ബലാത്സംഗം ചെയ്യുന്നവരെയും കൊലപാതകം ചെയ്യുന്നവരെയും സംരക്ഷിക്കുന്നതാണ് കെപിസിസി നിലപാടെന്ന വിമർശനവുമായി ഡിവൈഎഫ്ഐ. നിഖിൽ പൈലിയുടെ കാര്യത്തിൽ നടന്നത് കുന്നപ്പിള്ളിയുടെ കാര്യത്തിലും ആവർത്തിക്കുകയാണ്. എംഎൽഎ ഒളിവിൽ പോയത് കെപിസിസി നേതൃത്വത്തിൻ്റെ അറിവോടെയാണെന്നും ഒളിവിൽ പോയാലും പൊലീസ് പിടികൂടുമെന്നും ഡിവൈഎഫ്ഐ സംസ്ഥാന സെക്രട്ടറി വി കെ സനോജ് പ്രതികരിച്ചു. എൽദോസ് കുന്നപ്പിള്ളി എംഎൽഎ സ്ഥാനം രാജിവയ്ക്കണമെന്നും എം.വിൻസന്റ് എംഎൽഎയ്ക്കും സമാനമായ സംരക്ഷണം ലഭിച്ചുവെന്നും വി കെ സനോജ്.
അന്ധവിശ്വാസങ്ങൾക്കെതിരെ ഡിവൈഎഫ്ഐ സംവാദ സദസ്സുകൾ സംഘടിപ്പിക്കുമെന്നും അദ്ദേഹം കൂട്ടിച്ചേർത്തു. Be scientific, Be Human എന്ന പേരിൽ 2000 സംവാദങ്ങൾ സംഘടിപ്പിക്കും. ജനങ്ങളിൽ ശാസ്ത്രീയ അവബോധം സൃഷ്ടിക്കുകയാണ് ഇതിലൂടെ ലക്ഷ്യംവയ്ക്കുന്നതെന്നും സനോജ് വ്യക്തമാക്കി.
മത വിശ്വാസം അന്ധ വിശ്വാസമായി വളരുകയും അതൊരു സാമൂഹിക തിന്മയായി രൂപാന്തരപെടുകയും ചെയ്യുന്ന സംഭവങ്ങളെ ജാഗ്രതയോടെ കാണണം. ആത്മീയ വ്യാപാരികളുടെയും അന്ധവിശ്വാസ പ്രചാരകൻമാരുടെയും കൈകളിൽ നിന്ന് പാവപ്പെട്ട ജനങ്ങളെ മോചിപ്പിക്കേണ്ടതുണ്ട്.
ശാസ്ത്ര ചിന്തയും നവോത്ഥാന ആശയങ്ങളും കൂടുതൽ ജാഗ്രതയോടെ പ്രചരിപ്പിക്കണ്ടതിൻ്റെ രാഷ്ട്രീയ ഉത്തരവാദിത്വത്തിലേക്കാണ് ഇത്തരം സംഭവങ്ങൾ വിരൽ ചൂണ്ടുന്നത്. ഡിവൈഎഫ്ഐ വിപുലമായ കാമ്പയിനുകൾ സംഘടിപ്പിക്കും. ഈ ചുമതലകൾ കേരളീയ സമൂഹം ഒന്നടങ്കം ഏറ്റെടുക്കണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു.