കൊച്ചി: ഐഎസ്എലിൽ കേരള ബ്ലാസ്റ്റേഴ്സിന് തുടർച്ചയായ മൂന്നാം തോൽവി. മുബൈ സിറ്റി എഫ്സിയോട് എതിരില്ലാത്ത രണ്ട് ഗോളിനാണ് പരാജയപ്പെട്ടത്. ബ്ലാസ്റ്റേഴ്സ് സ്വന്തം മൈതാനത്താണ് തോൽവി വഴങ്ങിയത്. ജവഹർലാൽ നെഹ്റു സ്റ്റേഡിയത്തിൽ നടന്ന മത്സരത്തിൽ മെഹ്താബ് സിങ്, പെരേര ഡയസ് എന്നിവർ മുൻ ചാമ്പ്യൻമാർക്കായി ഗോളടിച്ചു. നാല് കളിയിൽ ഒരു ജയവും മൂന്ന് തോൽവിയും സഹിതം മൂന്ന് പോയിന്റുമായി നിലവിൽ ഒമ്പതാം സ്ഥാനത്താണ് കേരള ബ്ലാസ്റ്റേഴ്സ്. 21-ാം മിനിറ്റിലാണ് മുംബൈ സിറ്റി മെഹത്താബ് സിംഗിലൂടെ ആദ്യ ഗോൾ നേടിയത്. തുടർന്ന് 10 മിനിറ്റിൻ്റെ ഇടവേളയിൽ മുംബൈ സിറ്റി രണ്ടാം ഗോൾ കണ്ടെത്തി.
ഒഡിഷയ്ക്കെതിരെ കളിച്ച ടീമിൽനിന്നും വലിയ മാറ്റങ്ങളുമായാണ് ഇവാൻ വുകോമനോവിച്ചിൻ്റെ ബ്ലാസ്റ്റേഴ്സ് എത്തിയത്. ഇവാൻ കലിയുഷ്നി, ഹോർമിപാം എന്നിവർ പുറത്തിരുന്നു. പ്രതിരോധത്തിൽ ഹോർമിപാമിന് പകരം സ്പാനിഷുകാരൻ വിക്ടർ മൊംഗിൽ എത്തി. ഒപ്പം മാർകോ ലെസ്കോവിച്ച്, ജെസെൽ കർണെയ്റാേ, ഹർമൻജോത് ഖബ്ര എന്നിവരും. കലിയുഷ്നിയുടെ സ്ഥാനം മലയാളിതാരം കെ പി രാഹുലിനായിരുന്നു. രാഹുൽ, അഡ്രിയാൻ ലൂണ, ജീക്സൺ സിങ്, പുയ്ട്ടിയ എന്നിവർ മധ്യനിരയിൽ. ഗോളടിക്കാൻ സഹൽ അബ്ദുൾ സമദും ദിമിത്രിയാസ് ഡയമന്റാകോസും. ഗോൾകീപ്പറായി പ്രഭ്സുഖൻ ഗിൽ തുടർന്നു. നവംബർ അഞ്ചിന് ഗുവാഹത്തിയിൽ നോർത്ത് ഈസ്റ്റ് യുണൈറ്റഡുമായാണ് ബ്ലാസ്റ്റേഴ്സിൻ്റെ അടുത്ത കളി.