സിപിഎം നേതാവ് ആനാവൂർ നാരായണൻ വധക്കേസിൽ ജീവപര്യന്തം തടവിന് ശിക്ഷിക്കപ്പെട്ട കെഎസ്ആർടിസി ജീവനക്കാരനെ സസ്പെൻഡ് ചെയ്തു. കെഎസ്ആർടിസി തിരുവനന്തപുരം സെൻട്രലിലെ ഇൻസ്പെക്ടർ ആയ കെ.എൽ രാജേഷിനെയാണ് സസ്പെൻഡ് ചെയ്തത്. കോർപ്പറേഷൻ സിഎംഡി ബിജു പ്രഭാകർ ഐഎസിന്റേതാണ് നടപടി. സർക്കാർ ജീവനക്കാരൻ ആയിരിക്കെ ക്രിമിനൽ കേസിൽ പ്രതിയായി കോടതി കുറ്റക്കാരനാണെന്ന് കണ്ടെത്തി റിമാൻഡ് ചെയ്യപ്പെട്ട സാഹചര്യത്തിലാണ് സസ്പെൻഷനെന്ന് സസ്പെൻഷൻ ഉത്തരവിൽ പറയുന്നു.
കെഎസ്ആർടിസിയുടെ സൽപേരിന് കളങ്കം വരുത്തുകയും, കോർപ്പറേഷൻ്റെ പ്രതിച്ഛായക്ക് മങ്ങലേൽപ്പിക്കുയും ചെയ്ത പ്രവർത്തി ഗുരുതരമായ സ്വഭാവദൂഷ്യവും, ചട്ടലംഘനവും, അച്ചടക്കലംഘനവുമാണെന്ന് കണ്ടെത്തിയതിനെ തുടർന്നാണ് നടപടി. വിദഗ്ദ്ധ നിയമോപദേശത്തിൻ്റെ അടിസ്ഥാനത്തിൽ രാജേഷിനെതിരെ മേൽനടപടികളുണ്ടാകുമെന്ന് ഉത്തരവിലുണ്ട്. സിപിഎം നേതാവായ ആനാവൂർ നാരായണൻ നായർ വധിച്ച കേസിലെ ഒന്നാം പ്രതിയും കെഎസ്ആർടിസിയിലെ ബിഎംഎസ് യൂണിയൻ സംസ്ഥാന ജനറൽ സെക്രട്ടറിയുമാണ് രാജേഷ്.
സിപിഎം നേതാവ് ആനാവൂർ നാരായണൻ നായർ വധകേസിൽ, ആർഎസ്എസുകാരായ 11 പ്രതികൾക്കും കഴിഞ്ഞ തിങ്കളാഴ്ച കോടതി ജീവപര്യന്തം തടവ് ശിക്ഷ വിധിച്ചിരുന്നു. മൂന്ന് പ്രതികൾ ഒരു ലക്ഷം രൂപ വീതം പിഴയൊടുക്കണം. ഒന്നാം പ്രതി രാജേഷ്, രണ്ടാം പ്രതി അനിൽ നാലാം പ്രതി ഗിരീഷ് കുമാർ എന്നിവർക്കാണ് ഒരു ലക്ഷം പിഴ വിധിച്ചത്. നെയ്യാറ്റിൻകര സെഷൻസ് കോടതിയുടേതാണ് വിധി. ജഡ്ജി കവിത ഗംഗാധരനാണ് ശിക്ഷ വിധിച്ചത്. മുഴുവൻ പ്രതികൾക്കും ജീവപര്യന്തം ശിക്ഷ വിധിക്കുന്നത് അത്യപൂർവമാണ്.