തിരുവനന്തപുരം: ജനുവരി 14ന് ന്യൂഡൽഹിയിൽ ജമാഅത്തെ ഇസ്ലാമി ഹ ഉൾപ്പെടെയുള്ള ചില മുസ്ലീം സംഘടനകളുമായി നടത്തിയ രഹസ്യചർച്ചയുടെ വിശദാംശങ്ങൾ വെളിപ്പെടുത്തി ആർ എസ് എസ് ദേശീയ നിർവാഹക സമിതി അംഗം ഇന്ദ്രേഷ് കുമാർ. ആർഎസ്എസിനെ പ്രതിനിധീകരിച്ച് സഹ സർകാര്യവാഹക് ഡിആർ ഗോപാൽ കൃഷ്ണയും താനുമാണ് പങ്കെടുത്തതെന്ന് ദ ന്യൂ ഇന്ത്യർ എക്സ്പ്രസ് അഭിമുഖത്തിൽ ഇന്ദ്രേഷ് കുമാർ പറഞ്ഞു.
ലൗ ജിഹാദ്, ഇതര മതസ്ഥരെ കാഫിർ എന്ന് വിളിക്കൽ, ആരാധനാലയങ്ങൾ തകർക്കൽ, ഗോവധം തുടങ്ങിയ വിഷയങ്ങളാണ് ചർച്ചയിൽ ആർ എസ് എസ് ഉന്നയിച്ചതെന്ന് ഇന്ദ്രേഷ്കുമാർ അഭിമുഖത്തിൽ പറയുന്നു. ചർച്ച പുരോഗമിക്കുകയാണെന്നും ഇത് ജില്ലാ-സംസ്ഥാന തലങ്ങളിലേക്കും വ്യാപിപ്പിക്കുമെന്നും ഇന്ദ്രേഷ് കുമാർ പറയുന്നു.
തീവ്രവാദ കാഴ്ചപ്പാടുകൾക്ക് പേരുകേട്ട ജമാഅത്തെ ഇസ്ലാമി ഉൾപ്പെടെയുള്ള മുസ്ലീം സംഘടനകളുമായി ചർച്ച നടത്താൻ ആർഎസ്എസ് തീരുമാനിച്ചത് എന്തുകൊണ്ടാണെന്ന ചോദ്യത്തിന് ഇന്ത്യയിൽ നിരവധി മുസ്ലീം സംഘടനകളുണ്ടെന്നും ആർ എസ് എസുമായി സംഭാഷണം നടത്താൻ അവർ ആഗ്രഹിച്ചു എന്നുമായിരുന്നു വിശദീകരണം. മുസ്ലിം സംഘടനകളുടെ തെറ്റിദ്ധാരണ നീക്കാൻ മുസ്ലിം രാഷ്ട്രീയ മഞ്ച് ചർച്ച നടത്തിയിരുന്നു. അതിനുശേഷം അവർ ഈ സംഘടനകളുമായി ചർച്ചയ്ക്ക് ആർഎസ്എസിനെ ക്ഷണിക്കുകയായിരുന്നെന്നും അദിമുഖത്തിൽ പറയുന്നു. ആർഎസ്എസുമായി ദേശീയതലത്തിൽ ചർച്ച നടത്തണമെന്നായിരുന്നു അവരുടെ ആവശ്യം.
