സൗദി അറേബ്യയിൽ കൊവിഡിൻ്റെ പുതിയ വകഭേദം കണ്ടെത്തിയതായി പബ്ലിക് ഹെൽത്ത് അതോറിറ്റി അറിയിച്ചു. വ്യാപനശേഷി കൂടിയ എക്സ് എക്സ് ബി (XXB) വകഭേദമാണ് കണ്ടെത്തിയത്. തുടർച്ചയായ നിരീക്ഷണത്തിലൂടെയാണ് കൊവിഡിന് കാരണമാകുന്ന വൈറസിൻ്റെ വകഭേദം കണ്ടെത്തിയതെന്നും അതോറിറ്റി വ്യക്തമാക്കി. ഒമിക്രോൺ എക്സ്ബിബി വകഭേദം ഏതാനും പോസ്റ്റീവ് കേസുകൾ മാത്രമാണ് കണ്ടെത്തിയത്. കൊവിഡ് സ്ഥിരീകരിക്കുന്ന 75 ശതമാനവും ഒമിക്രോൺ ബിഎ5, ബിഎ2 തുടങ്ങിയ വകഭേദങ്ങളാണ് കണ്ടുവരുന്നത്.
ശ്വാസകോശ അസുഖമുളളവർ ജാഗ്രത പാലിക്കണം. രാജ്യത്ത് പലയിടങ്ങളിലും ജലദോഷം, പകർച്ചപ്പനി എന്നിവ കൂടുതലായി കണ്ടുവരുന്നുണ്ട്. കാലാവസ്ഥാ വ്യതിയാനവും ശൈത്യകാലം തുടങ്ങുന്നതുമാണ് ഇതിന് കാരണം. രോഗലക്ഷണങ്ങളുടെ തീവ്രതയും പ്രതിരോധശേഷിയും അടിസ്ഥാനമാക്കി പകർച്ചപ്പനി മറ്റൊരാളിലേക്ക് പടരുന്നതിൻ്റെ തോത് വ്യത്യസ്ഥമാണെന്നും പബ്ലിക് ഹെൽത്ത് അതോറിറ്റി വ്യക്തമാക്കി.