ബാങ്കോക്ക്: തായ്ലൻഡിലെ വടക്കുകിഴക്കൻ പ്രവിശ്യയിലെ കുട്ടികളുടെ ഡേ കെയർ സെന്ററിലുണ്ടായ വെടിവയ്പിൽ കുട്ടികളടക്കം 31 പേർ കൊല്ലപ്പെട്ടു. വ്യാഴാഴ്ച ഉച്ചയോടെയാണ് ആക്രമണമുണ്ടായത്. രാജ്യത്തിൻ്റെ വടക്കു കിഴക്കൻ പ്രവിശ്യയിലാണ് സംഭവം. മുൻ പൊലീസ് ഉദ്യോഗസ്ഥനാണ് വെടിവയ്പ്പ് നടത്തിയതെന്നാണ് വിവരം. ഇയാൾക്കായി തിരച്ചിൽ നടത്തുകയാണെന്ന് ഡപ്യൂട്ടി പൊലീസ് വക്താവ് ആർക്കോൺ ക്രൈയ്തോങ് പറഞ്ഞു.
പ്രതിയെ പിടികൂടാനായിട്ടില്ല. ഇയാളെ പിടികൂടാനായി മുഴുവൻ അന്വേഷണ ഏജൻസികളും ജാഗ്രത പുലർത്തണമെന്ന് പ്രധാനമന്ത്രി പറഞ്ഞു. 2020 ൽ തായ്ലൻഡിൽ വസ്തു ഇടപാടുമായി ബന്ധപ്പെട്ട് ഒരു സൈനികൻ നാലിടങ്ങളിലായി നടത്തിയ വെടിവയ്പ്പിൽ 29 പേർ കൊല്ലപ്പെടുകയും 57 പേർക്കു പരുക്കേൽക്കുകയും ചെയ്തിരുന്നു.