തിരുവനന്തപുരം: ധനമന്ത്രി കെ എൻ ബാലഗോപാലിനെ മന്ത്രിസ്ഥാനത്ത് നിന്നും നീക്കണമെന്നാവശ്യപ്പെട്ട് മുഖ്യമന്ത്രിക്ക് കത്തയച്ച് ഗവർണർ ആവർത്തിച്ചു കൊണ്ടിരിക്കുന്ന വെളിവില്ലായ്‌മ വീണ്ടും തുടരുകയാണെന്ന് ഡിവൈഎഫ്ഐ സംസ്ഥാന സെക്രട്ടറി വി കെ സനോജ്. ആരാണ് ഇയാളെ ഈ വിഢി വേഷം കെട്ടിച്ച് ഇങ്ങനെ ഇറക്കി വിട്ടതെന്നും സനോജ് ഫെയ്‌സ്‌ബുക്ക് കുറിപ്പിൽ ചോദിക്കുന്നു.
ഭരണഘടനാ മൂല്യങ്ങൾ, ജനാധിപത്യം എന്നിവ നമ്മൾ പൊരുതി നേടിയതാണ്. അത് പൊരുതി തന്നെ നിലനിർത്തും. ഇവിടെ കൊളോണിയൽ ഭരണമോ രാജഭരണമോ അല്ല. ജനാധിപത്യ സംവിധാനത്തിൽ ജനപ്രതിനിധികളെ അകത്താക്കാനും പുറത്താക്കാനും അവകാശം ജനങ്ങൾക്കാണ്. ഇവിടെ രാജഭരണമോ ദിവാൻ മോഡൽ ഭരണമോ സ്ഥാപിക്കാൻ പുറപ്പെട്ടാൽ സർ സി പി യുടെ അനുഭവം ക്ഷണിച്ച് വരുത്തുകയാവും ഉണ്ടാവുക. അത് ഏത് ആരീഫ് മുഹമ്മദ് ഖാനും ഓർത്താൽ നല്ലത്.
സംഘ്പരിവാറിന് മുന്നിൽ കീഴടങ്ങുന്ന കോൺഗ്രസിന് ഇതൊന്നും ഇവിടെ ഒരു വിഷയമായി തോന്നുന്നില്ല എന്നത് വി ഡി സതീശൻ്റെയും കെ സുധാകരൻ്റെയും വാക്കുകളിൽ ആവർത്തിച്ചു തെളിയുന്നുണ്ട്. കാവിവൽകരണം ചെറുക്കും ഭരണഘടന സംരക്ഷിക്കും ആർഎസ്എസിന് മുന്നിൽ കേരളം കീഴടങ്ങില്ലെന്നും അദ്ദേഹം പറഞ്ഞു.