ധാക്ക: വനിതാ ഏഷ്യാ കപ്പിൽ ഇന്ത്യക്ക് തുടർച്ചയായ രണ്ടാം ജയം. മഴമൂലം തടസപ്പെട്ട മത്സരത്തിൽ മലേഷ്യയെയാണ് ഇന്ത്യൻ വനിതകൾ തകർത്തത്. ആദ്യം ബാറ്റ് ചെയ്ത ഇന്ത്യ 20 ഓവറിൽ നാലു വിക്കറ്റ് നഷ്ടത്തിൽ 181 റൺസെടുത്തപ്പോൾ മറുപടി ബാറ്റിംഗിനിറങ്ങിയ മലേഷ്യ 5.2 ഓവറിൽ രണ്ട് വിക്കറ്റ് നഷ്ടത്തിൽ 16 റൺസെടുത്തു നിൽക്കെ മഴയെത്തി. പിന്നീട് മത്സരം പുനരാരംഭിക്കാൻ കഴിയാഞ്ഞതോടെ ഡക്ക്വർത്ത് ലൂയിസ് നിയമപ്രകാരം ഇന്ത്യ 30 റൺസിന് ജയിച്ചതായി പ്രഖ്യാപിക്കുകയായിരുന്നു.
വൈസ് ക്യാപ്റ്റൻ സ്മൃതി മന്ദനയ്ക്ക് വിശ്രമം നൽകിയാണ് ഇന്ത്യ ഇറങ്ങിയത്. പകരം സബ്ബിനേനി മേഘന ടീമിലെത്തി. സ്നേഹ് റാണയ്ക്ക് പകരം കിരൺ നവ്ഗിരെയും ടീമിൽ ഇടം നേടി. സബ്ബിനേനിയും ഷഫാലിയും ചേർന്ന ആദ്യ വിക്കറ്റിൽ ഇന്ത്യ 116 റൺസിൻ്റെ തകർപ്പൻ കൂട്ടുകെട്ടാണ് പടുത്തുയർത്തിയത്. 38 പന്തുകളിൽ ഫിഫ്റ്റി നേടിയ സബ്ബിനേനി ആക്രമിച്ചുകളിച്ചപ്പോൾ ഷഫാലിയും ഫോമിലേക്ക് മടങ്ങിയെത്തുന്നതിൻ്റെ സൂചനകൾ നൽകി. 14-ാം ഓവറിലാണ് സഖ്യം പിരിയുന്നത്. ഷെഫാലി 19-ാം ഓവറിലും മടങ്ങി. 39 പന്തിൽ നിന്നാണ് ഷെഫാലി 46 റൺസെടുത്തത്. ഇതിൽ മൂന്ന് സിക്സും ഒരു ഫോറും ഉൾപ്പെടുന്നു. റിച്ചാ ഘോഷ് 19 പന്തിൽ 33 റൺസുമായി പുറത്താവാതെ നിന്നു. ആദ്യ മത്സത്തിൽ ഇന്ത്യ ശ്രീലങ്കയെ 41 റൺസിന് തോൽപ്പിച്ചിരുന്നു. തുടർച്ചയായ രണ്ടാം ജയവുമാി ഇന്ത്യൻ വനിതകൾ പോയൻറ് പട്ടികയിൽ രണ്ടാം സ്ഥാനത്തേക്ക് കയറി.