കാലംമാറിയിട്ടും വിമോചനസമരകാലത്തെ അതേശൈലിയിലേക്ക് പൂർണതോതിൽ തിരിച്ചെത്തുകയാണ് മലയാള മനോരമ എന്നതിൻ്റെ ഒടുവിലത്തെ ഉദാഹരണമാണ് ‘സഖാവേ ഭരണം പാർടിയിൽ മതി’യെന്ന മുഖപ്രസംഗം. ‘മാധ്യമങ്ങളെ ഭീഷണിപ്പെടുത്താൻ എം വി ഗോവിന്ദന് എന്തധികാരം’ എന്ന ഉപതലക്കെട്ടുകൂടി നൽകിയ മുഖപ്രസംഗത്തിൻ്റെ ശൈലി കണ്ടാൽ തോന്നുക, അമ്പമ്പോ ഇത് അന്ത്യശാസനമാണല്ലോയെന്നാണ്. അന്ത്യശാസനം എന്നത് മലയാള മനോരമയുടെ പഴയൊരു മുഖപ്രസംഗമാണ്. 1954 ജനുവരി അഞ്ചിന് ചീഫ് എഡിറ്റർ കെ എം ചെറിയാൻ പേരുവച്ചെഴുതിയ മുഖപ്രസംഗം. അതിൻ്റെ നാലുദിവസംമുമ്പാണ് അതേവരെയുള്ള പത്രാധിപർ കെ സി മാമ്മൻമാപ്പിള അന്തരിച്ചത്. മരണത്തിന് ഏതാനും മണിക്കൂർമുമ്പ് മൂത്തപുത്രനായ കെ എം ചെറിയാൻ എന്ന ഉണ്ണൂണ്ണിയെ അരികിൽവിളിച്ച് അദ്ദേഹം നൽകിയ അന്ത്യശാസനമാണ് മുഖപ്രസംഗവിഷയം. മരണാസന്നനായ അച്ഛൻ മകൻ്റെ ചെവിയിൽ പറഞ്ഞതിതാണ് ‘സാമുദായികമോ സാമ്പത്തികമോ സാന്മാർഗികമോ ആത്മീയമോ ധാർമികമോ ആയ നീതിയും ന്യായവുമുള്ള ഒരു പ്രസ്ഥാനമല്ല കമ്യൂണിസം. ആ അത്യാപത്തിൽനിന്ന് വിവരമില്ലാത്ത സാധുജനങ്ങളെ രക്ഷിക്കുന്നതിന് നമ്മുടെ സർവശക്തിയും പ്രയോഗിച്ചുകൊണ്ടിരിക്കണം. നമ്മുടെ ശക്തിക്കതീതമായിരിക്കാം അവരുടെ പ്രചാരണസാമർഥ്യം. അത് നാം ഭയപ്പെട്ടിട്ടാവശ്യമില്ല. നമ്മുടെ ധർമം നാം നിർവഹിക്കുകയെന്നതേ നമുക്ക് കരണീയമായിട്ടുള്ളൂ.’
ഈ ശാസനം ശിരസ്സാവഹിച്ച ചെറിയാൻ തുടർന്ന് പ്രഖ്യാപിക്കുകയാണ് “ഇസങ്ങളിലൊന്നും ഞങ്ങൾ ഭ്രമിക്കുന്നില്ല. കമ്യൂണിസം സർവഥാ അബദ്ധവും ആപൽക്കരവും അപമാനകരവുമാണെന്നാണ് മനോരമയുടെ സുചിന്തിതവും സുദൃഢതരവുമായ അഭിപ്രായം’. തുടർന്ന് കോൺഗ്രസിനും അതായത് പ്രധാനമന്ത്രി ജവാഹർലാൽ നെഹ്റുവിനുംകൂടി ഒരു ഉപദേശം നൽകുന്നുണ്ട്. തൊഴിലാളിവിഷയങ്ങളിലുംമറ്റും സോഷ്യലിസ്റ്റ് പ്രോഗ്രാമിലേക്കെടുത്തുചാടിയാൽ കമ്യൂണിസ്റ്റ് ചുഴിയിലാണെത്തുകയെന്ന മുന്നറിയിപ്പ്.
