പൊതുമേഖലാ സ്ഥാപനങ്ങളിലെ പെൻഷൻ പ്രായം ഉയർത്താനുള്ള തീരുമാനം മരവിപ്പിച്ചു. മന്ത്രിസഭാ യോഗമാണ് തീരുമാനം മരവിപ്പിച്ചത്. മന്ത്രിസഭാ യോഗത്തില്‍ മുഖ്യമന്ത്രി പിണറായി വിജയനാണ് പെന്ഷന് പ്രായം ഉയർത്താനുള്ള ഉത്തരവ് പിന്‍വലിക്കാനുള്ള നിര്‍ദേശം വച്ചത്. കഴിഞ്ഞ ദിവസമാണ് പൊതുമേഖല സ്ഥാപനങ്ങളിലെ പെൻഷൻ പ്രായം 60 ആക്കി ധനവകുപ്പ് ഉത്തരവിറക്കിയത്. 122 പൊതുമേഖലാ സ്ഥാപനങ്ങളിൽ കെ.എസ്.ഇ.ബി, കെ.എസ്.ആർ.ടി.സി, വാട്ടർ അതോറിറ്റി എന്നീ സ്ഥാപനങ്ങളിൽ ഒഴികെയുള്ള പൊതുമേഖല സ്ഥാപനങ്ങളിലാണ് പെൻഷൻ പ്രായം ഉയർത്തിയിരുന്നത്. പൊതു മേഖലാ സ്ഥാപനങ്ങളിൽ സേവന വേതന വ്യവസ്ഥകൾ ഏകീകരിക്കുന്നതിൻ്റെ ഭാഗമായാണ് ഉത്തരവിറക്കിയത്.
ഡിവൈഎഫ്ഐ അടക്കമുള്ള യുവജന സംഘടനകൾ തീരുമാനം പിൻവലിക്കണമെന്ന് സർക്കാരിനോട് ആവശ്യപ്പെട്ടിരുന്നു. ഉത്തരവ് മരവിപ്പിച്ച സർക്കാർ തീരുമാനത്തെ യുവജന സംഘടനകൾ അഭിനന്ദിച്ചു. യുവജനതയുടെ തൊഴിൽ സ്വപ്നങ്ങൾ സാർത്ഥകമാക്കാൻ സംസ്ഥാന സർക്കാർ സ്വീകരിച്ച നിലപാട് സ്വാഗതാർഹമാണെന്ന് ഡിവൈഎഫ്ഐ പ്രതികരിച്ചു. സർക്കാർ തീരുമാനത്തെ യൂത്ത് കോൺഗ്രസും സ്വാഗതം ചെയ്തു.