തിരുവനന്തപുരം: തിരക്കേറിയ അവസരങ്ങളിൽ വിമാന കമ്പനികൾ അമിതനിരക്ക് ഈടാക്കുന്നത് നിയന്ത്രിക്കാൻ എയർലൈൻ കമ്പനികളുമായി കേന്ദ്ര സർക്കാർ ചർച്ച നടത്തണമെന്നാവശ്യപ്പെട്ട് മുഖ്യമന്ത്രി പിണറായി വിജയൻ പ്രധാനമന്ത്രി നരേന്ദ്ര മോദിക്ക് കത്തയച്ചു.
ഗൾഫ് രാജ്യങ്ങളിൽ നിന്ന് കേരളത്തിലേക്ക് ഈടാക്കുന്ന വിമാന ടിക്കറ്റ് നിരക്കിൽ കഴിഞ്ഞ രണ്ട് മാസത്തിനിടെ മൂന്നിരട്ടിയിലധികം വർധനമാണ് വരുത്തിയത്. ഉത്സവ സീസൺ, സ്കൂൾ അവധി തുടങ്ങിയ സന്ദർഭങ്ങളിൽ ടിക്കറ്റ് നിരക്ക് വർധിപ്പിക്കുന്നത് സാധാരണ യാത്രക്കാർക്ക് ബുദ്ധിമുട്ട് സൃഷ്ടിക്കുകയാണ്. മാസങ്ങളോളം വിദേശത്ത് ജോലി ചെയ്തുണ്ടാക്കുന്ന ചെറിയ സമ്പാദ്യം വിമാന ടിക്കറ്റിനായി നൽകേണ്ട അവസ്ഥയാണ് പ്രവാസി തൊഴിലാകൾക്കുണ്ടാകുന്നത്. നിരക്കുകൾ പുനഃപരിശോധിക്കണമെന്ന കേരള സർക്കാരിൻ്റെയും കുടിയേറ്റ സംഘടനകളുടെയും അഭ്യർത്ഥനകളോട് എയർലൈൻ ഓപ്പറേറ്റർമാർ ഇതുവരെ അനുകൂലമായി പ്രതികരിച്ചിട്ടില്ല.
സിവിൽ ഏവിയേഷൻ മന്ത്രാലയത്തിൻറെ അനുമതി നേടിയാൽ മാത്രമേ, വിദേശ/ഇന്ത്യൻ എയർക്രാഫ്റ്റ് ഓപ്പറേറ്റർമാർക്ക് ഗൾഫിൽ നിന്ന് ഇന്ത്യയിലേക്ക് അഡീഷണൽ/ചാർട്ടർ വിമാനങ്ങൾ ഏർപ്പെടുത്താൻ കഴിയൂ. ഗൾഫ് രാജ്യങ്ങളിലെ താഴ്ന്ന വരുമാനക്കാരായ തൊഴിലാളികൾക്ക് ഉത്സവ സീസണുകളിലും അവധിക്കാലത്തും ന്യായമായ വിമാന നിരക്കിൽ അധിക/ചാർട്ടേഡ് ഫ്ലൈറ്റുകൾ സർവീസ് നടത്താൻ കേരള സർക്കാർ തീരുമാനിച്ചിട്ടുണ്ട്.
2023 ഏപ്രിൽ രണ്ടാം വാരം മുതൽ കേരള സർക്കാർ ബുക്ക് ചെയ്യുന്ന അഡീഷണൽ/ചാർട്ടർ ഫ്ലൈറ്റ് ഓപ്പറേഷനുകൾക്ക് ആവശ്യമായ അനുമതി വേഗത്തിൽ നൽകാൻ സിവിൽ ഏവിയേഷൻ മന്ത്രാലയത്തിന് നിർദ്ദേശം നൽകണമെന്നും മുഖ്യമന്ത്രി പ്രധാനമന്ത്രിയോട് ആവശ്യപ്പെട്ടു.