കെ ജി ബിജു
ഡിഗ്രിയ്ക്കു പഠിക്കാതെ പോസ്റ്റ് ഗ്രാജ്വേറ്റ് ഡിപ്ലോമ പഠിക്കാൻ പറ്റുമോ? ദേശത്തായാലും വിദേശത്തായാലും. നമ്മളെപ്പോലുള്ളവർക്ക് സാധ്യമല്ല. പക്ഷേ, വീരേന്ദ്രകുമാറിൻ്റെ മകനും മാതൃഭൂമി മാനേജിംഗ് ഡയറക്ടറുമായ സാക്ഷാൽ എം വി ശ്രേയാംസ് കുമാറിന് അത്തരം പ്രതിബന്ധങ്ങളില്ല.
2021ൽ ഇലക്ഷൻ കമ്മിഷന് സമർപ്പിച്ച സത്യവാങ്മൂലം അനുസരിച്ച് ബിസിനസ് അഡ്മിനിസ്ട്രേഷനിൽ പോസ്റ്റ് ഗ്രാജ്വേറ്റ് ഡിപ്ലോമയാണ് ശ്രേയാംസ് കുമാറിൻ്റെ വിദ്യാഭ്യാസ യോഗ്യത. ഒപ്പിച്ചത്, ലണ്ടനിലെ കിംഗ്സ് ലാങ്ലി കോളജ് ഓഫ് മാനേജ്മെൻ്റിൽ നിന്നത്രേ. സംഗതി, ലണ്ടനിലെ ഒരു കലിംഗ യൂണിവേഴ്സിറ്റിയാണെന്നു തോന്നുന്നു. അതെന്തോ ആകട്ടെ. വിഷയം വേറെയാണ്.
2011ലും 2006ലും അദ്ദേഹം മത്സരിച്ചിരുന്നു. സത്യവാങ്മൂലങ്ങളും സമർപ്പിച്ചിരുന്നു. 2006ലെ രേഖയിൽ അദ്ദേഹത്തിൻ്റെ വിദ്യാഭ്യാസ യോഗ്യത പത്താംക്ലാസും പ്രീഡിഗ്രിയുമാണ്. 1982ൽ കൽപ്പറ്റ എസ്കെഎം എച്ച്എസിൽ നിന്ന് എസ്എസ്എൽസി പാസായി. 1984ൽ കോഴിക്കോട് ദേവഗിരി കോളജിൽ നിന്ന് പ്രീഡിഗ്രി കഴിഞ്ഞു. ജയിച്ചോ തോറ്റോ എന്ന് നമുക്കറിയില്ല.
നാട്ടുനടപ്പനുസരിച്ച് പ്രീഡിഗ്രി കഴിഞ്ഞാൽ ഡ്രിഗ്രിയ്ക്കു പോകണമല്ലോ. ശ്രേയംസ് കുമാർ നാട്ടുനടപ്പനുസരിച്ചെന്ന് അദ്ദേഹം പോലും അവകാശപ്പെട്ടിട്ടില്ല. വീരേന്ദ്രകുമാറിൻ്റെ മകനെന്തിന് ഡിഗ്രി? മാതാപിതാക്കൾ അങ്ങനെ ചിന്തിച്ചു കാണും. വയനാട്ടിലെ പ്രബലവും പ്രശസ്തവും പ്രമത്തവുമായ കർഷകകുടുംബത്തിലെ അംഗമാണ്. പ്രീഡിഗ്രി കഴിഞ്ഞപാടെ കളപറിക്കാനിറങ്ങിയതാവാനും വഴിയുണ്ട്.
പക്ഷേ, 2011ലെ ഇലക്ഷനിൽ മത്സരിച്ചപ്പോൾ ശ്രേയാംസ് കുമാറിന് പ്രീഡിഗ്രി അത്ര വലിയ ഡിഗ്രിയല്ല എന്ന ബോധോദയമുണ്ടായി. അങ്ങനെയാണ് സത്യവാങ്മൂലത്തിൽ ലണ്ടൻ കലിംഗയിലെ പോസ്റ്റ് ഗ്രാജ്വേറ്റ് ഡിപ്ലോമ ഇൻ ബിസിനസ് അഡ്മിനിസ്ട്രേഷൻ കയറിക്കൂടിയത്. 2005ലാണുപോലും സംഗതി തരപ്പെടുത്തിയത്. പക്ഷേ, സംഭവം 2006ലെ സത്യവാങ്മൂലത്തിൽ ഉൾപ്പെടുത്തിയിരുന്നില്ല. ഒരുപക്ഷേ ആ ഇലക്ഷൻ നടക്കുമ്പോൾ ഒന്നോ രണ്ടോ പേപ്പറുകൾ സപ്ലി ഉണ്ടായിരുന്നിരിക്കാം. അല്ലെങ്കിൽ റിസൽട്ട് വൈകിയിരിക്കാം.
