വാര്‍ത്താ ശേഖരണവും പ്രസിദ്ധീകരണവും സംബന്ധിച്ച് 5 ഡബ്ല്യൂ എന്ന അടിസ്ഥാന തത്വത്തില്‍ ഊന്നിയാണ് ഓരോ ജര്‍ണലിസം വിദ്യാര്‍ഥിയും പഠനമാരംഭിക്കുന്നതും പ്രവര്‍ത്തന മേഖലയിലേക്ക് കടക്കുന്നതും. Who, What, When, Where, Why . ‘ആര്, എന്ത്, എപ്പോള്‍, എവിടെ, എന്തിന്?’ കേരളത്തിലെ മാധ്യമങ്ങള്‍ ഇടതുപക്ഷ വിരോധം മൂര്‍ഛിച്ച് സമനില തെറ്റിയ ശേഷം ഈ അടിസ്ഥാന തത്വങ്ങളിലൂന്നിയ ചോദ്യങ്ങള്‍ക്കൊന്നും ഉത്തരം തേടി സമയം കളയാറില്ല. നുണകളുടെ ചീട്ടു കൊട്ടാരങ്ങള്‍ തീര്‍ക്കലും അപവാദ പ്രചാരണവും പാദസേവയും എത്തി നോട്ടവുമൊക്കെ ചേര്ന്നതാണിപ്പോള് മലയാള മാധ്യമ പ്രവര്‍ത്തന സംസ്കാരം.
5 w വില്‍ നിന്ന് 4D യിലേക്കുള്ള പരിണാമപ്രക്രിയ കേരള ജര്ണലിസ്റ്റുകളില് വലിയ പങ്കും വിജയകരമായി പൂര്‍ത്തിയാക്കി കഴിഞ്ഞു. അതില്‍ ഒരുത്തനെ ചൂണ്ടിക്കാട്ടിയാണ് കേരള ഹൈക്കോടതി ഈ പരിണാമത്തിലേക്ക് ശ്രദ്ധ ക്ഷണിച്ചത്. കണ്ണില്‍ കണ്ടവരെയെല്ലാം തെറി വിളിച്ചും അപവാദം പ്രചരിപ്പിച്ചും ജീവിക്കുന്ന മാധ്യമ സ്വാതന്ത്ര്യ നായകന് മറുനാടന്‍ ഷാജന് സ്കറിയ എന്ന തെറി വീരന് ഇപ്പോള്‍ ഒളിച്ചു ജീവിക്കുകയാണ്. പൊലീസ് പിടിക്കുന്നതിനു മുമ്പ് മുന്‍കൂര്‍ ജാമ്യം തേടി എത്തിയ മറുനാടന്റെ ജാമ്യാപേക്ഷ ചുരുട്ടിക്കൂട്ടി എറിഞ്ഞാണ് 5 Wല്‍ നിന്ന് 4 D യിലേക്കുള്ള മാധ്യമ സഞ്ചാരം കോടതി ഓര്‍മ്മിപ്പിച്ചത്. ഷാജന് സ്കറിയ ഈ W തത്വത്തിന് പകരം നാല് D ആണ് ഉപയോഗിക്കുന്നതെന്ന് കോടതി ചൂണ്ടിക്കാട്ടുന്നു.
Defame, Denigrate, Damnify, Destroy എന്നിവയാണത്. അതായത് അപകീര്‍ത്തിപ്പെടുത്തല്‍, അപവാദ പ്രചാരണം നടത്തല്‍, നശിപ്പിക്കല്‍, ഉന്മൂലനാശം വരുത്തല്‍. വ്യക്തികളെ അപകീര്‍ത്തിപ്പെടുത്തുക, നിന്ദിക്കുക, നശിപ്പിക്കുക, ഉന്മൂലനം ചെയ്യുക എന്ന രീതിയാണ് ഷാജന് സ്കറിയ അനുവര്‍ത്തിക്കുന്നത്. മാധ്യമപ്രവര്‍ത്തനത്തിന്റെ അടിസ്ഥാനതത്വങ്ങള്‍ പാലിച്ചല്ല ഷാജന് സ്കറിയയുടെ മാധ്യമപ്രവര്‍ത്തനം . വാര്‍ത്തയുടെ കൃത്യതയും പൂര്‍ണതയും ഉറപ്പാക്കുന്ന അടിസ്ഥാനതത്വങ്ങള്‍ ഈ സ്ഥാപനം പാടേ ലംഘിക്കുകയാണ്.
