സ്വാമി സന്ദീപാനന്ദഗിരിയുടെ ആശ്രമം കത്തിച്ചത് ആർഎസ്എസ്. പ്രധാന പ്രതിയുടെ സഹോദരൻ ക്രൈം ബ്രാഞ്ചിന് മൊഴി നൽകി. ആർഎസ്എസ് നേതാവ് പ്രകാശും സഹപ്രവർത്തകരുമാണ് ആശ്രമം കത്തിച്ചതെന്നാണ് വെളിപ്പെടുത്തൽ. തിരുവനന്തപുരം കുണ്ടുമൺകടവ് സ്വദേശിയാണ് പ്രകാശ്. കുണ്ടമൺകടവ് സ്വദേശി പ്രശാന്താണ് ക്രൈംബ്രാഞ്ചിന് മൊഴി നൽകിയത്. സംഭവത്തിന് ശേഷം സഹപ്രവർത്തകർ പ്രകാശനെ മർദിച്ചിരുന്നു എന്നും പ്രശാന്തിൻ്റെ മൊഴിയിലുണ്ട്.
ഈ വർഷം ജനുവരിയിൽ പ്രകാശ് ആത്മഹത്യ ചെയ്തിരുന്നു. പിന്നാലെയാണ് സഹോദരൻ്റെ വെളിപ്പെടുത്തൽ. കേസിൽ ഒരാഴ്ച മുമ്പാണ് പ്രശാന്ത് ക്രൈംബ്രാഞ്ചിന് മൊഴി നൽകിയത്. മരിക്കുന്നതിന് കുറച്ച് ദിവസങ്ങൾക്ക് മുമ്പാണ് സഹോദരൻ ആശ്രമം കത്തിച്ച വിവരം തന്നോട് പറഞ്ഞതെന്ന് പ്രശാന്ത് വ്യക്തമാക്കി. പ്രശാന്തിൻ്റെ രഹസ്യ മൊഴി രേഖപ്പെടുത്താൻ ക്രൈംബ്രാഞ്ച് തിരുവനന്തപുരം അഡീഷണൽ ചീഫ് മജിസ്ട്രേറ്റ് കോടതിയിൽ അപേക്ഷ നൽകിയിട്ടുണ്ട്.
2018 ഒക്ടോബർ 27നായിരുന്നു തിരുവനന്തപുരത്തെ സന്ദീപാനന്ദഗിരിയുടെ ആശ്രമം കത്തിച്ചത്. സംഭവത്തിൽ മൂന്ന് കാറുകൾ കത്തി നശിച്ചിരുന്നു. സംഭവത്തിന് പിന്നിൽ ആർഎസ്എസ് ആണെന്ന് അന്നേ ആരോപണം ഉണ്ടായിരുന്നു.