ഗുജറാത്തിലെ ബിജെപി സർക്കാരിനെതിരെ വിമർശനവുമായി ശിവസേന. ഗുജറാത്തിലെ മോർബിയിൽ തൂക്കുപാലം തകർന്ന് 135 പേർ മരിച്ച സംഭവത്തിലാണ് മഹാരാഷ്ട്ര മുൻ മുഖ്യമന്ത്രി ഉദ്ധവ് താക്കറെ പക്ഷം ബിജെപിയെ വിമർശിച്ചത്. ശിവസേനാ മുഖപത്രമായ സാമ്നയുടെ എഡിറ്റോറിയലിലാണ് ഗുജറാത്തിലെ ബി ജെ പി സർക്കാരിനെതിരെയും സർക്കാർ ഉദ്യോഗസ്ഥരുടെ അനാസ്ഥക്കെതിരെയും രൂക്ഷമായ വിമർശനമുള്ളത്.
“നഷ്ടപ്പെട്ട ജീവനുകൾ ഇനി തിരിച്ചുവരുമോ? പാലത്തിൻ്റെ അറ്റകുറ്റപ്പണിയുടെ ഉത്തരവാദിത്തമുള്ള കമ്പനിയെ കുറിച്ച് അന്വേഷിക്കണം. എന്നാൽ ഗുജറാത്ത് സർക്കാരിന് ഇതിൻ്റെ ഉത്തരവാദിത്തത്തിൽ നിന്ന് ഒഴിഞ്ഞുമാറാൻ കഴിയില്ല. ഈ സംഭവത്തെ വഞ്ചനയെന്നാണോ ഗൂഢാലോചനയെന്നാണോ അതോ കേവലം അപകടമെന്നാണോ വിളിക്കേണ്ടത്. പാലം നവീകരണം പൂർത്തിയായിരുന്നോ ഇല്ലയോ? പാലം എങ്ങനെ ഇത്രയും ഓവർലോഡ് ആയി. നിരവധി ചോദ്യങ്ങളുണ്ട്. ഓരോന്നിനും ഗുജറാത്ത് സർക്കാർ ഉത്തരം പറയണം. പാലം നവീകരണം കൃത്യമായി നടന്നിരുന്നില്ലെങ്കിൽ പിന്നെ എന്തിനാണ് പൊതുജനങ്ങൾക്കായി തുറന്നുകൊടുത്തത്,” എന്നും എഡിറ്റോറിയലിൽ പറയുന്നു.
1879ൽ മാച്ചു നദിക്ക് കുറുകെ നിർമിച്ച പാലം അറ്റകുറ്റപ്പണികൾ കഴിഞ്ഞ് അഞ്ച് ദിവസം മുമ്പാണ് ജനത്തിന് തുറന്ന് കൊടുത്തത്. പാലം പുനർനിർമാണത്തിന് മുമ്പ് അധികൃതരിൽ നിന്ന് ഫിറ്റ്നസ് സർട്ടിഫിക്കറ്റ് വാങ്ങിയിരുന്നില്ലെന്ന് പ്രാദേശിക മുനിസിപ്പൽ ബോഡി മേധാവി മാധ്യമങ്ങളോട് വ്യക്തമാക്കിയിരുന്നു.
അതേസമയം മോർബി തൂക്കുപാലം തകർന്ന് പരുക്കേറ്റ് ചികിത്സയിൽ കഴിയുന്നവരെ കാണാൻ പ്രധാനമന്ത്രി നരേന്ദ്ര മോദി എത്തുന്നതിന് മുൻപ് മോർബിയിലെ സർക്കാർ ആശുപത്രി നവീകരിച്ചത്തിൽ വിമർശനം ഉയർന്നു. നരേന്ദ്ര മോദിയുടെ ഫോട്ടോഷൂട്ട് പ്രചരണത്തിൻ്റെ ഭാഗമായാണ് ആശുപത്രി നവീകരിച്ചതെന്നാണ് പ്രതിപക്ഷം ആരോപണം. ‘ശവത്തിന്മേലുള്ള ഇവന്റ് മാനേജ്മെന്റാണ് പ്രധാനമന്ത്രി നടത്തുന്നതെന്ന് വിവിധ രാഷ്ട്രീയ കക്ഷികള് ആരോപിച്ചു.