കറാച്ചി: താലിബാൻ വധശ്രമത്തിൻ്റെ പത്താം വാർഷികവേളയിൽ ജൻമനാട് സന്ദർശിച്ച് മലാല യൂസഫ്സായി. പാകിസ്താനിലെ പ്രളയ ബാധിതരെ സന്ദർശിക്കാനാണ് മലാല എത്തിയത്. ദുരിത ബാധിത പ്രദേശങ്ങളിലേക്ക് അന്താരാഷ്ട്ര ശ്രദ്ധ ക്ഷണിക്കാനും സഹായം തേടാനുമാണ് സന്ദർശനമെന്ന് സന്നദ്ധ സംഘടനയായ മലാല ഫണ്ട് അറിയിച്ചു.
പ്രളയത്തെ തുടർന്ന് ഏതാണ്ട് 8 ദശലക്ഷം ആളുകളാണ് കുടിയൊഴിക്കപ്പെട്ടത്. ഇവർ ഇപ്പോൾ ഗുരുതരമായ ആരോഗ്യപ്രശ്നങ്ങൾ നേരിടുന്നതായും റിപ്പോർട്ടുകൾ പറയുന്നു. മലാലയുടെ ജന്മഗ്രാമമായ മിംഗോറയിൽ മാത്രം 28 ബില്യൺ ഡോളറിൻ്റെ നാശനഷ്ടമാണ് പ്രളയം സൃഷ്ടിച്ചത്.
പെൺകുട്ടികളുടെ വിദ്യാഭ്യാസ അവകാശത്തിനായി ശക്തമായി ശബ്ദമുയർത്തിയ മലാലയെ 2012ൽ പാകിസ്ഥാനിലെ സ്വാത് ജില്ലയിൽവച്ചാണ് താലിബാൻ ആക്രമിച്ചത്. അന്ന് 15 വയസ്സായിരുന്നു മലാലയ്ക്ക്. ചികിത്സയും തുടർപഠനവും ബ്രിട്ടനിലായിരുന്നു. 17-ാം വയസ്സിൽ നൊബേൽ സമ്മാനം ലഭിച്ചു.