‘മറുനാടന്‍ മലയാളി’ ചാനലില്‍ 2023 മെയ് 24ന് സംപ്രേഷണം ചെയ്ത വീഡിയോയില്‍ ഉപയോഗിച്ച വാക്കുകള്‍ പരാതിക്കാരനെ അപമാനിക്കുകയും നാണംകെടുത്തുകയും ചെയ്യുക എന്ന ഉദ്ദേശ്യത്തോടുകൂടിയുള്ളതാണ്. പരാതിക്കാരന്റെ ജാതി വ്യക്തമായി പറഞ്ഞിട്ടില്ലെന്ന കാരണത്താല്‍ പട്ടികജാതി അതിക്രമ നിയമത്തിന്റെ പരിധിയില്‍ വരില്ലെന്ന വാദം അംഗീകരിക്കാനാകില്ല. ജാതിപ്പേര് പരാമര്‍ശിച്ചാലേ നിയമത്തിന്റെ പരിധിയില്‍ വരൂ എന്നു പറയാനാകില്ലെന്നും കോടതി വ്യക്തമാക്കി.
പി വി ശ്രീനിജിന്‍ എംഎല്‍എക്കെതിരെ വ്യാജവാര്‍ത്ത നല്കി, വ്യക്തിപരമായി അധിക്ഷേപിച്ചെന്ന പരാതിയില്‍ പട്ടികജാതി അതിക്രമം തടയല്‍, ഇന്ത്യന്‍ ശിക്ഷാനിയമത്തിലെ വിവിധ വകുപ്പുകള്‍ എന്നിവപ്രകാരമാണ് കേസെടുത്തത്. ഷാജന് സ്കറിയ, സിഇഒ ആന്‍ മേരി ജോര്‍ജ്, ചീഫ് എഡിറ്റര്‍ ജെ റിജു എന്നിവരാണ് എളമക്കര പൊലീസ് കേസ് രജിസ്റ്റര്‍ ചെയ്ത കേസിലെ പ്രതികള്‍ . ഷാജന് മനപ്പൂര്‍വം വ്യക്തികളെ അവഹേളിക്കുന്നുവെന്നും എംഎല്‍എയെ ഇയാള്‍ അപമാനിച്ചതിന് തെളിവുണ്ടെന്നും ഡയറക്ടര്‍ ജനറല്‍ ഓഫ് പ്രോസിക്യൂഷന്‍സ് കോടതിയെ അറിയിച്ചു.
കുറ്റകൃത്യങ്ങള്‍ നിലനില്‍ക്കുമെന്ന് വ്യക്തമാക്കിയാണ് ഷാജന് സ്കറിയയുടെ മുന്‍കൂര്‍ ജാമ്യാപേക്ഷ ജസ്റ്റിസ് വി ജി അരുണ്‍ തള്ളിയത്. മുന്‍കൂര്‍ ജാമ്യഹര്‍ജി തള്ളിയ എറണാകുളം സെഷന്‍സ് കോടതി ഉത്തരവ് ശരിവച്ചാണ് ഹൈക്കോടതിയുടെ ഉത്തരവ്.
വ്യക്തിഹത്യ നടത്തുന്ന രീതി അവസാനിപ്പിച്ച് മാധ്യമങ്ങള്‍ ഉത്തരവാദിത്വ ബോധത്തോടെ പ്രവര്‍ത്തിക്കുമെന്ന് പ്രതീക്ഷിക്കുന്നതായി ഹൈക്കോടതി ഡിവിഷന് ബെഞ്ച് തുറന്നടിച്ചിട്ട് ഏതാനും ദിവസങ്ങളേ ആയുള്ളൂ. മാധ്യമ സ്വാതന്ത്ര്യ മറപിടിച്ച് കേരളത്തില്‍ നടക്കുന്ന അപവാദ പ്രചാരണത്തിനുള്ള താക്കീതായിരുന്നു ആ പരാമര്‍ശം.