ഡിവൈഎഫ്ഐ ജില്ലാ നേതാവിനെ വെട്ടികൊലപ്പെടുത്താൻ എസ്ഡിപിഐ ശ്രമം. സിപിഎം കേച്ചേരി ലോക്കൽ കമ്മറ്റി അംഗവും, ഡിവൈഎഫ്ഐ കുന്നംകുളം ഈസ്റ്റ് ബ്ലോക്ക് സെക്രട്ടറിയും, തൃശൂർ ജില്ലാ കമ്മറ്റിയംഗവുമായ കെ എ സെയ്ഫുദ്ദീനെയാണ് എസ്ഡിപിഐ വധിക്കാൻ ശ്രമിച്ചത്. ബൈക്കിൽ യാത്ര ചെയ്യുകയായിരുന്ന സൈഫുദീനെ എസ്ഡിപിഐ പ്രവർത്തകർ തടഞ്ഞുനിർത്തി വെട്ടുകയായിരുന്നു. കുന്നംകുളത്ത് രാത്രി 12.30 നാണ് സംഭവം. ആക്രമണത്തിൽ കൈയ്ക്കും കാലിനും ഗുരുതര പരുക്കേറ്റ സൈഫുദ്ദിൻ അമല ആശുപത്രിയിൽ ചികിത്സയിലാണ്.
ചൂണ്ടൽ ഗ്രാമപഞ്ചായത്തിൻ്റെ നേതൃത്വത്തിൽ നടന്നു കൊണ്ടിരിക്കുന്ന “ഗ്രാമോൽസവം” സാംസ്കാരിക പരിപാടി കേച്ചേരിയിൽ നടന്നു കൊണ്ടിരിക്കുമ്പോൾ ജനങ്ങൾക്കിടയിൽ സംഘർഷം സൃഷ്ടിക്കാൻ എസ്ഡിപിഐ പ്രവർത്തകർ ശ്രമിച്ചിരുന്നു. സംഘാടകർ ഇവരെ അവിടെ നിന്നും ഒഴിവാക്കി വിട്ടതിൻ്റെ പ്രതികാരമായാണ് വീട്ടിലേക്ക് മടങ്ങുകയായിരുന്ന സെയ്ഫുദ്ദീനെ ഇരുട്ടിൽ പതിയിരുന്ന് എസ്ഡിപിഐ പ്രവർത്തകർ മാരകമായി അക്രമിച്ചത്.