വി സി മാരുടെ രാജി ആവശ്യപ്പെട്ട ഗവര്‍ണറുടെ നടപടിക്കെതിരെ വി സിമാര്‍ ഹൈക്കോടതിയെ സമീപിച്ചു. 9 വി സിമാരുടെയും അഭിഭാഷകര്‍ പ്രത്യേക സിറ്റിംഗ് നടത്തണമെന്ന് ആവശ്യപ്പെട്ട് ചീഫ് ജസ്റ്റിസിനെ സമീപിക്കുകയായിരുന്നു.
ഇതിൻ്റെ അടിസ്ഥാനത്തിലാണ് അവധി ദിവസമായിട്ടും വിഷയത്തില്‍ ഹൈക്കോടതി ഇന്ന് പ്രത്യേക സിറ്റിങ് നടത്താന്‍ തീരുമാനിച്ചത് . ജസ്റ്റിസ് ദേവന് രാമചന്ദ്രൻ്റെ ബെഞ്ച് വൈകീട്ട് നാലുമണിക്കാണ് പ്രത്യേക സിറ്റിങ് നടത്തുക.
ഗവര്‍ണറുടെ നോട്ടീസ് നിയമപരമല്ല. നടപടിക്രമങ്ങള്‍ പാലിച്ചില്ല കാരണം കാണിക്കല്‍ നോട്ടീസ് നല്കി അന്വേഷണം നടത്തിയാലേ നടപടിയെടുക്കാന്‍ സാധിക്കൂ. ഗുരുതമായ ചട്ടലംഘനമോ പെരുമാറ്റദൂഷ്യമോ ഉണ്ടായാല്‍ മാത്രമേ വി.സിമാരെ പുറത്താക്കാന്‍ അധികാരമില്ലെന്നുമാണ് വി.സിമാരുടെ വാദം. വി സി സ്ഥാനത്ത് തുടരാന്‍ അനുവദിക്കണമെന്നും ഗവര്‍ണറുടെ നോട്ടീസ് സ്റ്റേ ചെയ്യണമെന്നും വി.സിമാര്‍ ആവശ്യപ്പെടും.
ആറ് വിസിമാർ ഗവർണർക്ക് രേഖാമൂലം മറുപടി നൽകിയിട്ടുണ്ട്. രാജിവെയ്ക്കില്ലെന്നും നിയമപരമായി നേരിടുമെന്നുമാണ് കത്തിലെ ഉള്ളടക്കം. വിസിമാര്‍ എജിയെ കണ്ട് നിയമോപദേശം തേടിയിരുന്നു. തുടർന്നാണ് ഹർജി നൽകാൻ തീരുമാനിച്ചത്.
കേരളാ കേരള, കാലിക്കറ്റ്, എംജി, കണ്ണൂർ, കുസാറ്റ്, കാലടി, ഫിഷറീസ്, കെടിയു, മലയാളം സർവകലാശാല വിസിമാർക്കാണ് രാജി വയ്ക്കണമെന്നാവശ്യപ്പെട്ട് കത്ത് നൽകിയത്.