പാരീസ്: കാൽപന്ത് കളി ലോകത്തെ ഗ്ലാമർ പുരസ്കാരമായ ബാലൺ ഡി ഓർ പ്രഖ്യാപനം ഇന്ന് നടക്കും. ഇന്ത്യൻ സമയം രാത്രി 12 മണി മുതൽ പാരീസിലെ തിയേറ്റർ ഡു ചാറ്റ്ലെറ്റിലാണ് പുരസ്കാര ചടങ്ങ്. റയൽ മാഡ്രിഡിൻ്റെ ഫ്രഞ്ച് താരം കരിം ബെൻസെമയാണ് സാധ്യതയിൽ മുമ്പിൽ.
ബയേൺ മ്യൂണിക് താരം സെനഗലിൻ്റെ സാദിയോ മാനെ, പിഎസ്ജിയുടെ ഫ്രഞ്ച് താരം കിലിയൻ എംബാപ്പെ, ബാഴ്സലോണ മുന്നേറ്റക്കാരൻ പോളണ്ടിൻ്റെ റോബർട്ട് ലെവൻഡോവ്സ്കി, മാഞ്ചസ്റ്റർ സിറ്റിയുടെ ബൽജിയം താരം കെവിൻ ഡി ബ്രയ്ൻ എന്നിവർക്കും സാധ്യതയുണ്ട്. മുൻ ജേതാവ് ക്രിസ്റ്റ്യാനോ റൊണാൾഡോയും പട്ടികയിലുണ്ട്. 7 തവണ ജേതാവായ ലയണൽ മെസി ഉൾപെടാത്ത ലിസ്റ്റിൽ ഒരു അർജൻറീനിയൻ താരവും ഇടം നേടിയിട്ടില്ല.
ലാലീഗയിലും ചാമ്പ്യൻസ് ലീഗിലും റയലിനെ കിരീടത്തിലേക്ക് നയിച്ച ഫ്രഞ്ച് സ്ട്രൈക്കർ കരിം ബെൻസേമ കഴിഞ്ഞ സീസണിൽ 32 മത്സരങ്ങളിൽ നിന്ന് 27 ഗോളുകളാണ് നേടിയത്. 2021ലെ ടീം ട്രോഫികളും വ്യക്തിപരമായ പ്രകടനവും, ഓവറോൾ കരിയർ പെർഫോമൻസ്, തുടങ്ങി പല ഘടകങ്ങളാണ് ബാലൺ ഡി ഓറിനുള്ള മാനദണ്ഡം. വിവിധ രാജ്യങ്ങളുടെയും ക്ലബുകളുടെയും പരിശീലകരും ക്യാപ്റ്റന്മാരും സ്പോർട്സ് ജേർണലിസ്റ്റുകളും പങ്കെടുത്ത പൊസിഷണൽ വോട്ടിങ് സിസ്റ്റത്തിലെ ആകെ പോയൻറുകൾ കൂട്ടിനോക്കിയാണ് ജേതാവിനെ കണ്ടെത്തുക.