കെപിസിസി പ്രസിഡന്റ് കെ സുധാകരനെതിരെ യൂത്ത് ലീഗ്. മതേതരപക്ഷം എന്നവകാശപ്പെടുന്ന ഏതൊരാളുടെയും നിലപാടുകക്ക് കണിശമായ വ്യക്തത വേണം. ഒന്നാമത്തെയും രണ്ടാമത്തെയും അവസാനത്തെയും ശത്രു സംഘപരിവാറാണെന്ന് യൂത്ത് ലീഗ് ദേശീയ വൈസ് പ്രസിഡന്റ് ഷിബു മീരാൻ. ഒരു വാക്കു കൊണ്ടെങ്കിലും ആർ എസ് എസിനോട് മൃദുവായ സമീപനമുണ്ട് എന്ന് തോന്നിപ്പിക്കുന്നവർ എത്ര വീരപരിവേഷമുള്ളവരാണെങ്കിലും അവരോട് വിയോജിക്കേണ്ടി വരുമെന്നും അദ്ദേഹം ഫേസ്ബുക്കിൽ കുറിച്ചു.
ആർഎസ്എസ് ശാഖാ ആരംഭിക്കാനും സംരക്ഷിക്കാനും ആളെ വിട്ട് നൽകിയിട്ടിട്ടുണ്ടെന്ന കെപിസിസി പ്രസിഡന്റ് കെ സുധാകരൻ്റെ തുറന്നുപറച്ചിലിന് പിന്നാലെയാണ് ഷിബു മീരാൻ്റെ പ്രതികരണം. എടക്കാട്, തോട്ടട, കിഴുന്ന മേഖലയിൽ ആർഎസ്എസ് ശാഖ തകർക്കാൻ സിപിഎം ശ്രമിച്ചിരുന്നു. ആ സമയത്ത് കോൺഗ്രസ് ശാഖക്ക് ആളെ അയച്ച് സംരക്ഷണം നൽകിയിട്ടുണ്ട്. ഈ പ്രദേശങ്ങളിൽ നേരത്തെ ശാഖ ഉണ്ടായിരുന്നില്ല. അവർ ശാഖ തുടങ്ങാൻ ശ്രമിച്ചപ്പോൾ സിപിഎം എതിർപ്പുണ്ടായി. അപ്പോഴാണ് ആർഎസ്എസിന് സഹായം നൽകിയതെന്നും സുധാകരൻ ബുധനാഴ്ച പറഞ്ഞു.
സുധാകരൻ്റെ പ്രസ്താവനക്കെതിരെ മുതിർന്ന മുസ്ലിം ലീഗ് നേതാവ് പി കെ അബ്ദുറബ്ബും രംഗത്തു വന്നിരുന്നു. ആർഎസ്എസിൻ്റെ ശാഖകൾക്കു സംരക്ഷണം നൽകാൻ ആർഎസ്എസ് എപ്പോഴെങ്കിലും മറ്റുള്ളവരുടെ മൗലികാവകാശങ്ങൾക്ക് വില കൽപ്പിച്ചിട്ടുണ്ടോ എന്ന് അബ്ദുറബ് ഫേസ്ബുക്കിൽ കുറിച്ചു. ‘ഹേ റാം’ എന്നുച്ചരിച്ച് മഹാത്മാവ് പിടഞ്ഞുവീണത് ഓട്ടോറിക്ഷയിടിച്ചല്ലെന്നും ആർഎസ്എസുകാരൻ വെടിയുതിർത്തിട്ടാണെന്നും അതെങ്കിലും മറക്കാതിരുന്നുകൂടെയെന്നും അബ്ദുറബ്ബ് കുറിപ്പിൽ കൂട്ടിച്ചേർത്തു.