സിഡ്നി: ട്വന്റി 20 ലോകകപ്പ് സൂപ്പർ 12 പോരാട്ടത്തിൽ ശ്രീലങ്കയെ തകർത്ത് ന്യൂസീലൻഡ്. 65 റൺസിനാണ് ന്യൂസീലൻഡിൻ്റെ വിജയം. ന്യൂസീലൻഡ് ഉയർത്തിയ 168 റൺസ് വിജയലക്ഷ്യത്തിലേക്ക് ബാറ്റേന്തിയ ശ്രീലങ്ക 19.2 ഓവറിൽ 102 റൺസിന് ഓൾ ഔട്ടായി. ടോസ് നേടി ബാറ്റിംഗ് തെരഞ്ഞെടുത്ത ന്യൂസീലൻഡ് നിശ്ചിത ഓവറിൽ ഏഴ് വിക്കറ്റ് നഷ്ടത്തിൽ 167 റൺസെടുത്തു. ഒറ്റയ്ക്ക് നിന്ന് പൊരുതി സെഞ്ചുറി നേടിയ ഗ്ലെൻ ഫിലിപ്സാണ് കിവീസിന് മാന്യമായ സ്കോർ സമ്മാനിച്ചത്.
168 റൺസ് വിജയലക്ഷ്യവുമായി ബാറ്റിങ് ആരംഭിച്ച ശ്രീലങ്കയ്ക്ക് തുടക്കത്തിൽ തന്നെ തിരിച്ചടി ലഭിച്ചു. വെറും എട്ട് റൺസെടുക്കുന്നതിനിടെ തന്നെ നാല് മുൻനിര വിക്കറ്റുകൾ തെറിച്ചു. പത്തും നിസ്സങ്ക(0), കുശാൽ മെൻഡിസ് (4), ധനഞ്ജയ ഡി സിൽവ (0), ചരിത് അസലങ്ക (4), ചമിക കരുണരത്നെ (3), വാനിന്ദു ഹസരംഗ (4), മഹീഷ് തീക്ഷണ (0), ലഹിരു കുമാര (4) എന്നിവർ നിരാശപ്പെടുത്തി. 35 റൺസെടുത്ത നായകൻ ഡാസൺ ശനകയും 34 റൺസ് നേടിയ ഭനുക രജപക്സയും മാത്രമാണ് അൽപ്പമെങ്കിലും പിടിച്ചുനിന്നത്. ന്യൂസീലൻഡിനായി ട്രെന്റ് ബോൾട്ട് നാലോവറിൽ വെറും 13 റൺസ് മാത്രം വിട്ടുനൽകി നാലുവിക്കറ്റെടുത്തു. മിച്ചൽ സാന്റ്നർ, ഇഷ് സോധി എന്നിവർ രണ്ട് വിക്കറ്റും ലോക്കി ഫെർഗൂസനും ടിം സൗത്തിയും ഓരോ വിക്കറ്റ് വീതം സ്വന്തമാക്കി.
നേരത്തെ മോശം തുടക്കമായിരുന്നു ന്യൂസിലാന്റിന്റേത് വെറും 15 റൺസെടുക്കുന്നതിനിടെ മൂന്ന് മുൻനിര ബാറ്റർമാർ പുറത്തായി. ഓപ്പണർമാരായ ഫിൻ അലൻ (1), ഡെവോൺ കോൺവെ (1), നായകൻ കെയ്ൻ വില്യംസൺ (8) എന്നിവരുടെ വിക്കറ്റ് തുടക്കത്തിൽ തന്നെ നഷ്ടമായി.
പിന്നീടങ്ങോട്ട് ഗ്ലെൻ ഫിലിപ്സും ഡാരിൽ മിച്ചലുമാണ് ന്യൂസിലൻഡിനെ കരകയറ്റാൻ ശ്രമിച്ചത്. ഇരുവരും ചേർന്ന് നാലാം വിക്കറ്റിൽ 64 പന്തിൽ നിന്ന് 84 റൺസ് അടിച്ചെടുത്തു. ടീം സ്കോർ 99-ൽ നിൽക്കേ മിച്ചലിനെ പുറത്താക്കി വാനിന്ജു ഹസരംഗ ഈ കൂട്ടുകെട്ട് പൊളിച്ചു. 24 പന്തിൽ നിന്ന് 22 റൺസാണ് മിച്ചലിൻ്റെ സമ്പാദ്യം. പിന്നാലെ വന്ന ഓൾറൗണ്ടർ ജെയിംസ് നീഷാമിനും (5) പിടിച്ചുനിൽക്കാനായില്ല. പിന്നീട് ക്രീസിലെത്തിയ മിച്ചൽ സാന്റ്നറെ കൂട്ടുപിടിച്ച് ഫിലിപ്സ് സെഞ്ചുറി തികച്ചു. 18-ാം ഓവറിലെ അഞ്ചാം പന്തിൽ ബൗണ്ടറി നേടിക്കൊണ്ട് ഫിലിപ്സ് സെഞ്ചുറി തികച്ചു. 10 ഫോറും നാല് സിക്സും താരത്തിൻ്റെ ബാറ്റിൽ നിന്ന് പിറന്നു. ലങ്കയ്ക്കായി രജിത രണ്ടും തീഷ്ണയും ഡിസിൽവയും ഹസരങ്കയും കുമാരയും ഓരോ വിക്കറ്റ് നേടി.