കാഞ്ഞങ്ങാട് : സംസ്ഥാനത്തെ മെഡിക്കൽ കോളേജ് ആശുപത്രികളിൽ ഡിവൈഎഫ്ഐ നേതൃത്വത്തിൽ നടക്കുന്ന പൊതിച്ചോർ വിതരണപദ്ധതിയെ പ്രശംസിച്ച് മുതിർന്ന കോൺഗ്രസ് നേതാവ് രമേശ് ചെന്നിത്തല. വിദ്യാർഥി – യുവജന സംഘടനാ പ്രവർത്തനം എങ്ങനെയാകണമെന്ന് എസ്എഫ്ഐ, ഡിവൈഎഫ്ഐ പ്രവർത്തകരെ കണ്ടുപഠിക്കണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു. യൂത്ത് കോൺഗ്രസ് കാസർകോട് ജില്ലാ പ്രതിനിധി സമ്മേളനം ഉദ്ഘാടനം ചെയ്യുമ്പോഴാണ് യുവജന – വിദ്യാർഥി സംഘടനാ പ്രവർത്തനത്തിൽ ഡിവൈഎഫ്ഐയെയും എസ്എഫ്ഐയെയും മാതൃകയാക്കാൻ ചെന്നിത്തല ആവശ്യപ്പെട്ടത്.
കോവിഡ് കാലത്ത് ഡിവൈഎഫ്ഐ നടത്തിയ സന്നദ്ധ പ്രവർത്തനങ്ങളെയും ചെന്നിത്തല പ്രശംസിച്ചു. നമ്മൾ കോവിഡ് കാലത്ത് യൂത്ത് കെയർ ഉണ്ടാക്കി. പക്ഷേ, ഒരിടത്തും കെയർ മാത്രം ഉണ്ടായില്ല. അതേസമയം ഡിവൈഎഫ്ഐക്കാർ എല്ലായിടത്തും സജീവമായി ഇടപെട്ടു. വർഷങ്ങളായി ഡിവൈഎഫ്ഐ പ്രവർത്തകർ മെഡിക്കൽ കോളേജ് ഉച്ചഭക്ഷണ പൊതി വിതരണം ചെയ്തു കൊണ്ടിരിക്കുകയാണ്. നമ്മുടെയൊക്കെ വീടുകളിൽ നിന്ന് പൊതിച്ചോർ കലക്ട് ചെയ്ത് ആശുപത്രികളിൽ നൽകുന്ന പദ്ധതി അവർ നടപ്പാക്കുന്നു. കെഎസ്യു പുനസംഘടിപ്പിക്കാൻ പറ്റുന്നില്ല. ക്യാമ്പസുകളിൽ കെഎസ്യു നിർജീവമാണ്. ഡിവൈഎഫ്ഐ പ്രവർത്തകർ കോവിഡ് കാലത്ത് നടത്തിയ പ്രവർത്തനങ്ങളും ആശുപത്രികളിലെ ഭക്ഷണപ്പൊതി വിതരണവും പൊതുസമൂഹത്തിൽ നല്ല സ്വീകാര്യതയുണ്ടാക്കിയെന്നും ചെന്നിത്തല ചൂണ്ടിക്കാട്ടി.