കൊച്ചി: ഐഎസ്എൽ ഒമ്പതാം സീസണ് ഇന്ന് തുടക്കമാവും. ഉദ്ഘാടന മത്സരത്തിൽ കേരള ബ്ലാസ്റ്റേഴ്സ് ഈസ്റ്റ് ബംഗാളിനെ നേരിടും. കൊച്ചി ജവഹർലാൽ നെഹ്റു സ്റ്റേഡിയത്തിൽ രാത്രി 7.30 നാണ് മത്സരം. രണ്ട് വർഷത്തെ ഇടവേളയ്ക്ക് ശേഷമാണ് ഗ്യാലറികളിലെ ആവേശത്തോടെ ഐഎസ്എല്ലിന് തുടക്കമാവുന്നത്. കരുത്തരായ ആരാധകർക്ക് മുന്നിൽ ആദ്യ മത്സരത്തിനിറങ്ങുന്നതാണ് ആത്മവിശ്വാസം ഇരട്ടിയാക്കുന്നത്. ജെസൽ കാർണെയ്റോ ക്യാപ്റ്റനായ ടീമിൽ സഹൽ അബ്ദുൽ സമദും എം.എസ്. ശ്രീക്കുട്ടനും അടക്കം ഏഴ് മലയാളികളാണ് ഉള്ളത്. ആദ്യ കിരീടം എന്ന സ്വപ്നവുമായി ഇത്തവണ കളത്തിൽ ഇറങ്ങുമ്പോളും എല്ലാ പ്രതീക്ഷകളും പരിശീലകനായ ഇവാൻ വുകമനോവിച്ചിലാണ്.
രണ്ടുവർഷത്തെ ഇടവേളയ്ക്കുശേഷമാണ് ഐ.എസ്.എൽ. ഹോം ആൻഡ് എവേ അടിസ്ഥാനത്തിലേക്ക് തിരിച്ചെത്തുന്നത്. കഴിഞ്ഞ സീസണിൽ ടീമിലുണ്ടായിരുന്ന 16 പേരെ നിലനിർത്തിയപ്പോൾ 12 പേർ പുതുതായെത്തി. 14 യുവതാരങ്ങളാണ് ഇത്തവണ ബ്ലാസ്റ്റേഴ്സ് നിരയിലുള്ളത്. ഏഴ് വർഷം ഇന്ത്യൻ ദേശീയ ടീമിൻ്റെ പരിശീലകനായിരുന്ന സ്റ്റീഫൻ കോൺസ്റ്റന്റയിൻ്റെ തന്ത്രങ്ങളുമായാണ് ഈസ്റ്റ് ബംഗാൾ എത്തുന്നത്. പുതിയ പ്രതീക്ഷകളുമായി ഒരുങ്ങുന്ന ഈസ്റ്റ് ബംഗാളിന് ഇത്തവണ മികച്ച താരങ്ങളുടെ കരുത്തുണ്ട്.