മാമ്മൻമാപ്പിള ഏറെ കഷ്ടപ്പെട്ട് കെട്ടിപ്പടുക്കാൻ തുടങ്ങിയ പത്രമാണ് മലയാള മനോരമ. 1937ൽ തങ്ങളുടെ ഉടമസ്ഥതയിൽ പുനരാരംഭിച്ച ട്രാവൻകൂർ നാഷണൽ ആൻഡ് ക്വയിലോൺ ബാങ്ക് സാമ്പത്തിക ക്രമക്കേടിനെത്തുടർന്ന് പാപ്പരായി പൂട്ടിപ്പോയതോടെ പത്രവും പൂട്ടിയതാണ്. പത്രാധിപർ വർഷങ്ങളോളം തടവിലായി. ബാങ്ക് പൂട്ടിയതും തടവിലായതും വാസ്തവത്തിൽ ഉടമസ്ഥകുടുംബത്തിന് ലാഭമല്ലാതെ നഷ്ടമുണ്ടാക്കിയില്ലെന്നത് പിൽക്കാലാനുഭവം. നഷ്ടം നിക്ഷേപകർക്കുമാത്രം. പത്രം പുനരാരംഭിച്ച് ഏഴാംകൊല്ലമാണ് മാമ്മൻമാപ്പിള അന്തരിച്ചത്. പൈതൃകസ്വത്തിനൊപ്പം ഭാര്യയുടെ ആഭരണങ്ങൾ ഉരുക്കിയെടുത്ത് ഒമ്പത് മോതിരമുണ്ടാക്കി ഒമ്പത് മക്കൾക്കും സവിശേഷസ്വത്തായി നൽകിയാണ് അദ്ദേഹം വിടപറഞ്ഞത്. ഒന്നാമത്തെ മോതിരത്തിൻ്റെ ഉടമയായ ചെറിയാൻ പത്രാധിപരും എട്ടാമത്തെ മോതിരത്തിനുടമയായ കെ എം മാത്യു മാനേജരും മാനേജിങ് എഡിറ്ററും എന്നനിലയിൽ പ്രവർത്തിച്ച് മാമ്മൻമാപ്പിളയുടെ അന്ത്യശാസനം നടപ്പാക്കാൻ ഭഗീരഥയത്നമാണ് പിന്നീട്. വളരെവേഗംതന്നെ എല്ലാ അധികാരവും തന്നിലെത്തിയതോടെ കെ എം മാത്യു കൃത്യമായ പദ്ധതികളോടെ പിതാവിൻ്റെ അന്ത്യശാസനം നടപ്പാക്കാൻ പെടാപ്പാടായി. കേരളത്തിൽനിന്ന് കമ്യൂണിസ്റ്റ് ദുർഭൂതത്തെ കെട്ടുകെട്ടിക്കുകയെന്ന മുദ്രാവാക്യത്തിലൂടെ വിമോചനസമര നേതൃത്വമേറ്റെടുത്താണ് അതിന്റെ തുടക്കം. കമ്യൂണിസ്റ്റുവിരുദ്ധരുടെയാകെ നേതൃത്വം കൈവന്നതോടെ മനസ്സിലായി, ഇതാണ് നല്ല ഏർപ്പാട്. ധ്രുവീകരണത്തിലൂടെ സർക്കുലേഷനും ബിസിനസും കൂട്ടാം. ഏറ്റവും സർക്കുലേഷനുള്ള പത്രമായിരുന്ന മാതൃഭൂമിയെ രണ്ടാംസ്ഥാനത്തേക്ക് തള്ളി 1959 ജൂണിൽ മനോരമ ഒന്നാമതെത്തുന്നു. വിമോചനസമരനേതൃത്വത്തിൻ്റെ ലാഭം. മനോരമയുടെ “വഴിവിളക്കാ’യ ആ മോതിരം ഉരുക്കി ഇപ്പോഴത്തെ നടത്തിപ്പുകാർക്ക് പുതിയ മോതിരമാക്കിക്കൊടുത്തിരിക്കാം.
