അർജന്റീനയുടെ എക്കാലത്തെയും മികച്ച ഫുട്ബോൾ താരങ്ങളിലൊരാളായ ഗോൺസാലോ ഹിഗ്വയ്ൻ വിരമിക്കൽ പ്രഖ്യാപിച്ചു. അമേരിക്കൻ-കനേഡിയൻ ലീഗായ എം.എൽ.എസ്സിൽ ഇന്റർ മിയാമിയ്ക്ക് വേണ്ടിയാണ് താരം നിലവിൽ കളിക്കുന്നത്. ഈ സീസൺ അവസാനിക്കുന്നതോടെ ബൂട്ടഴിയ്ക്കും. വാർത്താസമ്മേളനത്തിൽ പൊട്ടിക്കരഞ്ഞുകൊണ്ടാണ് താരം വിരമിക്കൽ പ്രഖ്യാപനം നടത്തിയത്.
പതിനേഴര വർഷത്തെ ഏറ്റവും മനോഹരമായ കരിയറാണ് അവസാനിക്കുന്നത്. ഫുട്ബോൾ എനിക്ക് ഒരുപാട് കാര്യങ്ങൾ സമ്മാനിച്ചു. എനിക്കു കഴിയാവുന്നതെല്ലാം കളിക്കളത്തിൽ സമർപ്പിക്കുകയും ചെയ്തിട്ടുണ്ട്. എന്നെ വിശ്വസിച്ചവർക്കെല്ലാം നന്ദി. കളിയോട് വിടപറയേണ്ട സമയമായിരിക്കുകയാണെന്നും വികാരനിർഭരമായ വാർത്താസമ്മേളനത്തിൽ 34കാരൻ പറഞ്ഞു.
അർജന്റീനയിലെ ക്ലബ്ബായ റിവർപ്ലേറ്റിലൂടെയാണ് താരം പ്രഫഷണൽ ഫുട്ബോൾ രംഗത്ത് അരങ്ങേറ്റം നടത്തിയത്. 2005 മുതൽ 2007 വരെ ഹിഗ്വയ്ൻ റിവർപ്ലേറ്റിനുവേണ്ടി കളിച്ചു. സ്പാനിഷ്, ഇറ്റാലിയൻ, ഇംഗ്ലീഷ് ലീഗുകളിൽ പ്രമുഖ ക്ലബുകൾക്കായി ബൂട്ടുകെട്ടിയിട്ടുണ്ട് ഹിഗ്വെയിൻ. റയൽ മാഡ്രിഡ്, യുവന്റസ്, നാപ്പോളി തുടങ്ങിയ ടീമുകൾക്കുവേണ്ടി 300ലേറെ ഗോളുകളാണ് താരം അടിച്ചുകൂട്ടിയിട്ടുള്ളത്. അർജന്റീന ക്ലബായ റിവർ റിവർപ്ലേറ്റിലിൽ നിന്നാണ് റയലിലെത്തുന്നത്. ഏഴു സീസണുകളിലായി ടീമിൻ്റെ മൂന്ന് കിരീടനേട്ടങ്ങളുടെ ഭാഗമാകാനായി. നാപ്പോളിയിലും മികച്ച പ്രകടനമാണ് പുറത്തെടുത്തത്. 2015-16 സീസണിൽ 35 കളികളിൽനിന്ന് 36 ഗോളുമായി റെക്കോർഡ് നേട്ടവും സ്വന്തമാക്കി.
അർജന്റീനയ്ക്ക് വേണ്ടി 75 മത്സരങ്ങൾ കളിച്ച ഹിഗ്വയ്ൻ 31 ഗോളുകൾ നേടിയിട്ടുണ്ട്. അർജന്റീനയ്ക്ക് വേണ്ടി ഏറ്റവുമധികം ഗോളുകൾ നേടിയ അഞ്ചാമത്തെ താരം എന്ന റെക്കോഡും ഹിഗ്വയ്ൻ സ്വന്തമാക്കിയിട്ടുണ്ട്. സാക്ഷാൽ മാറഡോണയേക്കാൾ ഗോളുകൾ രാജ്യത്തിനുവേണ്ടി നേടിയ താരമാണ് ഹിഗ്വയ്ൻ. 2014-ൽ ലോകകപ്പ് ഫൈനലിലെത്തിയ അർജന്റീന ടീമിലംഗവുമാണ് താരം.