മോഹൻ ഭാഗവതും മുസ്ലീം നേതാക്കളും തമ്മിൽ ആഗസ്തിൽ നടന്ന കൂടിക്കാഴ്ച അത്തരത്തിൽ ആദ്യത്തേതായിരുന്നോ എന്ന ചോദ്യത്തിന് അല്ലെന്നായിരുന്നു മറുപടി. സുദർശൻ ആർഎസ്എസ് തലവനായിരിക്കെയാണ് ആദ്യ ചർച്ച നടന്നത്. ഇപ്പോൾ സംഭാഷണം പല രൂപത്തിലാണ് പുരോഗമിക്കുന്നത്. മോഹൻ ഭാഗവതും വൈ എസ് ഖുറേഷി, നജീബ് ജംഗ് തുടങ്ങിയ മുസ്ലീം നേതാക്കളും ഡൽഹിയിൽ നടത്തിയ കൂടിക്കാഴ്ചയെ ‘മനസ്സുകളുടെ സംഗമം’ എന്നാണ് വിശേഷിപ്പിക്കുന്നതെന്ന് ഇന്ദ്രേഷ് കുമാർ പറഞ്ഞു. കാശ്മീർ മുതൽ കേരളം വരെയും ഗുജറാത്ത് മുതൽ മണിപ്പൂർ വരെയും നൂറു സ്ഥലങ്ങളിൽ മുസ്ലീം രാഷ്ട്രീയ മഞ്ച് സംവാദങ്ങൾ സംഘടിപ്പിക്കും. മുസ്ലീം-ഹിന്ദു സമുദായങ്ങൾ തമ്മിലുള്ള അസ്വാരസ്യങ്ങൾ പരിഹരിക്കുകയാണ് ലക്ഷ്യം.
ചർച്ചയിൽ ആർഎസ്എസ് ഉന്നയിച്ച വിഷയങ്ങൾ എന്തൊക്കെയാണെന്ന ചോദ്യത്തിന് അന്യമതത്തിൽപ്പെട്ടവരെ ‘കാഫിർ’ എന്ന് വിളിക്കരുതെന്ന് ഞങ്ങൾ അവരോട് പറഞ്ഞു എന്നായിരുന്നു മറുപടി. എല്ലാവരും ഇന്ത്യയിൽ വിശ്വസിക്കുന്നവരാണ്; അതിനാൽ അവരെ ‘കാഫിർ’ എന്ന് വിളിക്കുന്നത് തെറ്റാണ്. ലോകം വിശ്വാസികളാൽ നിറഞ്ഞിരിക്കുന്നു. രണ്ടാമതായി, ബോംബ് ചുമക്കുന്ന ഒരാളെ നിങ്ങൾക്ക് എങ്ങനെ മനുഷ്യനെന്ന് വിളിക്കാൻ കഴിയുമെന്ന് ചോദിച്ചു. അവർ തീവ്രവാദികളാണ്, അവരെ അപലപിക്കേണ്ടിയിരിക്കുന്നു. അവർ മറ്റെല്ലാ മതങ്ങളെയും ബഹുമാനിക്കണമെന്നും ഞങ്ങൾ ആവശ്യപ്പെട്ടു. ലൗ ജിഹാദിലൂടെയോ മറ്റെന്തെങ്കിലും മാർഗങ്ങളിലൂടെയോ ഒരു തരത്തിലുള്ള മതപരിവർത്തനത്തിലും ഏർപ്പെടില്ലെന്ന് അവർ പ്രതിജ്ഞയെടുക്കണം. എല്ലാ മതങ്ങളെയും ബഹുമാനിക്കുക എന്നതാണ് ഇന്ത്യൻ രീതി. ഭാരത് മാതാ കീ ജയ് എന്ന മുദ്രാവാക്യം ഉപയോഗിക്കുന്നതിനെതിരെ ഇത്രയധികം വിദ്വേഷം എന്തിനാണെന് ചോദിച്ചു. എന്തുകൊണ്ടാണ് മുസ്ലീം സംഘടനകൾ ഇതിനെ എതിർക്കുന്നത്? ഗോവധ വിഷയവും ഉയർന്നു വന്നു.
