തിരുവനന്തപുരം: ആർഎസ്എസ് നേതൃത്വവുമായി ജമാഅത്തെ ഇസ്ലാമി നേതൃത്വം രഹസ്യ ചർച്ച നടത്തി. അടച്ചിട്ട മുറിയിൽ ചർച്ച നടത്തിയെന്ന് സമ്മതിച്ച് ജമാഅത്തെ ഇസ്ലാമി. ജനുവരി 14ന് ന്യൂഡൽഹിയിൽ വെച്ചായിരുന്നു രഹസ്യ ചർച്ചയെന്ന് ജമാഅത്തെ ഇസ്ലാമി ജനറൽ സെക്രട്ടറിയും കേരള മുൻ അമീറുമായ ടി ആരിഫ് അലി സമ്മതിച്ചു. “ദി ന്യൂ ഇന്ത്യൻ എക്സ്പ്രസി’ന് നൽകിയ അഭിമുഖത്തിലാണ് ആരിഫലിയുടെ വെളിപ്പെടുത്തൽ.
ചർച്ച ഇനിയും തുടരുമെന്നും നിലവിൽ നടന്നത് പ്രാഥമിക ചർച്ചയാണെന്നും ജമാഅത്തെ ജനറൽ സെക്രട്ടറി വ്യക്തമാക്കി.
മുൻ തെരഞ്ഞെടുപ്പ് കമീഷണർ എസ് വൈ ഖുറേഷിയാണ് ചർച്ചയുടെ ഇടനിലക്കാരനെന്ന് ആരിഫലി വെളിപ്പെടുത്തുന്നു. 2022 ആഗസ്തിൽ ഖുറേഷിയും മുൻ ഡൽഹി ലഫ്റ്റണന്റ് ഗവർണർ നജീബ് ജംഗ്, ഷാഹിസ് സിദ്ദിഖി, സയ്യിദ് ഷെർവാണി എന്നിവരും ആർ എസ് എസ് തലവൻ മോഹൻ ഭാഗവതിനെ കണ്ടെന്നും ഇതിൻ്റെ തുടർച്ചയായാണ് ആർ എസ് എസ് – ജമാഅത്തെ നേതാക്കൾ ചർച്ച നടത്തിയതെന്നും അഭിമുഖത്തിൽ പറയുന്നു. കൂടുതൽ ചർച്ചകൾക്കായി ആർ എസ് എസ് നാലംഗ സംഘത്തെ നിയോഗിച്ചതായും ആരിഫ് അലി പറഞ്ഞു.
ആർഎസ്എസിനെ എതിർക്കുവെന്ന് അവകാശപ്പെടുന്ന ജമാഅത്തെ ഇസ്ലാമിയുടെ കാപട്യമാണ് ഇതിലൂടെ പുറഞ്ഞു വരുന്നത്.
ജമാഅത്തെ ഇസ്ലാമി അഖിലേന്ത്യാ നേതൃത്വമാണ് ചർച്ചയിൽ പങ്കെടുക്കാനുള്ള തീരുമാനം കൈക്കൊണ്ടതെന്ന് ആരിഫ് അലി പറഞ്ഞു. ചർച്ചകൾ തുടരും. രണ്ടാം നിര നേതാക്കളുമായാണ് പ്രാഥമിക ചർച്ച നടന്നത്. ഉന്നതതല നേതാക്കൾ തമ്മിലുള്ള ചർച്ച പിന്നീട് നടക്കും. ആർഎസ്എസുമായി ചർച്ച ചെയ്യുന്ന കാര്യം താഴെത്തട്ടിലെ അണികളെ അറിയിക്കുകയും ചെയ്തിരുന്നു. കേന്ദ്ര സർക്കാറിനെ നയിക്കുന്ന ഒരു സംഘടനയുമായി ചർച്ച നടത്തരുത് എന്ന നിലപാട് സ്വീകരിക്കുന്നത് ബുദ്ധിപരമല്ലെന്നാണ് ആരിഫലിയുടെ ന്യായീകരണം. ഈ ചർച്ചയിലൂടെ ആർഎസ്എസാണ് കേന്ദ്ര സർക്കാറിനെ നയിക്കുന്നതെന്ന് തെളിഞ്ഞു. സമൂഹത്തിലെ ഏതെങ്കിലും വിഭാഗവുമായി ഇടപഴകുന്നതിൽ ഒരു തരത്തിലുള്ള പ്രതിബന്ധവും ഉണ്ടാകരുതെന്ന നിലപാടുള്ളവരും ചർച്ചയിൽ വിശ്വസിക്കുന്നവരുമാണ് തങ്ങൾ.
ചർച്ചയിൽ ആർഎസ്എസ് പ്രധാനമായും ഉയർത്തിയത് കാശി, മഥുര, മസ്ജിദ് വിഷയങ്ങളാണ്. വിശ്വാസത്തിൻ്റെ പ്രശ്നമാണ് ഇവയെന്നതായിരുന്നു ആർഎസ്എസ് നിലപാട്. ഇക്കാര്യത്തിൽ തങ്ങൾക്ക് അഭിപ്രായം പറയാൻ സാധിക്കില്ലെന്ന് മറുപടി പറഞ്ഞു. കേരളത്തിൽ നിന്ന് മറ്റ് സംഘടനകളൊന്നും ആർഎസ്എസുമായുള്ള ചർച്ചയിൽ പങ്കെടുത്തിട്ടില്ല.
ഖുറേഷി ഞങ്ങളെ ബന്ധപ്പെടുകയും സഹകരിക്കാൻ ആവശ്യപ്പെടുകയും ചെയ്തു. മറ്റ് മുസ്ലീം സംഘടനകളുമായും അദ്ദേഹം സംസാരിച്ചു. എന്നാൽ സംഭാഷണം തുല്യ തലത്തിലായിരിക്കണമെന്നും അതിന് ഘടനയുണ്ടാകണമെന്നും സുതാര്യമായിരിക്കണം എന്നും തങ്ങൾ വ്യക്തമാക്കിയിരുന്നു. മാത്രമല്ല, മറ്റൊരാൾ പറയുന്നത് കേൾക്കാൻ രണ്ട് പാർട്ടികളും സമ്മതിക്കണം. ചർച്ചക്കൊടുവിൽ യുക്തിസഹമായ ഒരു നിഗമനം വേണമെന്നും തങ്ങൾ നിർബന്ധിച്ചു. ഇക്കാര്യങ്ങളിലെല്ലാം ഖുറേഷി ഉറപ്പ് നൽകിയിരുന്നു.
ജമാഅത്തെ ഇസ്ലാമി സംഭാഷണത്തിൽ വിശ്വസിക്കുന്നതായും സമൂഹത്തിലെ ഒരു വിഭാഗവുമായും ഇടപഴകുന്നതിൽ ഒരു തടസ്സവും തോന്നിയിട്ടില്ലെന്നും ആരിഫ് അലി ന്യായീകരിച്ചു. മുസ്ലീം സംഘടനകളുമായുള്ള ചർച്ചയിലൂടെ കേന്ദ്രസർക്കാരിനെ നിയന്ത്രിക്കുന്നത് തങ്ങളാണെന്ന് ആർ എസ് എസ് തെളിയിച്ചിരിക്കുകയാണ്. ചർച്ച വ്യക്തിപരവും സംഘടനാപരവുമായ താൽപ്പര്യങ്ങളെ അടിസ്ഥാനമാക്കിയുള്ളതായിരിക്കരുത് എന്ന നിലപാടിൽ ഉറച്ചു നിന്നതായും ചർച്ച ഇന്ത്യൻ പൊതുതാൽപ്പര്യത്തിന് വിരുദ്ധമാണെങ്കിൽപിന്മാറാൻ തീരുമാനിച്ചതായും ആരിഫ് അലി അവകാശപ്പെടുന്നു.
ആർ എസ് എസുമായി ചർച്ച നടത്തിയതു കൊണ്ട് സമൂഹത്തിലും കേരളത്തിലും തിരിച്ചടി ഉണ്ടാകില്ലെന്നും ജമാഅത്തെ ഇസ്ലാമി വ്യക്തമായ പരിപാടികളുള്ള സംഘടനയാണെന്നും അഭിമുഖത്തിൽ പറയുന്നു. യോഗത്തിൽ സ്വീകരിക്കേണ്ട നിലപാട് ഉന്നതതലത്തിൽ ചർച്ച ചെയ്തിരുന്നു. അണികളെ നിലപാട് അറിയിക്കുകയും ചെയ്തു. കേന്ദ്ര സർക്കാരിനെ നയിക്കുന്ന സംഘടനയുമായി സംസാരിക്കില്ല എന്ന നിലപാട് സ്വീകരിക്കുന്നത് ബുദ്ധിയല്ലെന്നും ജമാഅത്തെ ഇസ്ലാമി ജനറൽ സെക്രട്ടറി പറയുന്നു.
ഒരു മാസം മുമ്പു നടന്ന ചർച്ചയുടെ വിവരം ജമാഅത്തെ ഇസ്ലാമി രഹസ്യമാക്കി വെച്ചിരിക്കുകയായിരുന്നു.
ചർച്ചയുടെ വിശദാംശങ്ങൾ വെളിപ്പെടുത്തണമെന്ന് ആവശ്യമുയർന്നു. രാജ്യത്ത് പല സംസ്ഥാനങ്ങളിലും ന്യൂനപക്ഷങ്ങൾക്കെതിരെ സംഘപരിവാർ ആക്രമണം കടുപ്പിച്ച അതിഗുരുതരമായ സാഹചര്യത്തിലാണ് ജമാഅത്തെ നേതാക്കൾ ആർ എസ് എസ് ക്ഷണം സ്വീകരിച്ച് ചർച്ചക്ക് പോയതും ചർച്ചയെ ന്യായീകരിക്കുന്നതും.