ന്യൂഡൽഹി: കെ.പി.സി.സി അധ്യക്ഷൻ കെ.സുധാകരൻ ആർ.എസ്.എസ് അനൂകൂല പ്രസ്താവനകളിൽ ഹൈക്കമാൻഡിന് അതൃപ്തി. സുധാകരൻ്റെ ആർഎസ്എസ് അനുകൂല പ്രസ്താവനകൾ എതിരാളികൾ ആയുധമാകുമെന്നാണ് ഹൈക്കമാൻഡിൻ്റെ വിലയിരുത്തൽ. കെ.പി.സി.സി അധ്യക്ഷ സ്ഥാനം ഒരു വട്ടം കൂടി സുധാകരന് നൽകുന്ന കാര്യത്തിൽ ഹൈക്കമാൻഡ് പുനരാലോചന നടത്തിയേക്കും.
സുധാകരൻ്റെ ആർഎസ്എസ് അനുകൂല പ്രസ്താവനകളിൽ യുഡിഎഫിൽ ഭിന്നത രൂക്ഷമായ സാഹചര്യത്തിൽ ഘടകക്ഷി നേതാക്കളും ഹൈക്കമാൻഡിനെ അതൃപ്തി അറിയിച്ചതായാണ് സൂചന. മുസ്ലിം ലീഗ് നേതാക്കൾ അടക്കം പരസ്യമായി സുധാകരൻ്റെ പ്രസ്താവനകളെ തള്ളി പറഞ്ഞിരുന്നു. കെ.പി.സി.സി അധ്യക്ഷൻ തന്നെ ഇത്തരത്തിൽ പ്രസ്താവനകൾ നടത്തുന്നത് ദേശീയ തലത്തിൽ തന്നെ തിരിച്ചടിയാകുമെന്നാണ് പാർട്ടി നേതൃത്വം വിലയിരുത്തുന്നത്.
ആർ.എസ്.എസ് ശാഖകൾക്ക് സംരക്ഷണമൊരുക്കാൻ താൻ ആളെ വിട്ടിരുന്നു എന്നാണ് എം.വി.ആർ അനുസ്മരണത്തിൽ സുധാകരൻ പറഞ്ഞത്.