ദേശീയ പ്രസ്ഥാനത്തിൻ്റെ ചരിത്രത്തില്‍ മറക്കാനാവാത്ത ദിനമാണ് ഏപ്രില്‍ 13. അന്നാണ് ജാലിയന്‍വാലബാഗ് ഇന്ത്യക്കാരന്റെ ഹൃദയ വികാരമായത്. ബ്രിട്ടീഷ് പട്ടാളത്തിൻ്റെ ക്രൂരതയില്‍ ആയിരക്കണക്കിന് മനുഷ്യരുടെ ചോര വീണ മണ്ണ്. റൗലത്ത് ആക്ടിനെതിരായ പ്രക്ഷോഭങ്ങളുടെ ഭാഗമായി 1919 ഏപ്രില്‍ 13 ന് അവിടെ ഒത്തുചേര്‍ന്ന ഇരുപതിനായിരത്തോളം പേര്‍ക്കുനേരെയാണ് ബ്രിട്ടീഷ് പട്ടാളം വെടിയുതിര്‍ത്തത്.
1919 ഏപ്രില്‍ ആറിന് രാജ്യവ്യാപക ഹര്‍ത്താല്‍ നടന്നിരുന്നു പഞ്ചാബില്‍ ദേശീയ പ്രസ്ഥാനത്തിന് നേതൃത്വം നല്കിയ ഡോ. സത്യപാല്‍, ഡോ. സെയ്ഫുദ്ദീന്‍ കിച്ച്ലു എന്നിവരെ സര്‍ക്കാര്‍ നാടുകടത്തി. ഇതിനെതിരെ പ്രതിഷേധിച്ച വരെ ബ്രിട്ടീഷ് സൈന്യം ആക്രമിച്ചു ഇതിൻ്റെ തുടര്‍ച്ചയായാണ് ജനങ്ങള്‍ ജാലിയന്‍ വാലബാഗില്‍ ഒത്തുചേര്‍ന്നത്. ആ പോരാളികള്‍ക്കു നേരെയാണ് ബ്രിട്ടീഷ് സൈന്യം വെടിവെപ്പു നടത്തിയത്.
അന്ന് ബൈശാഖി ദിനം ആയിരുന്നെന്നും വൈശാഖി ഉത്സവത്തിനു തടിച്ചുകൂടിയവരെ ബ്രിട്ടീഷ് പട്ടാളം വെടിവച്ച് കൊന്നെന്നുമാണ് സംഘപരിവാറുകാര്‍ ഇപ്പോള്‍ പ്രചരിപ്പിക്കുന്നത്. ചരിത്രസ്മാരകങ്ങളുടെ പേരു മാറ്റിയും ചരിത്രം തിരുത്തിയെഴുതിയും തീവ്ര ഹിന്ദുത്വവര്‍ഗീയത അടിച്ചേല്‍പ്പിക്കുന്ന കേന്ദ്ര ഭരണകൂടം ജാലിയന്‍വാല ബാഗിനെയും അപമാനിക്കുകയാണ്.
ജാലിന്വാലബാഗ് സ്മാരകം നവീകരിച്ച് പുതുക്കി പണിതപ്പോള്‍ അതിൻ്റെ ചരിത്രപരമായ അടയാളങ്ങളെല്ലാം നരേന്ദ്ര മോദി ഗവണ്മെന്റ് മായ്ച്ചു കളഞ്ഞു. സ്വാതന്ത്ര്യത്തിനു വേണ്ടിയുള്ള ജീവത്യാഗത്തിൻ്റെ സ്മരണകളിരമ്പുന്ന അവിടം ഒരു ഉദ്യാനം മാത്രമാക്കി മാറ്റി. ഫൗണ്ടനുകളും വാട്ടര്‍ ബോഡികളും ലൈറ്റ് ആന്‍ഡ് സൗണ്ട് ഷൊയും ഒക്കെയാണ് ഇപ്പോള്‍ അവിടെ.
