ഹിന്ദി ഭാഷ അടിച്ചേല്‍പ്പിക്കാനുള്ള നീക്കം ഉപേക്ഷിക്കണമെന്നാവശ്യപ്പെട്ട് മുഖ്യമന്ത്രി പിണറായി വിജയന് പ്രധാനമന്ത്രിക്ക് കത്തയച്ചു. ഹിന്ദി ഏക അധ്യയന ഭാഷയാക്കി അടിച്ചേല്‍പ്പിക്കരുതെന്നും വിദ്യാഭ്യാസ രംഗത്തെ സംസ്ഥാനങ്ങളുടെ സവിശേഷാധികാരങ്ങള്‍ പരിഗണിക്കണമെന്നും ഈ നീക്കം രാജ്യത്തിന്റെ ഫെഡറല്‍ സ്വഭാവത്തിന് യോജിച്ചതല്ലെന്നും മുഖ്യമന്ത്രി കത്തില്‍ പറയുന്നു.
തൊഴിലിനും വിദ്യാഭ്യാസത്തിനും ഹിന്ദി ഭാഷയിലെ പ്രാവീണ്യം നിര്‍ബന്ധമാക്കണമെന്നതുള്‍പ്പെടെയുള്ള നിര്‍ദ്ദേശങ്ങള്‍ കേന്ദ്ര ആഭ്യന്തര മന്ത്രി അമിത് ഷാ അധ്യക്ഷനായ സമിതി മുന്നോട്ടുവെച്ചുവെന്നാണ് റിപ്പോര്‍ട്ട് ചെയ്യപ്പെട്ടത്. കേന്ദ്രീയ വിദ്യാലയങ്ങള്‍, ഐഐടികള്‍, ഐഐഎമ്മുകള്‍, കേന്ദ്ര സര്‍വകലാശാലകള്‍ തുടങ്ങിയവയില്‍ ഹിന്ദി നിര്‍ബന്ധിത അധ്യയന ഭാഷയാക്കണമെന്നും കേന്ദ്രസര്‍ക്കാര്‍ ജോലികളിലേക്കുള്ള പരീക്ഷകളിലെ ചോദ്യാവലി ഹിന്ദിയിലാവണമെന്നും ശുപാര്‍ശകളിലുണ്ട്. ഇത്തരത്തില്‍ അധ്യയന മാധ്യമമായി ഹിന്ദി ഭാഷയെ അടിച്ചേല്‍പ്പിക്കുന്ന എല്ലാ ശ്രമങ്ങളും രാജ്യത്തെ ജനങ്ങളില്‍ വിശിഷ്യാ തൊഴിലന്വേഷകരില്‍ ആശങ്കയുണ്ടാക്കുന്നതാണ്. ഈ വിഷയത്തില്‍ ഇടപെട്ട് ആശങ്ക പരിഹരിക്കണമെന്നും തിരുത്തല്‍ നടപടികള്‍ എടുക്കണമമെന്നും പ്രധാനമന്ത്രിയോട് ആവശ്യപ്പെട്ടു
സഹകരണാത്മക ഫെഡറല്‍ തത്വങ്ങള്‍ക്ക് വിരുദ്ധമായ തിടുക്കത്തിലുള്ള തീരുമാനങ്ങള്‍ ഉണ്ടാവരുതെന്നും ഹിന്ദിവല്‍ക്കരണത്തിനായുള്ള ശ്രമങ്ങളില്‍ നിന്നും കേന്ദ്ര സര്‍ക്കാര്‍ പിന്മാറണമെന്നും ആവശ്യപ്പെട്ടതായി മുഖ്യമന്ത്രി ഫേസ്ബുക്ക് പോസ്റ്റില്‍ പറഞ്ഞു.