ബ്രിസ്ബേൻ: ഓസ്ട്രേലിയക്കെതിരായ സന്നാഹമത്സരത്തിൽ ഇന്ത്യക്ക് ആവേശജയം ജയം. ആറ് റൺസിനാണ് ഇന്ത്യ വിജയിച്ചത്. ഇന്ത്യ മുന്നോട്ടുവച്ച 187 റൺസ് വിജയലക്ഷ്യം പിന്തുടർന്നിറങ്ങിയ ഓസ്ട്രേലിയ നിശ്ചിത 20 ഓവറിൽ 180 റൺസിന് ഓൾ ഔട്ടായി. 79 റൺസെടുത്ത ക്യാപ്റ്റൻ ആരോൺ ഫിഞ്ച് ആണ് ഓസീസിൻ്റെ ടോപ്പ് സ്കോറർ. മിച്ചൽ മാർഷും (35) ഓസീസിനായി തിളങ്ങി. ഇന്ത്യക്കായി അവസാന ഓവർ മാത്രം എറിഞ്ഞ മുഹമ്മദ് ഷമി മൂന്ന് വിക്കറ്റ് വീഴ്ത്തി.
നേരത്തെ ടോസ് നഷ്ടപ്പെട്ട് ബാറ്റിങ്ങിനിറങ്ങിയ ഇന്ത്യ കെ എൽ രാഹുലിൻ്റെയും സൂര്യകുമാർ യാദവിൻ്റെയും അർധസെഞ്ചുറികളുടെ കരുത്തിൽ 187 റൺസ് എടുത്തു. മറുപടി ബാറ്റിംഗിൽ മികച്ച തുടക്കമാണ് നായകൻ ആരോൺ ഫിഞ്ചും മിച്ചൽ മാർഷും ഓസീസിന് നൽകിയത്. ഡേവിഡ് വാർണറുടെ അഭാവത്തിൽ ഇന്നിംഗ്സ് ഓപ്പൺ ചെയ്ത മാർഷ് 18 പന്തിൽ നാല് ഫോറും രണ്ട് സിക്സും സഹിതം 35 റൺസെടുത്തു. അടിച്ചുതകർത്ത മിച്ചൽ മാർഷിനെ (35) ഭുവനേശ്വർ കുമാറാണ് പുറത്താക്കിയത്. മൂന്നാം നമ്പറിലെത്തിയ സ്റ്റീവ് സ്മിത്ത് (11) വേഗം മടങ്ങിയെങ്കിലും അപ്പോഴേക്കും ഫിഞ്ച് ഫോം കണ്ടെത്തിയിരുന്നു. തുടർ ബൗണ്ടറികളുമായി കളം പിടിച്ച ക്യാപ്റ്റൻ സ്മിത്തുമൊത്ത് രണ്ടാം വിക്കറ്റിൽ 56 റൺസ് കൂട്ടിച്ചേർത്തു. സ്മിത്തിനെ ചഹാൽ മടക്കിയെങ്കിലും ഫിഞ്ചിനൊപ്പം ചേർന്ന ഗ്ലെൻ മാക്സ്വൽ (23) മൂന്നാം വിക്കറ്റിൽ 48 റൺസിൻ്റെ കൂട്ടുകെട്ടുയർത്തി. ഇതിനിടെ 40 പന്തുകളിൽ ഫിഞ്ച് ഫിഫ്റ്റിയിലെത്തി. മാക്സ്വലിനെയും ഭുവി മടക്കി. മാർക്കസ് സ്റ്റോയിനിസ് (7) അർഷ്ദീപിനു മുന്നിൽ വീണു. അവസാന ഓവറിൽ 11 റൺസാണ് ഓസീസിന് ജയിക്കാൻ വേണ്ടിയിരുന്നത്. ഷമിയുടെ മൂന്നാം പന്തിൽ കോലി വിസ്മയ ക്യാച്ചിൽ കമ്മിൻസിനെ(6 പന്തിൽ 7) പുറത്താക്കി. തൊട്ടടുത്ത പന്തിൽ ആഷ്ടൺ ടർണർ റണ്ണൗട്ടായി. അടുത്ത പന്തിൽ ഇംഗ്ലിസ് ബൗൾഡായി. അവസാന പന്തിൽ കെയ്ൻ റിച്ചാഡ്സണും ബൗൾഡായതോടെ ഇന്ത്യ വിജയിച്ചു. ഓസ്ട്രേലിയക്ക് വേണ്ടി കെയിൻ റിച്ചാർഡ്സൺ 4 വിക്കറ്റ് വീഴ്ത്തി.