂളായി മാറി.