എന്നാലും പോസ്റ്റ് ഗ്രാജ്വേറ്റ് ഡിപ്ലോമ കിട്ടണമെങ്കിൽ ഡിഗ്രി പാസാകേണ്ടേ? 2006, 2011, 2021 അഫിഡവിറ്റുകൾ പ്രകാരം എം വി ശ്രേയാംസ് കുമാർ കേരളത്തിലോ ഇന്ത്യയിലോ വിദേശത്തോ ഡിഗ്രിയ്ക്കു പഠിച്ചിട്ടില്ല. പ്രീഡിഗ്രിയ്ക്ക് അൽപസ്വൽപ്പം മാർക്ക് കുറഞ്ഞാലും മകനൊരു ഡിഗ്രി അഡ്മിഷൻ തരപ്പെടുത്താൻ കഴിയാത്ത ആളല്ല വീരേന്ദ്രകുമാർ. വേണേൽ മകനുവേണ്ടി സ്വന്തമായി ഒരു കോളജോ യൂണിവേഴ്സിറ്റി തന്നെയോ സ്ഥാപിക്കാൻ വേണ്ട ആസ്തിയും അവസ്ഥയുമുള്ള കുടുംബം. ചായ കുടിക്കാൻ തേയിലത്തോട്ടം സ്വന്തമാക്കിയാണ് ശീലവും.
എന്നിട്ടും ശ്രേയാംസിൻ്റെ സത്യവാങ്മൂലത്തിൽ ബിരുദം സംബന്ധിച്ച വിവരങ്ങളില്ല. ഇനി വിളിച്ചു പറഞ്ഞാൽ ഫലം കിട്ടില്ലെന്നു വിചാരിച്ച് മിണ്ടാത്തതാണോ? അതോ സ്വതസിദ്ധമായ വിനയത്തിൻ്റെ ഉൾപ്രേരണയാൽ, ആ ആഡംബരം വേണ്ടെന്നു വെച്ചതോ? അതോ ശമം ശീലിച്ച സിംഹങ്ങൾ ഹിമവദ് വിദ്യാചല മധ്യദേശത്തേ കാണൂ എന്ന വള്ളത്തോൾ തിയറിയോടുള്ള പ്രതിഷേധമോ? ഇന്ദ്രിയങ്ങളെ അടക്കിയ സിംഹങ്ങൾ വയനാട്ടിലുമുണ്ട്, മേൻനേ എന്ന് വള്ളത്തോളിനൊരു നിശബ്ദമായ മറുകുറി? അല്ലെങ്കിലും അലമാരയിലിരിക്കേണ്ട ആലഭാരങ്ങൾ അരഞ്ഞാണത്തിനു പകരം കെട്ടി നാട്ടാരെ കാണിക്കേണ്ട കാര്യമില്ല, പത്മപ്രഭാ ഗൗഡറുടെ ചെറുകുട്ടിയ്ക്ക്.
ഇനിയൊരുവേള പ്രീഡിഗ്രി ജയിക്കാത്തതുകൊണ്ട് ഡിഗ്രിയ്ക്കു പോകാമ്പറ്റാത്തതാകുമോ? ഹേയ്.. അങ്ങനെ വരില്ല. വരാൻ സാധ്യതയുമില്ല. എതായാലും ഇലക്ഷൻ കമ്മിഷന് ശ്രേയാംസ് കുമാർ നൽകിയ സത്യവാങ്മൂലം അനുസരിച്ച് 1984ൽ പ്രീഡിഗ്രിയോടെ അദ്ദേഹം പഠനം അവസാനിപ്പിച്ചു. ഇരുപതു കൊല്ലത്തിനു ശേഷമാണ് അദ്ദേഹം ലണ്ടനിൽ നിന്ന് ബിസിനസ് അഡ്മിനിസ്ട്രേഷനിൽ ഒരു പിജി ഡിപ്ലോമ സ്വന്തമാക്കിയത്. ഇതൊന്നുമില്ലെങ്കിലും ഇനി, സ്കൂളിൽത്തന്നെ പോയില്ലെങ്കിലും ശ്രേയാംസ് കുമാർ ഇപ്പോൾ വഹിക്കുന്ന പദവികളും സ്ഥാനമാനങ്ങളുമൊക്കെ അദ്ദേഹത്തിനു കിട്ടും. അതിലൊരു സംശയവുമില്ല. അതിന് ഇപ്പറയുന്ന സർട്ടിഫിക്കറ്റുകളൊന്നും അദ്ദേഹത്തിന് ആവശ്യമില്ല. സർട്ടിഫിക്കറ്റുകൾ കാണിച്ച് ആരെയെങ്കിലും എന്തെങ്കിലും ബോധ്യപ്പെടുത്തി തൊഴിലോ വരുമാനമോ സ്ഥാനമാനങ്ങളോ നേടേണ്ട കാര്യവും അദ്ദേഹത്തിനില്ല.
എന്നാലും ഡിഗ്രിയ്ക്കു പോകാതെ, പിജി ഡിപ്ലോമ കിട്ടുമോ… ലണ്ടനീന്നായാലും!