ഗുവാഹത്തി: ഇന്ത്യൻ സൂപ്പർ ലീഗിൽ കേരള ബ്ലാസ്റ്റേഴ്സ് വിജയവഴിയിൽ തിരിച്ചെത്തി. നോർത്ത് ഈസ്റ്റ് യുനൈറ്റഡിനെതിരായ മത്സരത്തിൽ എതിരില്ലാത്ത മൂന്ന് ഗോളിനായിരുന്നു ബ്ലാസ്റ്റേഴ്സിൻ്റെ ജയം. പകരക്കാരനായെത്തിയ സഹൽ അബ്ദുൾ സമദിൻ്റെ ഇരട്ടഗോളിലായിരുന്നു ബ്ലാസ്റ്റേഴ്സിൻ്റെ ഉശിരൻ ജയം. ദിമിത്രിയോസ് ഡയമന്റാകോസിൻ്റെ വകയായിരുന്നു മറ്റൊരു ഗോൾ. രണ്ടാം ജയത്തോടെ അഞ്ച് കളിയിൽ ആറ് പോയിന്റുമായി ബ്ലാസ്റ്റേഴ്സ് പട്ടികയിൽ ഏഴാമതെത്തി.
ആദ്യപകുതി ഗോളില്ലാതെ അവസാനിച്ചു. രണ്ടാം പകുതിയിൽ കേരള ബ്ലാസ്റ്റേഴ്സിൽ നിന്ന് മെച്ചപ്പെട്ട പ്രകടനം കാണാൻ ആയി. 57ആം മിനുട്ടിൽ ആദ്യ ഗോളും വന്നു. രാഹുൽ കെ പി പെനാൾട്ടി ബോക്സിന് മുന്നിൽ വെച്ച് സൗരവിന് നൽകിയ പാസ് താരം ഗോൾ മുഖത്തേക്ക് തിരിച്ച് വിട്ടു. ഈ പന്ത് ഒരു ഡൈവിംഗ് ഫിനിഷിലൂടെ ദിമിത്രിയോസ് ഗോളാക്കി മാറ്റി. താരത്തിൻ്റെ ബ്ലാസ്റ്റേഴ്സ് ജേഴ്സിയിലെ ആദ്യ ഗോളായിരുന്നു. എമിൽ ബെന്നിയിലൂടെ നോർത്ത് ഈസ്റ്റ് സമനിലക്ക് അടുത്ത് എത്തിയെങ്കിലും ആ അപകടം ഒഴിവാക്കാൻ സന്ദീപിനായി. ഇതിനു പിന്നാലെ 85ആം മിനുട്ടിൽ സഹലിലൂടെ ബ്ലാസ്റ്റേഴ്സ് ലീഡ് ഇരട്ടിയാക്കി. കളിയുടെ അവസാന നിമിഷം സഹൽ രണ്ടാം ഗോൾ കൂടെ നേടിയതോടെ ബ്ലാസ്റ്റേഴ്സ് വിജയം ഉറപ്പിച്ചു. കളിയുടെ അവസാന ഘട്ടത്തിൽ നോർത്ത് ഈസ്റ്റ് മുന്നേറാൻ ശ്രമിച്ചു. എന്നാൽ ഗോൾ കീപ്പർ പ്രഭ്സുഖൻ സിങ് ഗില്ലിൻ്റെ മികവിൽ ബ്ലാസ്റ്റേഴ്സ് പിടിച്ചുനിന്നു. അവസാന നിമിഷങ്ങളിൽ ബ്ലാസ്റ്റേഴ്സ് പ്രതിരോധത്തിലേക്ക് പിൻവലിഞ്ഞു. നവംബർ13ന് എഫ്സി ഗോവയെ കേരള ബ്ലാസ്റ്റേഴ്സ് സ്വന്തം തട്ടകമായ കൊച്ചിയിൽ നേരിടും.