മുംബൈ: റോജർ ബിന്നി ഇന്ത്യൻ ക്രിക്കറ്റ് കൺട്രോൾ ബോർഡിൻ്റെ (ബിസിസിഐ) പുതിയ പ്രസിഡന്റാകും. എന്നാൽ ഗാംഗുലിക്ക് ഐപിഎൽ പ്രസിഡന്റ് സ്ഥാനം ലഭിച്ചേക്കുമെന്ന് വാർത്തകൾ പുറത്തുവന്നിരുന്നു. ബിസിസിഐ പ്രസിഡന്റ് സ്ഥാനം നഷ്ടമാകുമെന്ന ഏറെ കുറെ ഉറപ്പായ സാഹചര്യത്തിൽ ഐപിഎൽ ചെയർമാൻ സ്ഥാനം തനിക്ക് വേണ്ടെന്ന നിലപാടിലാണ് സൗരവ് ഗാംഗുലി.
കേന്ദ്ര ആഭ്യന്തരമന്ത്രി അമിത് ഷായുടെ മകനായ ജയ് ഷാ ബിസിസിഐ സെക്രട്ടറിയായും രാജീവ് ശുക്ല വൈസ് പ്രസിഡൻ്റായും തുടരും. 2017 മുതൽ 19 വരെ മുംബൈ ക്രിക്കറ്റ് അസോസിയേഷൻ പ്രസിഡൻ്റ് ആയിരുന്ന ആഷിഷ് ഷെലർ ബിസിസിഐ ട്രഷറർ ആവും. നിലവിൽ അസം ക്രിക്കറ്റ് അസോസിയേഷൻ സെക്രട്ടറിയായ ദേവജിത് സൈകിയ ജോയിൻ്റ് സെക്രട്ടറിയാവും. 36ാമത് ബിസിസിഐ പ്രസിഡന്റിനെയാണ് ഈ മാസം 18ന് തെരഞ്ഞെടുക്കുക. ഈ 12ാം തിയതിയാണ് പത്രിക സമർപ്പിക്കാനുളള അവസാന ദിവസം. 14ന് മുമ്പായി പത്രിക പിൻവലിക്കാം.
കർണാടക ക്രിക്കറ്റ് അസോസിയേഷൻ പ്രസിഡന്റാണ് അറുപത്തേഴുകാരനായ ബിന്നി. 1979–1987 കാലത്ത് ദേശീയ ടീമിൽ അംഗമായിരുന്നു. 27 ടെസ്‌റ്റിൽ 47 വിക്കറ്റെടുത്തു. 72 ഏകദിനത്തിൽ 77 വിക്കറ്റ്. 1983 ലോകകപ്പിൽ എട്ട് കളിയിൽ 18 വിക്കറ്റെടുത്ത് കിരീടനേട്ടത്തിൽ പ്രധാന പങ്കുവഹിച്ചു.