മുസ്ലിം പേരുകളുള്ള എല്ലാ ചരിത്രസ്മാരകങ്ങളുടെയും പേര് ഹൈന്ദവവത്കരിക്കുന്ന ദൗത്യത്തിലാണ് കേന്ദ്രത്തിലും വിവിധ സംസ്ഥാനങ്ങളിലുമുള്ള ബിജെപി ഗവണ്മെന്റുകള്. റോഡുകളും പാലങ്ങളും റയില്‍വെ സ്റ്റേഷനുകളുമൊക്കെ സംഘ പരിവാര്‍ പുനര്‍നാമകരണം ചെയ്യുകയാണ്. ഇതിനൊപ്പമാണ് പാഠപുസ്തകങ്ങളുടെ വര്‍ഗീയവത്കരണ പ്രക്രിയ പൂര്‍വാധികം ശക്തിപ്പെടുത്തിയത്. മുഗള്‍ സാമ്രാജ്യവും മഹാത്മാ ഗാന്ധിയുമൊക്കെ എന്‍സിഇആര്‍ടിയുടെ പാഠപുസ്തകങ്ങളില്‍ നിന്ന് പുറത്തായിക്കഴിഞ്ഞു.
ശാസ്ത്ര സത്യങ്ങള്‍ക്കും യുക്തിചിന്തക്കും പ്രാധാന്യമുണ്ടായിരുന്ന പാഠ്യപദ്ധതിയില്‍ അന്ധവിശ്വാസവും അബദ്ധജഡിലമായ കഥകളും സ്ഥാനം പിടിക്കുകയാണ്. പാഠപുസ്തകങ്ങളിലും വര്‍ഗീയത കുത്തിച്ചെലുത്തി വിദ്യാര്‍ഥികളുടെ മനസ് വിഷലിപ്തമാക്കുന്ന കാലത്ത് ജാലിയന്‍ വാല ബാഗ് മതനിരപേക്ഷതയുടെയും സ്വാതന്ത്ര്യ ബോധത്തിന്റെയും സന്ദേശമാണ് ഉയര്‍ത്തുന്നത്. ദേശീയ പ്രസ്ഥാനത്തിൻ്റെ യഥാര്‍ത്ഥ മൂല്യങ്ങള്‍ ഉയര്‍ത്തിപ്പിടിക്കേണ്ടതിന്റെ പ്രാധാന്യം ഈ ദിനം ഓര്‍മ്മപ്പെടുത്തുന്നു.
സ്വകാര്യ ഉടമസ്ഥതയിലായിരുന്ന ജാലിയന്‍വാലാബാഗ്, കൂട്ടക്കൊല നടക്കുന്നതിനും മുമ്പേ ഒരു കാലത്ത് പൂന്തോട്ടമായിരുന്നു. മൈതാനത്തിലേക്ക് കടക്കാന്‍ ഒരു ഇടുങ്ങിയ വഴിമാത്രം. കയറാനും ഇറങ്ങാനും മറ്റ് മാര്‍ഗങ്ങള്‍ ഇല്ല. രണ്ട് വൃക്ഷങ്ങള്‍, ആഴത്തിലുള്ള കിണര്‍, ഒരു ശവകുടീരം എന്നിവയും ഈ മൈതാനത്തിൻ്റെ ഭാഗമായിരുന്നു. പ്രവേശനകവാടത്തിന് സമീപമുള്ള ഉയര്‍ന്ന തറയില്‍ നിന്നാല്‍ മൈതാനം മുഴുവന്‍ കാണാം . അവിടെയാണ് ബ്രിട്ടീഷ് പട്ടാളം കൂട്ടക്കൊല നടത്തിയത്.
ഒരു മുന്നറിയിപ്പുമില്ലാതെയായിരുന്നു വെടിവയ്പ്. പുറത്തേക്ക് പോകാന്‍ കഴിയാതെ ചിതറി ഓടുന്ന മനുഷ്യരെ ജനറല്‍ ഡയറിന്റെ ഉത്തരവനുസരിച്ച് വെടിവെച്ചു വീഴ്ത്തി. നൂറുകണക്കിന് സാധാരണക്കാര്‍ രക്തസാക്ഷികളായി. പട്ടാള മേധാവിയും വെടിവയ്പ്പിന് നേരിട്ട് നേതൃത്വം നല്കിയ റെജിനാള്‍സ് എഡ്വാര്‍ഡ് ഹാരി ഡയറും 1913 മുതല്‍ പഞ്ചാബ് ഗവര്‍ണറായിരുന്ന മൈക്കല്‍ ഒ ഡയറുമാണ് കൂട്ടക്കൊലയ്ക്ക് നേതൃത്വം നല്‍കിയത്.