ലോക ജനസംഖ്യ ഇന്ന് 800 കോടിയിലേക്കുയരും. ഐക്യരാഷ്ട്ര സഭയുടെ 2022-ലെ ജനസംഖ്യാ റിപ്പോർട്ടിൻ്റെ അടിസ്ഥാനത്തിലാണ് നവംബർ 15-ന് ലോകജനസംഖ്യ 800 കോടിയാകുമെന്ന് പ്രതീക്ഷിക്കുന്നത്. ഏറ്റവും പുതിയ യുഎൻ പ്രവചനങ്ങൾ സൂചിപ്പിക്കുന്നത് ആഗോള ജനസംഖ്യ 2030 ൽ ഏകദേശം 8.5 ബില്യണിലേക്കും, 2050 ൽ 9.7 ബില്യണിലേക്കും 2100 ൽ 10.4 ബില്യണിലേക്കും വളരുമെന്നാണ്. ഒരു വർഷം കൂടി കഴിഞ്ഞാൽ ഇന്ത്യയാവും ലോക ജനതയുടെ കാര്യത്തിൽ ഒന്നാമത് എത്തുകയെന്നും റിപ്പോർട്ടിൽ പറയുന്നു.
2020-ൽ ലോക ജനസംഖ്യാവളർച്ച ഒരു ശതമാനത്തിൽ താഴെയായി എന്നാണ് കണക്കുകൾ. 1950-ന് ശേഷം ആദ്യമായാണ് ലോകജനസംഖ്യവളർച്ച ഒരു ശതമാനത്തിന് താഴെ എത്തുന്നത്. 2030-ൽ ലോകജനസംഖ്യ 850 കോടിയും 2050-ൽ 970 കോടിയുമെത്തിയേക്കുമെന്നാണ് കണക്കുകൾ സൂചിപ്പിക്കുന്നത്. 2050 വരെയുള്ള ജനസംഖ്യാവളർച്ചാ അനുമാനത്തിൽ പകുതിയും ഇന്ത്യ, ഈജിപ്ത്, കോംഗോ, എതോപ്യ, നൈജീരിയ, പാകിസ്താൻ, ഫിലിപ്പീൻസ്, ടാൻസാനിയ എന്നീ രാജ്യങ്ങൾ കേന്ദ്രീകരിച്ചായിരിക്കും. 2080-കളിൽ ലോകജനസംഖ്യ ഉയർന്ന് 1040 കോടിയിലെത്താനാണ് സാധ്യത.
145.2 കോടി ജനങ്ങളുള്ള ചൈനയാണ് ജനസംഖ്യയിൽ ഒന്നാം സ്ഥാനത്ത്. 141.2 കോടിയുമായി ഇന്ത്യ തൊട്ടുപിന്നാലെയുണ്ട്. അതേസമയം 2023ൽ ഇന്ത്യ, ചൈനയെ മറികടന്ന് ലോകത്തിലെ ഏറ്റവും ജനസംഖ്യയുള്ള രാജ്യമായി മാറുമെന്നും യുഎൻ വ്യക്തമാക്കുന്നു. ആഗോള ജനസംഖ്യ 700 കോടിയിൽ നിന്ന് 800 കോടിയിലേക്ക് എത്താൻ 12 വർഷമെടുത്തപ്പോൾ അത് 900 കോടിയിലേക്കെത്താൻ ഏകദേശം 15 വർഷത്തോളമെടുക്കുമെന്നും ഐക്യരാഷ്ട്രസഭ വ്യക്തമാക്കുന്നു. ഇത് ആഗോള ജനസംഖ്യയുടെ മൊത്തത്തിലുള്ള വളർച്ച നിരക്ക് കുറയുന്നു എന്നതിൻ്റെ സൂചനയാണെന്നും വേൾഡ് പോപ്പുലേഷൻ പ്രോസ്പെക്ട് റിപ്പോർട്ടിൽ വ്യക്തമാക്കുന്നു.