കമ്യൂണിസത്തെ നശിപ്പിക്കുകയെന്നത് കണ്ടത്തിൽ കുടുംബത്തിന്റെ അന്ത്യശാസനമാണ്. വ്യക്തിസ്വാതന്ത്ര്യംപോലെതന്നെ പ്രധാനമാണ് കുടുംബസ്വാതന്ത്ര്യവും. അതിൻ്റെ ഭാഗമായാണിപ്പോൾ ഗോവിന്ദനാര്, ഗോവിന്ദനെന്തധികാരം, പാർടിയിൽ മതി അധികാരപ്രയോഗം എന്നെല്ലാമുള്ള ആജ്ഞകൾ. സാദാ വാക്കുതർക്കങ്ങളിൽ അതങ്ങു വീട്ടിൽപ്പോയി പറഞ്ഞാൽ മതിയെന്നുപറയുന്നതുപോലെ. താൻ ഇരിക്കുന്ന പദവിക്ക് വലിയ വലുപ്പമുണ്ടെന്ന തെറ്റിദ്ധാരണയായിരിക്കാം ഗോവിന്ദൻ്റെ ധാർഷ്ട്യത്തിന് കാരണമെന്നും നിരീക്ഷണമുണ്ട്. കേരളത്തിലെ ഏറ്റവുംവലിയ രാഷ്ട്രീയ പാർടിയുടെ സെക്രട്ടറിയും എംഎൽഎയുമായ ഒരാളെക്കുറിച്ചാണ് പത്രത്തിൻ്റെ ഔദ്യോഗിക കാഴ്ചപ്പാടായ മുഖപ്രസംഗത്തിൽ ഇങ്ങനെ അവഹേളിക്കാൻ ശ്രമിക്കുന്നത് , ന്യൂനീകരിക്കുന്നത്. അപ്പോഴാണ് തലേദിവസം അങ്ങ് ന്യൂയോർക്ക് ടെെംസ് സ്ക്വയറിൽ ആയിരക്കണക്കിന് മലയാളികളെ അഭിസംബോധന ചെയ്ത് മുഖ്യമന്ത്രി പിണറായി വിജയൻ നടത്തിയ പ്രസംഗം മനസ്സിലെത്തുക. അമേരിക്കയിൽ നടക്കുന്ന കേരളസഭയെ അധിക്ഷേപിച്ചത് മറുനാടൻ മലയാളികളെയാകെ അവഹേളിക്കുന്നതിന് തുല്യമാണെന്നും അതൊരുതരം ഞരമ്പുദീനമാണെന്നുമാണ് മുഖ്യമന്ത്രി തികച്ചും സാന്ദർഭികമായി അവിടെ പ്രസംഗിച്ചത്. അതുകേട്ടതോടെ ആ ദീനം ഒന്നുകൂടി വിജ്രംഭിതമായിപ്പോയതാകാം. ആരെയും അനാവശ്യമായി അപഹസിച്ചാൽ, നുണപ്രചാരണം നടത്തി അധിക്ഷേപിച്ചാൽ കേസുമായി മുന്നോട്ടുപോകുമെന്ന തികച്ചും സ്വാഭാവികമായ കാര്യമെങ്ങനെ ധാർഷ്ട്യവും ഭീഷണിയുമാകും. അപ്പോൾ എം വി ഗോവിന്ദന്റെ പ്രസ്താവനയല്ല, ന്യൂയോർക്കിലെ അടിയെത്തുടർന്ന് ഉണ്ടായതാണ് ഞരമ്പുവീക്കമെന്നു വരുന്നു. തകർത്തുകളയുമെന്ന അന്ത്യശാസനം 1953 ഡിസമ്പർ 31ന് രാത്രിയാണ് കെ എം ചെറിയാൻ്റെ ചെവിയിലെത്തിയത്. പിന്നീടത് കെ എം മാത്യുവിൻ്റെ ചുമതലയായി. അദ്ദേഹത്തിൻ്റെ കാലശേഷം മാമ്മൻ മാത്യുവിൻ്റെ തലയിലാണാ ഭാരം. വിമോചനസമരത്തോടെ കമ്യൂണിസത്തിൻ്റെ കഥകഴിയുകയല്ല ചെയ്തത്, തുടർഭരണത്തിലെത്താൻകൂടി കെൽപ്പുനേടി പൂർവാധികം ശക്തിപ്പെടുകയാണെന്ന് മനസ്സിലായതിനാൽ അന്ത്യശാസനത്തിന് പുതിയ പുതിയ രൂപഭാവങ്ങൾ ചമയ്ക്കുയാണ് മനോരമ. അതിൻ്റെ ഏറ്റവും വലിയ തെളിവാണ് ജൂൺ ഏഴിന് ആ പത്രം പ്രസിദ്ധപ്പെടുത്തിയ മുഖ്യവാർത്തയും അതിൻ്റെ വിന്യാസവും. മാധ്യമസ്വാതന്ത്ര്യത്തെക്കുറിച്ചോ മാധ്യമനൈതികതയെക്കുറിച്ചോ ഒരക്ഷരം പറയാൻ യോഗ്യതയില്ലാത്ത പത്രം എന്ന വിശേഷണത്തിന് പണ്ടേ അർഹത നേടിയെങ്കിലും അതിനെല്ലാം മകുടംചാർത്തുകയായിരുന്നു അന്നത്തെ “എസ്എഫ്ഐ വധം’.
