ടി-20 ലോകകപ്പിനുള്ള ഇന്ത്യൻ ടീം ഓസ്ട്രേലിയയിലേക്ക് തിരിച്ചു. ഇന്ന് പുലർച്ചയോടെ ടീം യാത്ര തിരിച്ചത്. ഒക്ടോബർ 16നാണ് ലോകകപ്പ് മത്സരങ്ങൾ ആരംഭിക്കുക. ലോകകപ്പിനു മുൻപ് ഇന്ത്യ രണ്ട് സന്നാഹമത്സരങ്ങൾ കളിക്കും. ഒക്ടോബർ 17ന് ഓസ്ട്രേലിയക്കെതിരെയാണ് ഇന്ത്യയുടെ ആദ്യ മത്സരം. ഇന്ത്യൻ സമയം ഉച്ച തിരിഞ്ഞ് 2ന് ഗാബയിൽ വച്ചാണ് മത്സരം. 19ന് ന്യൂസീലൻഡുമായി ഇതേ സ്റ്റേഡിയത്തിൽ ന്യൂസീലൻഡുമായി ഇന്ത്യ കളിക്കും. ഇന്ത്യൻ സമയം വൈകിട്ട് ആറിനാണ് മത്സരം. ഒക്ടോബർ 23ന് പാകിസ്താനെതിരെയാണ് ലോകകപ്പിൽ ഇന്ത്യയുടെ ആദ്യ മത്സരം.
പരുക്കേറ്റ സൂപ്പർ താരം ജസ്പ്രീത് ബുംറയ്ക്ക് പകരക്കാരനില്ലാതെയാണ് ടീം യാത്ര തിരിച്ചത്. ബുംറയ്ക്ക് പകരക്കാരനായി മുഹമ്മദ് ഷമി എത്തുമെന്നാണ് വിവരം. കൊവിഡ് ബാധിതനായിരുന്ന ഷമി നിലവിൽ വൈറസ് മുക്തനായതിനു ശേഷം ദേശീയ ക്രിക്കറ്റ് അക്കാദമിയിൽ ഫിറ്റ്നസ് വീണ്ടെടുക്കാനുള്ള പരിശീലനത്തിലാണ്. ഫിറ്റ്നസ് വീണ്ടെടുത്തതിനു ശേഷം താരം ഓസ്ട്രേലിയയിലേക്ക് തിരിക്കും.
അതേസമയം, ദക്ഷിണാഫ്രിക്കക്കെതിരായ ഏകദിന പരമ്പരയ്ക്ക് ഇന്ന് തുടക്കമാകും. രോഹിത് ശർമ്മ സീനിയർ ടീമുമായി ടി20 ലോകകപ്പിന് യാത്ര തിരിച്ചതിനാൽ ശിഖർ ധവാനാണ് ഇന്ത്യൻ ടീമിനെ നയിക്കുക. ശ്രേയസ് അയ്യരാണ് ടീമിൻ്റെ വൈസ് ക്യാപ്റ്റൻ. മലയാളി വിക്കറ്റ് കീപ്പർ സഞ്ജു സാംസണും ടീമിലുണ്ട്. ഉച്ചയ്ക്ക് ഒരു മണിക്ക് ലഖ്നൗവിലാണ് മത്സരം. ഈ മാസം ഒമ്പതിന് റാഞ്ചിയിൽ രണ്ടാം ഏകദിനവും ഈ മാസം 11-ന് ദില്ലിയിൽ മൂന്നാം ഏകദിനവും നടക്കും. മൂന്ന് മത്സര ട്വൻറി-20 പരമ്പര 2-1 ന് നേടിയതിൻ്റെ ആത്മവിശ്വാസത്തിലാണ് ടീംഇന്ത്യ ഏകദിന പരമ്പരയ്ക്കിറങ്ങുന്നത്.