സ്വന്തം ജനതയെ ഓർത്തെങ്കിലും യുദ്ധം അവസാനിപ്പിക്കണമെന്ന് റഷ്യൻ പ്രസിഡന്റ് വ്ലാദിമിർ പുടിനോട് അഭ്യർത്ഥിച്ച് ഫ്രാൻസിസ് മാർപ്പാപ്പ. യുക്രെയ്നിലെ റഷ്യൻ അധിനിവേശമുണ്ടാക്കുന്ന രക്തച്ചൊരിച്ചിലും കണ്ണീരും വേട്ടയാടുന്നു. സ്വന്തം ജനങ്ങളോടുളള സ്നേഹം കൊണ്ടെങ്കിലും യുദ്ധത്തിൽ നിന്ന് പിന്മാറണമെന്ന് അദ്ദേഹം പുടിനോട് നിർദേശിച്ചു. ഇത് ആദ്യമായാണ് റഷ്യൻ പ്രസിഡൻറിനോടായി ഇത്തരമൊരു ആവശ്യം മാർപാപ്പ ഉന്നയിക്കുന്നത്. സെൻറ് പീറ്റേഴ്സ് സ്ക്വയറിൽ യുക്രൈനിന് വേണ്ടി നടന്ന പ്രാർത്ഥനയിലായിരുന്നു മാർപാപ്പ ഇക്കാര്യം ആവശ്യപ്പെട്ടത്.
തൻ്റെ അപേക്ഷ റഷ്യൻ ഫെഡറേഷൻ്റെ പ്രസിഡൻറിനോടാണെന്ന് മാർപാപ്പ വ്യക്തമാക്കി. യുക്രൈയ്നിലെ നാല് പ്രദേശങ്ങൾ പിടിച്ചെടുത്ത റഷ്യൻ നടപടികളിൽ മാർപാപ്പ അപലപിക്കുകയും ചെയ്തു. യുദ്ധം ന്യൂക്ലിയർ പോരാട്ടം ഉണ്ടാക്കുമോയെന്ന ഭയവും ഫ്രാൻസിസ് മാർപാപ്പ പങ്കുവെച്ചു. യുക്രെയ്ൻ ജനങ്ങൾ അനുഭവിക്കുന്ന വലിയ വേദന കണക്കിലെടുത്ത് ഗൗരവത്തോടെ സമാധാന ശ്രമങ്ങൾ നടത്തണമെന്ന് വ്ളാദിമിർ സെലൻസ്കിയോട് മാർപാപ്പ ആവശ്യപ്പെട്ടു. ഇരുനേതാക്കളോടുമുളള അപേക്ഷ മാർപാപ്പ ട്വീറ്റ് ചെയ്യുകയും ചെയ്തിട്ടുണ്ട്.