ആരാധനാലയങ്ങൾ തകർക്കുന്നത് ശരിയായ നടപടിയല്ലെന്ന് തങ്ങൾ പറഞ്ഞു. അവരും ഇതേ പ്രശ്നങ്ങൾ ഉന്നയിച്ചു. പശുവിനെ കൊല്ലണമെന്ന് ഖുർആനിൽ ഒരു വരി പോലും ഇല്ലെന്ന് അവർ സമ്മതിച്ചു. പാലും നെയ്യും മനുഷ്യരാശിയുടെ സൗന്ദര്യത്തിൻ്റെയും ആരോഗ്യത്തിൻ്റെയും പ്രതീകമാണെന്ന് മുഹമ്മദ് നബി പറഞ്ഞത് ഞങ്ങൾ ചൂണ്ടിക്കാണിച്ചു. അതിനാൽ പശുവിൻ്റെ മാംസം ഒഴിവാക്കണം. മുസ്ലീങ്ങൾ മറ്റ് മതങ്ങളുടെ വിശ്വാസത്തെയും സംവേദനക്ഷമതയെയും ബഹുമാനിക്കണം. ഹിന്ദുക്കൾക്ക് പശു അമ്മയെപ്പോലെയാണ്. പിന്നെ എന്തിനാണ് അവർ ഹിന്ദുവികാരങ്ങളെ വ്രണപ്പെടുത്തുന്നത്? അതൊരു കുറ്റമാണെന്നും ഇന്ദ്രേഷ് കുമാർ പറഞ്ഞു.
ആർഎസ്എസ് – ജമാഅത്തെ ഇസ്ലാമി ചർച്ചയിൽ ഉയർന്നുവന്ന വിഷയങ്ങളുമായി ബന്ധപ്പെട്ട കാര്യങ്ങളിൽ ദുരൂഹത വർധിക്കുകയാണെന്ന് കെ ടി ജലീൽ എംഎൽഎ പറഞ്ഞു. നടന്നു എന്ന് ഇരുകൂട്ടരും സമ്മതിച്ച ചർച്ചകളിലൂടെ മാനസാന്തരം വന്നത് ജമാഅത്തെ ഇസ്ലാമിക്കോ അതോ ആർ എസ് എസ്സിനോ എന്നും കെ ടി ജലീൽ ചോദിച്ചു. ചർച്ചയിൽ ഉയർന്നുവന്ന കാര്യങ്ങൾക്ക് എന്ത് മറുപടിയാണ് ജമാഅത്തെ ഇസ്ലാമി നേതാക്കൾ നൽകിയതെന്നറിയാൻ സാധാരണ ജനങ്ങൾക്ക് താൽപര്യമുണ്ടെന്നും ജലീൽ ഫേസ്ബുക് പോസ്റ്റിൽ പറഞ്ഞു.
ഫേസ്ബുക് പോസ്റ്റിൽ നിന്ന് :
കൂടിക്കാഴ്ച വിവാദമായതിനെ തുടർന്ന് ജമാത്തത്തെ ഇസ്ലാമി അഖിലേന്ത്യാ സെക്രട്ടറി ടി ആരിഫലി സാഹിബ് മുഖപുസ്തകത്തിൽ ചില വിശദീകരണങ്ങൾ നൽകിയിരുന്നു. അതിൻ്റെ തുടർച്ചയെന്നോണം ചർച്ചയിൽ പങ്കെടുത്ത ആർ.എസ്.എസ് ദേശീയ നിർവ്വഹക സമിതി അംഗം ഇന്ദ്രേഷ് കുമാറിൻ്റെ അഭിമുഖം 15.2.2023 ന് “ന്യു ഇൻഡ്യൻ എക്സ്പ്രസ്സിൽ” അച്ചടിച്ചു വന്നിട്ടുണ്ട്. അതിൻ്റെ രത്നച്ചുരുക്കം താഴെ പറയും പ്രകാരമാണ്.
“2023 ജനുവരി 14 നാണ് ജമാഅത്തെ ഇസ്ലാമി നേതാക്കളുമായി ന്യൂഡൽഹിയിൽ വെച്ച് അടച്ചിട്ട മുറിയിൽ കൂടിക്കാഴ്ച നടന്നത്. ആർ.എസ്.എസ് സഹ സർകാര്യവാഹക് ഡോ: ഗോപാൽകൃഷ്ണയും കൂടിക്കാഴ്ചയിൽ പങ്കെടുത്തു. ജമാഅത്തെ ഇസ്ലാമി നേതാക്കളോട് ആർ.എസ്.എസ് പങ്കുവെച്ച കാര്യങ്ങൾ ഇങ്ങിനെ സംഗ്രഹിക്കാം:
1) എല്ലാവരും വിശ്വാസികളായിരിക്കെ എന്തിനാണ് മുസ്ലിങ്ങൾ മറ്റു മതസ്ഥരെ “കാഫിർ”അഥവാ മതനിഷേധി എന്ന് വിളിക്കുന്നത്?
