ഭുവനേശ്വര്‍: രാജ്യം കണ്ട മഹാദുരന്തമാണ് ഒഡിഷ ട്രെയിന്‍ അപകടം. മിനിറ്റുകളുടെ വ്യത്യാസത്തിലാണ് മൂന്ന് ട്രെയിനുകള്‍ കൂട്ടിയിടിച്ചത്. പൊലിഞ്ഞതാകട്ടെ 288 ജീവനുകളും, നിരവധി പേര് ഇപ്പോഴും മരണത്തിന്റെയും ജീവിതത്തിന്റെയും ഇടയില്‍ കിടന്ന് നരകിക്കുകയാണ്. ട്രെയിന്‍ ദുരന്തത്തില്‍ പെട്ടവരെ രക്ഷിക്കാനുള്ള ശ്രമങ്ങളും രാജ്യം കണ്ടതാണ്. അതില്‍ ഏറെ നടുക്കിയത് ചലനമറ്റ ദേഹങ്ങള്‍ ലോറിയിലേയ്ക്ക് വലിച്ചെറിയുന്ന ദൃശ്യങ്ങളാണ്.
അടുക്കി അടുക്കി മൃതദേഹങ്ങള്‍ വെയ്ക്കുമ്പോഴും അതില്‍ ജീവന്റെ തുടിപ്പുണ്ടോ എന്ന് പോലും നോക്കിയില്ല. ഒരിറ്റ് ജീവന് ഉള്ളവരെ പോലും വീണ്ടും ജീവിതത്തിലേയ്ക്ക് കൊണ്ടുവരാനുള്ള അവസാന ശ്രമവുമാണ് ആ മൃഗീയ നടപടിയിലൂടെ ഇല്ലാതായത്. ഇപ്പോള്‍ ആ മൃതദേഹ കൂമ്പാരത്തില്‍ നിന്നും ജീവന് തിരികെ പിടിച്ച രണ്ടുപേരുടെ നടുക്കുന്ന അനുഭവമാണ് പുറത്ത് വരുന്നത്.
10 വയസുള്ള തന്റെ സഹോദരനെ തിരികെ ലഭിച്ച മൂത്ത ജ്യേഷ്ഠനും, മരിച്ചുവെന്ന് ധരിച്ച് മോര്‍ച്ചറിയില്‍ കയറിയ പിതാവിന് തന്റെ മകനെയുമാണ് തിരിച്ചു കിട്ടിയത്. പൊടുന്നനെ ഒരു ഭീകരമായ പൊട്ടിത്തെറിയുടെ ഒച്ചകേട്ട് ഉണര്‍ന്നപ്പോഴേക്കും, കണ്ണുകളില്‍ തീപടര്‍ന്നു ആകെ പുകമറ, എന്താണ് സംഭവിച്ചതെന്ന് ഓര്‍ത്തെടുക്കാന്‍ സാധിക്കുന്നില്ല, അടുത്തിരുന്നവര്ക്കായി കൈ നീട്ടി ആരെയും ഒന്ന് തൊടാന്പോലുമായില്ലെന്ന് സ്വന്തം സഹോദരനെ വീണ്ടും ജീവിതത്തിലേയ്ക്ക് കൊണ്ടുവന്ന ജ്യേഷ്ഠന് സുഭാഷ് പറയുന്നു. ആ ഓര്‍മകള്‍ ഇപ്പോഴും സുഭാഷിന് നടുക്കമാണ്.
ഏഴ് മൃതദേഹത്തിനടിയില്‍ നിന്നാണ് തന്റെ സഹോദരനെ പുറത്തെടുത്തതെന്ന് സുഭാഷ് വെളിപ്പെടുത്തുന്നു. കൈവിരലുകളുടെ അനക്കമാണ് സഹോദരനെ തിരിച്ചു കൊണ്ടുവരാന്‍ സഹായിച്ചതെന്നും സുഭാഷ് പറയുന്നു. സമാനമാണ് മകനെ ഓര്‍ത്ത് കരഞ്ഞ അച്ഛന്റെ കണ്ണീരും. മകന് അപകടത്തില്‍പ്പെട്ടതറിഞ്ഞ് ഓടിയെത്തിയതായിരുന്നു ആ അച്ഛന്. ഒടുവില്‍ മരണപ്പെട്ടു എന്ന വാക്കും.
ശേഷം മൃതദേഹത്തിന് വേണ്ടി അലഞ്ഞു നടന്നു ആ പിതാവ്. ഒടുക്കം മോര്‍ച്ചറിയില്‍ കയറിയപ്പോള്‍ മകന്റെ ശരീരത്തില്‍ ജീവന്റെ തുടിപ്പും. സത്യത്തില്‍ 288 പേരെയും മരണത്തിലേയ്ക്ക് തള്ളിവിട്ടത് ആരാണ്…? ജീവന്റെ തുടിപ്പ് പോലും അവഗണിച്ച് മരണപ്പെട്ടവരുടെ കണക്കുകള്‍ തിട്ടപ്പെടുത്തിയവര്‍ ഓര്‍ക്കണം, അവസാന ശ്വാസം യഥാര്‍ത്ഥത്തില്‍ ആരാണ് ചവിട്ടി നിലപ്പിച്ചതെന്ന്.