കീവ്: യുക്രെയ്നിൽ ആക്രമണം കടുപ്പിച്ച് റഷ്യ. 24 മണിക്കൂറിൽ നാൽപതോളം പട്ടണങ്ങളിലാണു മിസൈലാക്രമണം നടന്നത്. തെക്കൻ നഗരമായ മികൊലെയ്വിൽ വൻനാശമുണ്ടായി. അപാർട്ട്മെന്റ് സമുച്ചയവും കപ്പൽനിർമാണ കേന്ദ്രവും തകർന്നു. കീവിലേക്കും ഡ്രോൺ ആക്രമണമുണ്ടായി. നികോപോളിലെ 30 നില കെട്ടിടവും വാതക പൈപ്പ്ലൈനും ആക്രമിക്കപ്പെട്ടു. ഉക്രയ്നെ നാറ്റോയുടെ ഭാഗമാക്കിയാൽ മൂന്നാം ലോകയുദ്ധമായിരിക്കും ഫലമെന്ന് റഷ്യൻ ദേശീയ സുരക്ഷാ കൗൺസിൽ ഡെപ്യൂട്ടി സെക്രട്ടറി അലക്സാണ്ടർ വെനെഡിക്ടോവ് പറഞ്ഞു. യുക്രെയ്നിന് ആയുധസഹായം നൽകുന്നത് യുദ്ധത്തിൽ പങ്കെടുക്കുന്നതിനു തുല്യമായി കരുതുമെന്ന മുന്നറിയിപ്പ് റഷ്യ ആവർത്തിച്ചു.
യുക്രെയ്നിൻ്റെ മിസൈൽ പ്രതിരോധ സംവിധാനം മെച്ചപ്പെടുത്താൻ നാറ്റോ സഖ്യരാഷ്ട്രങ്ങൾ സഹായിക്കും. ആവശ്യമായ വ്യോമപ്രതിരോധത്തിൻ്റെ 10 % മാത്രമാണ് ഇപ്പോൾ യുക്രെയ്നിന് ഉള്ളതെന്ന് പ്രസിഡന്റ് വൊളോഡിമിർ സെലെൻസ്കി പറഞ്ഞു. നാറ്റോയുടെ ഭാഗമാക്കാനുള്ള നടപടികൾ വേഗത്തിലാക്കുമെന്ന ഉക്രയ്ൻ പ്രസിഡന്റ് വ്ലോദിമിർ സെലൻസ്കിയുടെ പ്രഖ്യാപനത്തോടാണ് വെനെഡിക്ടോവിന്റെ പ്രതികരണം.