തിരുവനന്തപുരം: ബിബിസി ഡോക്യുമെന്ററിക്കെതിരെ കെപിസിസി സോഷ്യൽ മീഡിയ ചീഫ് കോർഡിനേറ്ററും എ കെ ആന്റണിയുടെ മകനുമായ അനിൽ ആന്റണി. ഡോക്യുമെന്ററി രാജ്യത്തിൻ്റെ പരമാധികാരത്തെ തകർക്കുന്നതാണെന്നും ബിബിസിയുടെ നിലപാട് മുൻവിധിയോടുള്ളതെന്നും അനിൽ ആന്റണി പറഞ്ഞു. ജാക്ക് സ്ട്രോയുടേത് അപകടകരമായ നടപടിയെന്നും അനിൽ ആന്റണി ട്വീറ്റ് ചെയ്തു.
ഗുജറാത്ത് വംശഹത്യയിൽ നരേന്ദ്ര മോദിയുടെ പങ്ക് തുറന്നുകാട്ടുന്ന ഡോക്യുമെന്ററി ഇന്ത്യയിൽ പ്രദർശിപ്പിക്കുന്നത് കേന്ദ്ര സർക്കാർ നിരോധിച്ചിരിക്കുകയാണ്. നിരോധനത്തിനെതിരെ രാജ്യവ്യാപകപ്രതിഷേധം ഉയരുന്നതിനിടയിലാണ് ബിജെപി നിലപാടിന് പിന്തുണയുമായി അനിൽ ആന്റണി രംഗത്തുവന്നത്.
അതേസമയം ബിബിസി ഡോക്യുമെന്ററി രാജ്യത്തുടനീളം പ്രദർശിപ്പിക്കുമെന്ന് ഡിവൈഎഫ്ഐ അറിയിച്ചു. സത്യം എത്ര മൂടിവെക്കാൻ ശ്രമിച്ചാലും ജനങ്ങൾക്ക് മുന്നിൽ തുറന്ന് കാണിക്കും. പ്രദർശനം രാജ്യവിരുദ്ധ പ്രവർത്തനമായി കാണേണ്ടതില്ല. ഡോക്യുമെന്ററിയിൽ മതവിദ്വേഷം ഉണ്ടാക്കുന്ന തരത്തിൽ ഒന്നുമില്ലെന്നും ഡിവൈഎഫ്ഐ സംസ്ഥാന സെക്രട്ടറി വി കെ സനോജ് പറഞ്ഞു.