2) ബോംബ് കൊണ്ട് നടക്കുന്നവർ ഭീകരവാദികളായിരിക്കെ എങ്ങിനെയാണ് മുസ്ലിങ്ങൾ അവരെ “മനുഷ്യർ” എന്ന് വിളിക്കുക?
3) ”ലൗ ജിഹാദ്”വഴിയോ മറ്റു മാർഗ്ഗേണയോ ഇതര മതസ്ഥരെ മത പരിവർത്തനം ചെയ്യില്ലെന്ന് മുസ്ലിങ്ങൾ പ്രതിജ്ഞയെടുക്കണം.
4) “ഭാരത് മാതാകീ ജയ്” എന്ന് വിളിക്കുന്നതിനെ മുസ്ലിം സംഘടനകൾ എന്തിനാണ് എതിർക്കുന്നത്?
5) ഹിന്ദുക്കർ “ഗോ മാതാവായി” കാണുന്ന പശുവിനെ മുസ്ലിങ്ങൾ അറുത്ത് ഭക്ഷിക്കുന്നത് ഒഴിവാക്കണം.
6) ഖുർആനിൽ ഒരിടത്തും പശുവിനെ അറുത്ത് തിന്നാൻ പറഞ്ഞിട്ടില്ലെന്ന് ജമാഅത്തെ ഇസ്ലാമി നേതാക്കൾ ഉൾപ്പടെയുള്ളവർ പറഞ്ഞു. പ്രവാചകൻ മുഹമ്മദ് നബി പാലും വെണ്ണയും മനുഷ്യൻ്റെ സൗന്ദര്യവും ആരോഗ്യവും വർധിപ്പിക്കുമെന്ന് ചൂണ്ടിക്കാണിച്ച കാര്യം ഞാനും (ഇന്ദേഷ് കുമാർ) അവരുടെ ശ്രദ്ധയിൽ പെടുത്തി”.
മേൽപ്പറഞ്ഞ കാര്യങ്ങൾക്ക് എന്ത് മറുപടിയാണ് ജമാഅത്തെ ഇസ്ലാമി നേതാക്കൾ നൽകിയതെന്നറിയാൻ സാധാരണ ജനങ്ങൾക്ക് താൽപര്യമുണ്ട്. ഹിറാ സെൻ്റെറിലെ അടുക്കളക്കാര്യങ്ങളല്ല ചർച്ചയിൽ വിഷയമായതെന്ന് അർ.എസ്.എസ് നേതാവിൻ്റെ അഭിപ്രായ പ്രകടനത്തിൽ വ്യക്തമാണ്.
നാട്ടിൽ ഒരു പട്ടി ചത്താൽ അതിൻ്റെ “ഇസ്ലാമിക പരിപ്രേക്ഷ്യം” നെടുനീളൻ ലേഖനമായി തൊട്ടടുത്ത ദിവസം എഴുതി പ്രസിദ്ധീകരിക്കാറുള്ള “ഇസ്ലാമിക് ബുജീവികൾ” എന്തേ ആർ.എസ്.എസ് പ്രകടിപ്പിച്ച തെറ്റിദ്ധാരണയിൽ നിന്ന് ഉൽഭൂതമായ ചോദ്യങ്ങളെ കുറിച്ചും അവക്ക് നേതാക്കൾ നൽകിയ “സുവ്യക്ത” മറുപടികളെ കുറിച്ചും ഒരക്ഷരം ഉരിയാടാതിരുന്നത്?
നടന്നു എന്ന് ഇരുകൂട്ടരും സമ്മതിച്ച ചർച്ചകൾ പിന്നിടുമ്പോൾ മാനസാന്തരം വന്നത് ആർക്കാണ്? ജമാഅത്തെ ഇസ്ലാമിക്കോ അതോ ആർ.എസ്.എസ്സിനോ?