തിരുവനന്തപുരം: പ്രധാനമന്ത്രി നരേന്ദ്ര മോദിയെക്കുറിച്ചുള്ള ബിബിസിയുടെ ഡോക്യുമെന്ററി “ഇന്ത്യ: ദി മോദി ക്വസ്റ്റ്യൻ” കേരളത്തിൽ പ്രദർശിപ്പിക്കുന്നതിനെതിരെ പരാതിയുമായി ബിജെപി സംസ്ഥാന പ്രസിഡന്റ് കെ സുരേന്ദ്രൻ. പ്രദർശനത്തിന് അനുമതി നൽകരുതെന്ന് ആവശ്യപ്പെട്ട് സുരേന്ദ്രൻ മുഖ്യമന്ത്രിക്ക് പരാതി നൽകി.
ഗുജറാത്ത് വംശഹത്യയിൽ നരേന്ദ്ര മോദിയുടെ പങ്ക് വെളിപ്പെടുത്തിയുള്ളതായിരുന്നു ഡോക്യുമെൻററിയുടെ ആദ്യഭാഗം. ആദ്യഭാഗത്തിൻ്റെ യു ട്യൂബ്, ട്വിറ്റർ ലിങ്കുകൾ നീക്കം ചെയ്യാൻ കേന്ദ്രം നിർദേശിച്ചിരുന്നു. അധികാരം നിലനിർത്താൻ നരേന്ദ്രമോദി സർക്കാർ സ്വീകരിച്ച മുസ്ലീം വിരുദ്ധ നിലപാടുകളെ കുറിച്ചാണ് രണ്ടാംഭാഗം എന്ന് ബിബിസി വ്യക്തമാക്കിയിരുന്നു.
അതേസമയം ബിബിസിയുടെ ഡോക്യുമെന്ററി രാജ്യത്തുടനീളം പ്രദർശിപ്പിക്കുമെന്ന് ഡിവൈഎഫ്ഐ അറിയിച്ചു. സത്യം എത്ര മൂടിവെക്കാൻ ശ്രമിച്ചാലും ജനങ്ങൾക്ക് മുന്നിൽ തുറന്ന് കാണിക്കും. പ്രദർശിപ്പിക്കുന്നത് രാജ്യ വിരുദ്ധ പ്രവർത്തനമായി കാണേണ്ടതില്ല. ഡോക്യുമെന്ററിയിൽ മതവിദ്വേഷം ഉണ്ടാക്കുന്ന തരത്തിൽ ഒന്നുമില്ലെന്നും ഡിവൈഎഫ്ഐ സംസ്ഥാന സെക്രട്ടറി വി കെ സനോജ് പറഞ്ഞു.
‘ഇന്ത്യ: ദി മോദി ക്വസ്റ്റ്യൻ’ സാമൂഹ്യമാധ്യമങ്ങളിൽ പ്രചരിപ്പിക്കുന്നത് കേന്ദ്രസർക്കാർ നിരോധിച്ചതിനു പിന്നാലെ കേരളത്തിലെ ക്യാമ്പസുകളിൽ പ്രദർശിപ്പിക്കുമെന്ന് എസ് എഫ് ഐയും ആഹ്വാനം ചെയ്തിരുന്നു. ജെ എൻ യു യൂണിവേഴ്സിറ്റിയിലും യൂണിയൻ്റെ നേതൃത്വത്തിൽ ഡോക്യുമെന്ററി പ്രദർശിപ്പിക്കുന്നുണ്ട്. അതേസമയം ഡോക്യുമെന്ററി പ്രദർശിപ്പിച്ചാൽ കർശന അച്ചടക്ക നടപടി സ്വീകരിക്കുമെന്ന് ജെ എൻ യു അധികൃതർ വ്യക്തമാക്കിയിരുന്നു.