കഴിഞ്ഞ 31-ാം തീയതി വിരമിച്ച കേരള സർവകലാശാല വൈസ് ചാൻസലർ ഡോ. വി പി മഹാദേവൻ പിള്ളയ്ക്കും ഗവർണറുടെ കാരണം കാണിക്കൽ നോട്ടീസ്. വിസിയുടെ ഓഫീസിൽ തുടരാൻ കാരണമുണ്ടെങ്കിൽ ബോധിപ്പിക്കണമെന്നാണ് നോട്ടീസിലെ ആവശ്യം. ഗവർണർ ആയുധമാക്കുന്ന സുപ്രിംകോടതി വിധി വരുന്നതിനു മുമ്പു തന്നെ അദ്ദേഹം സർവീസിൽ നിന്ന് വിരമിച്ചിരുന്നു. വിവേചനബുദ്ധിയില്ലാതെയും കാര്യങ്ങൾ വേണ്ടവിധം പരിശോധിക്കാതെയുമാണ് ഗവർണർ ഓരോന്നും കാട്ടിക്കൂട്ടുന്നത് എന്ന ആരോപണത്തിന് ശക്തിപകരുന്നതാണ് ഡോ. വി പി മഹാദേവൻ പിള്ളയ്ക്കു ലഭിച്ച നോട്ടീസ്.
ഇരുപത്തിനാല് മണിക്കൂറിനകം രാജിവെയ്ക്കണമെന്ന് വിസിമാരോട് കൽപ്പിച്ച ഗവർണർ, കാരണം കാണിക്കൽ നോട്ടീസിൽ കൂടുതൽ ഉദാരനായിട്ടുണ്ട്. നവംബർ മൂന്നിന് അഞ്ചുമണിയ്ക്കുള്ളിൽ വിശദീകരണം നൽകണമെന്നാണ് ആവശ്യപ്പെട്ടിരിക്കുന്നത്. കോടതിയിൽ നിന്ന് തിരിച്ചടി ലഭിക്കുന്ന പേടിയിലാണ് കാരണം കാണിക്കൽ നോട്ടീസ് നൽകിയതും വിശദീകരണത്തിന് കൂടുതൽ സമയം അനുവദിച്ചതുമെന്ന് വ്യക്തമാണ്. ഹൈക്കോടതി കേസ് പരിഗണിക്കുന്നതിനു മുമ്പു തന്നെ കാരണം കാണിക്കൽ നോട്ടീസ് നൽകുകയും വിവരം പത്രസമ്മേളനത്തിൽ പ്രഖ്യാപിക്കുകയുമായിരുന്നു.
നിയമനത്തിലെ ക്രമക്കേട് പരിഹരിക്കാനായി പുതിയ നിയമന നടപടികൾ ആരംഭിക്കുന്നതിനുവേണ്ടിയാണ് രാജിക്കത്ത് ആവശ്യപ്പെട്ടത് എന്നാണ് നോട്ടീസിൽ വിശദീകരിക്കുന്നത്. എന്നാൽ അത്തരമൊരു ക്രമക്കേട് പരിഹരിക്കാൻ ചാൻസലർക്കുള്ള അധികാരം വിശദീകരിച്ചിട്ടില്ല. നിയമിച്ചു കഴിഞ്ഞ വൈസ് ചാൻസലറെ ഇടയ്ക്കുവെച്ചു പുറത്താക്കാൻ ചാൻസലർക്ക് ഒരു നിയമവും അധികാരം നൽകുന്നില്ല.
മാത്രമല്ല, നിയമനത്തിലും അതിൽ ആരോപിക്കപ്പെടുന്ന ക്രമക്കേടിനും വൈസ് ചാൻസലർമാരല്ല ഉത്തരവാദി. സെർച്ച് കമ്മിറ്റി ഒരാളുടെ പേരു മാത്രം ഉൾപ്പെടുത്തിയതിൻ്റെ വിശദീകരണം വിസിമാർക്ക് നൽകാനാവില്ല. അതിനുള്ള വിശദീകരണം ചോദിക്കേണ്ടത് സെർച്ച് കമ്മിറ്റി അംഗങ്ങളോടാണ്. ഒരാൾ മാത്രമുള്ള പട്ടിക അംഗീകരിച്ചത് ചാൻസലർ കൂടിയായ ഗവർണറാണ്. മൂന്നു പേരെ ഉൾപ്പെടുത്തണമെന്ന് ആവശ്യപ്പെട്ട് എന്തുകൊണ്ട് പാനൽ മടക്കിയില്ല എന്ന ചോദ്യത്തിന് ഉത്തരം നൽകേണ്ടത് ഗവർണറാണ്.
യഥാർത്ഥത്തിൽ യുജിസി ചട്ടം ലംഘിച്ച് വിസിമാരെ നിയമിച്ചത് ഗവർണറാണ്. തൻ്റെ ചട്ടലംഘനത്തിൻ്റെ വിശദീകരണം വിസിമാരിൽ നിന്ന് തേടുന്ന വിചിത്രമായ നടപടിയാണ് കാരണം കാണിക്കൽ നോട്ടീസ്. അതിൽത്തന്നെ കോടതി വിധി വരുന്നതിനുമുമ്പേ വിരമിച്ച കേരള സർവകലാശാലാ വിസിയോടും ഓഫീസിൽ തുടരുന്നതിന് കാരണം കാണിക്കണമെന്നാവശ്യപ്പെട്ടത് ഗവർണറെ കൂടുതൽ പരിഹാസ്യനാക്കിയിരിക്കുകയാണ്.