അതിഥിയധ്യാപികയാകാൻ വ്യാജ പ്രവൃത്തിപരിചയ സർട്ടിഫിക്കറ്റുണ്ടാക്കി നൽകിയ കെ വിദ്യയെക്കുറിച്ചാണ് ഒരു വാർത്ത. വിദ്യ വർഷങ്ങൾക്കു മുമ്പ് എസ്എഫ്ഐ പ്രവർത്തകയായിരുന്നു, യൂണിയൻ ഭാരവാഹിയുമായിരുന്നു. സംഘടനാ നേതൃത്വത്തിലുണ്ടായിരുന്നില്ലെങ്കിലും പ്രചാരണത്തിനായി അങ്ങനെ വിശേഷിപ്പിച്ചതിൽ മനോരമയുടേതായ ഔചിത്യമുണ്ട്. തെറ്റൊന്നുമില്ല. അർഹിക്കുന്ന പ്രാധാന്യത്തോടെതന്നെ ആ വാർത്ത കൊടുത്തു. എന്നാൽ, വിദ്യക്കൊപ്പം കൊടിപിടിച്ചുനിൽക്കുന്ന പി എം ആർഷോയെയും ചേർത്ത് കൂറ്റൻ കാർട്ടൂൺ മുഖചിത്രമായി കൊടുക്കുകയും എഴുതാത്ത പരീക്ഷ നേതാവ് ജയിച്ചുവെന്ന് മുഖ്യവാർത്തയായി കൊടുക്കുകയും ചെയ്തതിൻ്റെ യുക്തിയെന്താണ്. ജയിച്ചെന്ന് രേഖപ്പെടുത്തിയത് സാങ്കേതികപ്പിശകെന്ന് കോളേജധികൃതർ എന്ന് ഉപതലക്കെട്ടും നൽകി. എസ്എഫ്ഐ സംസ്ഥാന സെക്രട്ടറിയായ ആർഷോ അപേക്ഷിക്കുകയോ എഴുതുകയോ ചെയ്യാത്ത പരീക്ഷയിൽ അയാൾക്ക് മാർക്കൊന്നും കിട്ടിയില്ലെങ്കിലും പാസായിരിക്കുന്നുവെന്ന വാർത്ത അസംബന്ധമാണെന്ന് സാമാന്യബുദ്ധിയുള്ളവർക്കെല്ലാമറിയാമെങ്കിലും മനോരമയ്ക്ക് അത് പ്രധാന വാർത്തയാണ്. ജൂൺ ആറിന് കാലത്ത് ആ വാർത്ത അത്ഭുതകരമായും നാടകീയമായും പൊട്ടിപ്പുറപ്പെടുകയും ഒരുമണിക്കൂറിനകംതന്നെ വാദികൾ പ്രതിയും പ്രതി വാദിയുമായി മാറിയകാര്യം മനോരമയുടെ ചാനൽതന്നെ റിപ്പോർട്ട് ചെയ്തതാണ്. ഉച്ചയ്ക്കു മുമ്പേതന്നെ ആർഷോയ്ക്കെതിരായ ആരോപണം പൊളിഞ്ഞു പാളീസായതാണ്. അത് സാങ്കേതികപ്പിശകോ ഗൂഢാലോചനയുടെ ഫലമോ എന്നതൊക്കെ പിന്നീട് വ്യക്തമാകേണ്ട കാര്യങ്ങളാണ്. രാവിലെ വിശദമായി ആരോപണം റിപ്പോർട്ട് ചെയ്ത ഒരു ചാനൽ വൈകിട്ട് വളരെ ഉത്തരവാദിത്വബോധത്തോടെ ഈ സംഭവത്തിൽ ആർഷോയുടെ ഭാഗമാണ് ശരിയെന്ന് വിലയിരുത്തിക്കൊണ്ട് എഡിറ്റോറിയൽ ചർച്ചതന്നെ നടത്തിയതാണ്. എന്നിട്ടും പിറ്റേന്നിറങ്ങിയ മനോരമയിൽ പരീക്ഷയെഴുതാതെ നേതാവ് പാസായെന്ന മുഖ്യ വാർത്തയും മുഖചിത്ര കാർട്ടൂണും.
