രാജ്യത്തെ ഹിന്ദുത്വ വർഗീയതയെ ഒറ്റപ്പെടുത്തി പരാജയപ്പെടുത്താനും ജനാധിപത്യം സംരക്ഷിക്കാനും ഇടത് ഐക്യം ശക്തമാക്കുന്നതിനൊപ്പം മതനിരപേക്ഷ ശക്തികളെയും ഒരു കുടക്കീഴിൽ അണിനിരത്തണമെന്ന് സിപിഎം ജനറൽ സെക്രട്ടറി സീതാറാം യെച്ചൂരി. സിപിഐ ഇരുപത്തിനാലാം പാർടി കോൺഗ്രസിനെ അഭിവാദ്യം ചെയ്തു സംസാരിക്കുകയായിരുന്നു അദ്ദേഹം.
രാജ്യത്തെ ജനകീയ പോരാട്ടങ്ങൾ കൂടുതൽ ഊർജ്വസ്വലമായി മുന്നോട്ടുകൊണ്ടുപോകാൻ ബദൽ നയങ്ങളുള്ള ഇടത് പാർടികളുടെ ഐക്യം ശക്തിപ്പെടുത്തേണ്ടത് അനിവാര്യമാണ്. ജനങ്ങളുടെ ജീവിത നിലവാരം ഉയർത്താനും രാജ്യത്തിന്റെ മതനിരപേക്ഷ ജനാധിപത്യ സ്വഭാവം നിലനിർത്താനും ബദൽ നയങ്ങൾ വേണം. കേന്ദ്രാധികാരത്തിൻ്റെ മറവിൽ ആർഎസ്എസ്-ബിജെപി ശക്തികൾ മതപരമായി ജനങ്ങളെ ഭിന്നിപ്പിക്കുന്നു. റിപ്പബ്ലിക്കൻ്റെ അടിസ്ഥാന സ്വഭാവം അവർക്കനുകൂലമായി മാറ്റാൻ ശ്രമങ്ങൾ നടത്തുകയാണ്. നവഉദാരവൽക്കരണം രാജ്യത്തിൻ്റെ സാമ്പത്തിക പരമാധികാരത്തെ തകർത്തു. മതനിരപേക്ഷതയെ ദുർബലപ്പെടുത്താൻ ബിജെപി നിയമങ്ങൾ കൊണ്ടുവരുന്നു എന്നും അദ്ദേഹം വ്യക്തമാക്കി.
എതിർക്കുന്നവരെയും ന്യൂനപക്ഷങ്ങളെയും കരിനിയമങ്ങൾ ചുമത്തി ജയിലിലടക്കുന്നു. ഭരണഘടന പദവിയായ ഗവർണർ സ്ഥാനത്തെയും ബിജെപി ദുരുപയോഗിക്കുകയാണ്. പാർലമെന്റ്, ജുഡീഷ്യറി, തെരഞ്ഞെടുപ്പ് കമ്മീഷൻ തുടങ്ങി ഭരണഘടന സ്ഥാപനങ്ങൾക്കും ബിജെപി തുരങ്കം വെക്കുന്നു. കുത്തകകൾ നിയന്ത്രിക്കുന്ന മാധ്യമങ്ങൾ വ്യാജവാർത്തകൾ പ്രചരിപ്പിക്കുകയാണ്. ജനക്ഷേമ പദ്ധതികളാണ് കേരളത്തിലെ എൽഡിഎഫ് സർക്കാരിന് തുടർഭരണം നേടിക്കൊടുത്തതെന്നും മാനവവിഭവ ശേഷിയിൽ രാജ്യത്ത് ഒന്നാം സ്ഥാനത്താണ് സംസ്ഥാനമെന്നും യെച്ചൂരി കൂട്ടിച്ചേർത്തു.