ഇന്ത്യയെ മത റിപ്പബ്ലിക്കാക്കി മാറ്റാൻ ആർഎസ്എസ് ശ്രമിക്കുകയാണെന്ന് സിപിഎം സംസ്ഥാന സെക്രട്ടറിയറ്റംഗം എം സ്വരാജ്. മതനിരപേക്ഷ ഇന്ത്യയെ സംരക്ഷിക്കാൻ ജനകീയ മുന്നേറ്റം ഉയരേണ്ടത് കാലത്തിൻ്റെ ആവശ്യമാണ്. വിശ്വാസിയയെയും അവിശ്വാസിയെയും എന്നുവേണ്ട എല്ലാവരെയും ചേർത്തുപിടിക്കുന്ന ഭരണഘടനയുള്ള രാജ്യം ഇന്നുനേരിടുന്ന പ്രധാന വെല്ലുവിളിയാണ് ആർഎസ്എസെന്നും അദ്ദേഹം പറഞ്ഞു.
ഇന്ത്യ നാളെയും ഇങ്ങനെ തുടരുമോയെന്ന ചോദ്യം ഉയരുന്നു. ഇന്ത്യ സ്വതന്ത്രമാകും മുമ്പ് തന്നെ മതനിരപേക്ഷ നിലപാടായിരുന്നു പൊതുവേ സ്വീകരിക്കപ്പെട്ടതെന്ന് കാണാൻ കഴിയും. ഭരിക്കുന്നവൻ്റെയും ഭരിക്കപ്പെടുന്നവൻ്റെയും മതം പ്രശ്നമായിരുന്നില്ല. ക്രിസ്തുവർഷത്തിലാണ് അശോകചക്രവർത്തി മതം മാറിയത്. അത് അദ്ദേഹത്തിൻ്റെ സ്വകാര്യതയായി മാത്രമേ പ്രജകൾ കരുതിയിരുന്നുള്ളൂ. അസ്വസ്ഥതകൾ എങ്ങും ഉയർന്നില്ല. പതിറ്റാണ്ടുകൾ ബ്രിട്ടീഷുകാർ ഇന്ത്യ ഭരിച്ചപ്പോൾ അവരുടെ മതം പറഞ്ഞ് ഒരിടത്തും ഒരുസമരവും നടന്നിട്ടില്ല. വിദേശരാജ്യങ്ങളുടെ ഭരണഘടനയിലെ മൂല്യങ്ങൾ എല്ലാം സ്വീകരിച്ചാണ് ഇന്ത്യൻ ഭരണഘടന രൂപീകരിച്ചത്. ഫെഡറലിസം, തെരഞ്ഞെടുപ്പ്, സമത്വം, കോടതി, ഭേദഗതി, അടിസ്ഥാനമൂല്യം, ജനാധിപത്യം എന്നിവ വിവിധ രാജ്യങ്ങളിലെ ഭരണഘടനയിൽനിന്ന് സാംശീകരിച്ച് എടുത്തതാണ്. ഗവർണർ എന്നപദം പോലും വിദേശമാണ്.
വിദേശ തത്വശാസ്ത്രമാണ് കേരളം ഭരിക്കുന്നതെന്ന് കഴിഞ്ഞദിവസം ഗവർണർ ആരിഫ് ഖാൻ പറഞ്ഞത് ആർഎസ്എസ് നേതാവ് ഗോൾവാൾക്കറിൻ്റെ വിചാരധാരയിലെ പരാമർശവുമായി കൂട്ടിവായിക്കേണ്ടതാണ്. സ്വാതന്ത്ര്യസമരത്തിൽ പങ്കെടുത്ത് യുവാക്കൾ ഊർജം കളയരുതെന്നും വൈദേശികമായി ഇന്ത്യയിലെത്തിയ ഇസ്ലാം, ക്രിസ്ത്യൻ, കമ്യൂണിസ്റ്റുകൾക്കെതിരായ പോരാട്ടത്തിന് അവ കരുതണമെന്നുമായിരുന്നു ഗോൾവാൾക്കറുടെ ആഹ്വാനം എന്നും സ്വരാജ് പറഞ്ഞു.
ഗവർണറാകാൻ സ്ഥിരബുദ്ധി വേണമെന്ന് ഭരണഘടനയിലില്ല; ആരിഫ് മുഹമ്മദ് ഖാനെതിരെ പരിഹാസവുമായി എം സ്വരാജ്.