കണ്ണൂർ: ആർ എസ് എസ് ശാഖ സംരക്ഷിക്കാൻ ആളെ വിട്ടു നൽകിയിട്ടുണ്ടന്ന് കെപിസിസി അദ്ധ്യക്ഷൻ കെ സുധാകരൻ. എടക്കാട്, തോട്ടട, കിഴുന്ന മേഖലയിൽ ആർഎസ്എസ് ശാഖ തകർക്കാൻ സിപിഎം ശ്രമിച്ചിരുന്നു. ആ സമയത്ത് കോൺഗ്രസ് ശാഖക്ക് ആളെ അയച്ച് സംരക്ഷണം നൽകിയിട്ടുണ്ടെന്നും സുധാകരൻ വ്യക്തമാക്കി. കണ്ണൂരിൽ എം വി ആർ അനുസ്മരണ പരിപാടിയിലായിരുന്നു സുധാകരൻ്റെ പരാമർശം.
ഈ പ്രദേശങ്ങളിൽ നേരത്തെ ശാഖ ഉണ്ടായിരുന്നില്ല. അവർ ശാഖ തുടങ്ങാൻ ശ്രമിച്ചപ്പോൾ സിപിഎം എതിർപ്പുണ്ടായി. അപ്പോഴാണ് ജനാധിപത്യം സംരക്ഷിക്കാൻ സഹായം നൽകിയതെന്നും സുധാകരൻ അവകാശപ്പെട്ടു. ഈ വിഷയത്തിൽ പിന്നീട് വിശദീകരണം തേടിയ മാധ്യമപ്രവർത്തകരോടും ഇതേ വാദം ആവർത്തിച്ചു. എൻ്റെ ഉദ്ദേശ ശുദ്ധിയെയാണ് ചോദ്യം ചെയ്യുന്നത്. ജനാധിപത്യ അവകാശത്തിന് വേണ്ടിയുള്ള നിലപാടാണത്. അത് വളച്ചൊടിക്കുന്ന നിങ്ങളാണ് കുറ്റവാളികൾ എന്നും സുധാകരൻ പറഞ്ഞു.
തനിക്ക് ശരിയെന്ന് തോന്നിയാൽ ആ നിമിഷം ബിജെപിയിൽ ചേരുമെന്ന് നേരത്തെ പറഞ്ഞിരുന്നു. രണ്ട് തവണ ദൂതൻമാർ സമീപിച്ചതായും അന്ന് വെളിപ്പെടുത്തിയിരുന്നു.