ഇങ്ങനെയായാൽ നാളെ ഏതെങ്കിലും പ്രമുഖൻ മരിച്ചെന്ന വിവരം കിട്ടുകയും അൽപ്പനേരത്തിനുശേഷം അത് തെറ്റെന്ന വിവരം ലഭിക്കുകയും ചെയ്താൽ ചരമവാർത്തയും ജീവചരിത്രവും ഉപകഥകളും അനുശോചനവും തയ്യാറാക്കിപ്പോയത് മുകളിൽ യഥായോഗ്യം കൊടുക്കുകയും താഴെ ആൾ മരിച്ചിട്ടില്ലെന്ന് കുടുംബം എന്ന മറ്റൊരു വാർത്തകൂടി കൊടുക്കുകയും ചെയ്യുന്ന അത്യന്താധുനിക വാർത്താശൈലിയാകില്ലേ മനോരമയിൽനിന്ന് പ്രതീക്ഷിക്കേണ്ടത്. വാർത്ത അവാസ്തവമാണെന്ന് തെളിഞ്ഞോട്ടെ, ഞങ്ങൾ വാർത്തയായിത്തന്നെ കൊടുക്കുമെന്ന ധാർഷ്ട്യം. കെ വിദ്യയെന്ന മുൻ എസ്എഫ്ഐ പ്രവർത്തക ചെയ്തത് പൊറുക്കാനാകാത്ത ക്രിമിനൽ കുറ്റമാണ്. മനോരമ പക്ഷേ ജൂൺ ഏഴിൻ്റെ പത്രത്തിലൂടെ ലക്ഷങ്ങളുടെ (അത്രയും സർക്കുലേഷനാണല്ലോ അവരവകാശപ്പെടുന്നത്) വ്യാജരേഖകളാണ് ചമച്ച് വീടുകളിലെത്തിച്ച് വരിക്കാരെ കബളിപ്പിച്ചത്. വിദ്യ ശിക്ഷാർഹയാണെന്നതുപോലെ അതിൻ്റെയെത്ര മടങ്ങ് ശിക്ഷാർഹരാണ് തങ്ങളെന്ന് കണ്ണാടിനോക്കാനുള്ള ആർജവം പ്രതീക്ഷിച്ചിട്ടു കാര്യമില്ലല്ലോ. മറ്റെല്ലാം മാറ്റിവച്ചാലും പരീക്ഷയെഴുതാതെ നേതാവ് പാസായി എന്ന വാർത്തയും കാർട്ടൂണും അതിൻ്റെ വിന്യാസവും മനോരമയുടെ ചിറകിൽ പുതിയൊരു തൂവലാണ്. മുത്തച്ഛൻ്റെ അന്ത്യശാസനത്തിൻ്റെ ഓർമ. മാധ്യമചരിത്രത്തിൽ കേട്ടുകേൾവിയില്ലാത്ത ഈ നീചകൃത്യത്തിനുനേരെ കണ്ണടയ്ക്കാതെയാണ് ‘മിണ്ടും മിണ്ടും മിണ്ടിക്കളയും’ എന്ന ഇപ്പോഴത്തെ മാധ്യമസ്വാതന്ത്ര്യവാദമെങ്കിൽ അൽപ്പമെങ്കിലും ഔചിത്യമുണ്ടാകുമായിരുന്നു.