യു എസ് ജനപ്രതിനിധി സഭാ സ്പീക്കർ നാൻസി പെലോസിയുടെ ഭർത്താവ് പോൾ പെലോസിക്ക് നേരെ ആക്രമണം. 42 വയസ്സുകാരനാണ് പെലോസിയുടെ വീട്ടിൽ കടന്നുകയറുകയും ഭർത്താവ് പോൾ പെലോസിയെ ആക്രമിക്കുകയും ചെയ്തത്. സംഭവത്തിൽ ഡെ പേപ് എന്നയാളെ പൊലീസ് അറസ്റ്റ് ചെയ്തിട്ടുണ്ട്. നാൻസി എവിടെ എന്ന് ആക്രോശിച്ചുകൊണ്ട് ഒരാൾ പോൾ പെലോസിയെ ആക്രമിക്കുകയായിരുന്നെന്നാണ് റിപ്പോർട്ട്. 82 വയസുകാരനായ പോളിനെ അക്രമി ചുറ്റിക കൊണ്ട് ആക്രമിച്ചു. അക്രമത്തിൽ പോളിന് തലയ്ക്ക് ഗുരുതര പരിക്കേറ്റു.
വെള്ളിയാഴ്ച പുലർച്ചെയാണ് ക്രൂരമായ ആക്രമണം നടന്നത്. ഗുരുതരമായി പരുക്കേറ്റ പോളിനെ ആശുപത്രിയിൽ പ്രവേശിപ്പിച്ചിരിക്കുകയാണ്. ആക്രമണം നടക്കുമ്പോൾ നാൻസി പെലോസി വീട്ടിലുണ്ടായിരുന്നില്ല. അക്രമിയുടെ ലക്ഷ്യം എന്തായിരുന്നെന്ന് വ്യക്തമായിട്ടില്ല. തലയിലും ശരീരത്തിലും പോളിന് നിരവധി മുറിവുകളുണ്ടെന്നാണ് റിപ്പോർട്ട്. ഇയാൾക്കെതിരെ വധശ്രമം ഉൾപ്പെടെ ചുമത്തി കേസെടുത്തു. സാൻഫ്രാൻസിസ്കോ ആസ്ഥാനമായി പ്രവർത്തിക്കുന്ന റിയൽ എസ്റ്റേറ്റ് സ്ഥാപനത്തിൻ്റെ ഉടമയാണ് പോൾ പെലോസി.