കീവ്: ക്രിമിയയെ റഷ്യയുമായി ബന്ധിപ്പിക്കുന്ന കടൽപ്പാലത്തിലെ സ്‌ഫോടനത്തിനു പിന്നാലെ ഉക്രയ്‌നുനേരെയുള്ള ആക്രമണം ശക്തമാക്കി റഷ്യ. കഴിഞ്ഞ ദിവസം സപൊറിഷ്യയിൽ നടന്ന മിസൈൽ ആക്രമണത്തിൻ്റെ തുടർച്ചയായി ഉക്രയ്‌ൻ തലസ്ഥാനമായ കീവിലേക്കും ആക്രമണം വ്യാപിപ്പിച്ചു. 11 പേർ കൊല്ലപ്പെട്ടു. എഴുപതോളം പേർക്ക് പരിക്ക്. ജൂണിനുശേഷമുണ്ടായ ഏറ്റവും തീവ്രമായ ആക്രമണത്തിൽ തിങ്കളാഴ്ചമാത്രം 84 മിസൈലുകൾ റഷ്യ പ്രയോഗിച്ചതായും ഇതിൽ 43 എണ്ണം പ്രതിരോധിച്ചതായും യുക്രൈൻ വൃത്തങ്ങൾ അറിയിച്ചു. റഷ്യൻ നടപടിയെ യുഎസും ഐക്യരാഷ്ട്ര സഭയും അപലപിച്ചു. ഖാർക്കീവ്, കീവ്, സാപ്രോഷ്യ തുടങ്ങിയ പ്രദേശങ്ങൾ കേന്ദ്രീകരിച്ചാണ് മിസൈൽ ആക്രമണം നടന്നത്.
ഉക്രയ്‌നെ ഭൂമുഖത്തുനിന്ന് തുടച്ചുനീക്കാൻ ലക്ഷ്യമിട്ടുള്ള ആക്രമണമാണ് റഷ്യ നടത്തുന്നതെന്ന് ഉക്രയ്‌ൻ പ്രസിഡന്റ് വ്‌ലാദിമിർ സെലൻസ്‌കി ആരോപിച്ചു. ഉക്രയ്‌നെ ആക്രമിക്കാർ റഷ്യ ഇറാൻ്റെ ഡ്രോണുകൾ ഉപയോഗിച്ചെന്നും അദ്ദേഹം പറഞ്ഞു. അതേസമയം ആക്രമണം പ്രതികാര നടപടിയുടെ ആദ്യ എപ്പിസോഡ് മാത്രമാണെന്ന് റഷ്യയുടെ മുൻ പ്രസിഡന്റ് ദിമിത്രി മെദ്‌വദേവ് മുന്നറിയിപ്പ് നൽകി. ‘ആദ്യ എപ്പിസോഡ് പ്ലേ ചെയ്തു. മറ്റുള്ളവ ഉണ്ടാകും’ എന്ന് ദിമിത്രി മെദ്‌വദേവ് സാമൂഹിക മാധ്യമത്തിലെഴുതിയ കുറിപ്പിലൂടെ പറഞ്ഞു.