ന്യൂഡൽഹി: മാംസം കഴിക്കുന്നത് നിയന്ത്രിച്ചാൽ ഫോക്കസ് കിട്ടുമെന്ന് ആർഎസ്എസ് അദ്ധ്യക്ഷൻ മോഹൻ ഭാഗവത്. ആർഎസ്എസുമായി ബന്ധപ്പെട്ട സംഘടനയായ ഭാരത് വികാസ് മഞ്ച് സംഘടിപ്പിച്ച പരിപാടിയിൽ സംസാരിക്കുകയായിരുന്നു ആർഎസ്എസ് മേധാവി. തെറ്റായ ഭക്ഷണം കഴിക്കുന്നത് നിങ്ങൾ നിയന്ത്രിക്കണം. വളരെയധികം അക്രമം ഉൾപ്പെടുന്ന ഭക്ഷണം കഴിക്കുന്നത് ഒഴിവാക്കണമെന്നും മോഹൻ ഭാഗവത് ആവശ്യപ്പെട്ടു.
‘തെറ്റായ ഭക്ഷണം കഴിച്ചാൽ നിങ്ങൾ തെറ്റായ വഴിയിൽ പോകുമെന്ന് പറയപ്പെടുന്നു. ‘മാംസ’ ഭക്ഷണം കഴിക്കരുത്. പാശ്ചാത്യ രാജ്യങ്ങളിലുളളവർ മത്സ്യവും മാംസവും കഴിക്കുന്നു. ഇവിടെയുള്ള നോൺ-വെജിറ്റേറിയൻമാർ ‘ശ്രാവണ’ സമയത്തും ആഴ്ചയിലെ ചില ദിവസങ്ങളിലും നോൺ-വെജ് ഭക്ഷണം കഴിക്കാറില്ല. മാംസാഹാരം കഴിക്കുന്നതിൽ അച്ചടക്കം പാലിക്കാൻ ശ്രമിക്കുക. അങ്ങനെയെങ്കിൽ ആ മനസ് ഏകാഗ്രമായി തുടരും.’ എന്ന് മോഹൻ ഭാഗവത് പറഞ്ഞു. രാജ്യം മുഴുവൻ നവരാത്രി ആഘോഷിക്കുന്ന വേളയിലാണ് മോഹൻ ഭാഗവതിൻ്റെ പരാമർശം.
ലോകത്തെ മറ്റ് രാജ്യങ്ങളെ പോലെ തന്നെ ഇന്ത്യയിലും മാംസം കഴിക്കുന്നവർ ഉണ്ട്. എന്നാൽ നമ്മുടെ നാട്ടിൽ മാംസാഹാരം കഴിക്കുന്നവർ പോലും സംയമനം പാലിക്കുന്നു. കൂടാതെ ചില നിയമങ്ങൾ പാലിക്കുകയും ചെയ്യുന്നുവെന്ന് മോഹൻ ഭാഗവത് അഭിപ്രായപ്പെട്ടു.
ഇവിടെ മാംസം കഴിക്കുന്ന ആളുകൾ ശ്രാവണ മാസത്തിൽ മാംസം കഴിക്കാറില്ല. തിങ്കൾ, ചൊവ്വ, വ്യാഴം, ശനി ദിവസങ്ങളിൽ അവർ മാംസം ഒഴിവാക്കുന്നു. ചില നിയമങ്ങൾ അവർ സ്വയം അടിച്ചേൽപ്പിക്കുന്നുവെന്ന് ഭാഗവത് കൂട്ടിച്ചേർത്തു. ആത്മീയതയാണ് ഇന്ത്യയുടെ ആത്മാവ്. ഇന്ത്യ എന്താണ് ചെയ്യേണ്ടത്? നമ്മുടെ സ്വന്തം മാതൃകയിലൂടെ ഈ ആത്മീയതയുടെ അടിസ്ഥാനത്തിൽ എങ്ങനെ ജീവിതം നയിക്കാമെന്ന് എല്ലാവരോടും പറയുകയാണ്, അദ്ദേഹം പറഞ്ഞു. ശ്രീലങ്കയും മാലിദ്വീപും ദുരിതത്തിലായപ്പോൾ സഹായിച്ചത് ഇന്ത്യ മാത്രമാണ്. മറ്റ് രാജ്യങ്ങൾ ബിസിനസ് കാര്യങ്ങളിൽ ശ്രദ്ധിച്ചുവെന്നും മോഹൻ ഭാഗവത് കുറ്റപ്പെടുത്തി.