ഒരു വർഗീയതയെ ഭരണകൂടാധികാരം ഉപയോഗിച്ച് മറ്റൊരു വർഗീയത നിരോധിച്ചാൽ, നിരോധനമെങ്ങനെ ഫലപ്രദമാകും? ഭീകരവാദ പ്രവർത്തനങ്ങളുടെ പേരിൽ പോപ്പുലർ ഫ്രണ്ടിനെ നിരോധിച്ച കേന്ദ്രസർക്കാർ നടപടിയെക്കുറിച്ചുയരുന്ന ഏറ്റവും പ്രധാനപ്പെട്ട ചോദ്യം ഇതാണ്. പോപ്പുലർ ഫ്രണ്ടിനെതിരെ കേന്ദ്ര അന്വേഷണ ഏജൻസികൾ ഉയർത്തുന്ന എല്ലാ ആരോപണങ്ങളും ആർഎസ്എസിനും ബാധകമാണ്. എന്നിട്ടും ആർഎസ്എസിന് നിരോധനമില്ല. ആ സംഘടന നടത്തുന്നത് ഭീകരവാദപ്രവർത്തനമാണെന്ന് ആരോപണവുമില്ല.
പോപ്പുലർ ഫ്രണ്ടിനെതിരെ അന്വേഷണ ഏജൻസികൾ ഉന്നയിക്കുന്നത് ഗുരുതരമായ ആരോപണങ്ങൾ തന്നെയാണ്. സംശയമില്ല. എന്നാൽ, മിന്നൽ കൊലപാതകങ്ങളും നിഗൂഢമായ പ്രവർത്തനങ്ങളും സംഘടനയെ ചൂഴ്ന്നു നിൽക്കുന്ന ആപൽക്കരമായ രഹസ്യാത്മകതയും വിദേശത്തു നിന്ന് പ്രവഹിക്കുന്ന സാമ്പത്തിക സഹായവുമൊക്കെ ആർഎസ്എസിനും ബാധകമായ ആരോപണങ്ങളാണ്. അതിലൊന്നിന് ഭരണകൂട സഹായം ലഭിക്കുകയും മറുഭാഗം നിരോധിക്കപ്പെടുകയും ചെയ്യുമ്പോൾ, പ്രച്ഛന്ന വേഷങ്ങളിലേയ്ക്ക് കൂടുമാറുകയാണ് രണ്ടാമതു പറഞ്ഞവർ ചെയ്യുക.
സിമിയുടെ ഉദാഹരണം. രാജ്യദ്രോഹ, ഭീകരവാദ പ്രവർത്തനങ്ങളുടെ പേരിൽ നിരോധിക്കപ്പെട്ട സംഘടനയാണ് സ്റ്റുഡൻ്റ്സ് ഓഫ് ഇസ്ലാമിക് മൂവ്മെൻ്റ് ഓഫ് ഇന്ത്യ. സെപ്തംബർ 11 ആക്രമണങ്ങളുടെ പശ്ചാത്തലത്തിൽ 2001ലാണ് സിമി ആദ്യം നിരോധിക്കപ്പെട്ടത്. പിന്നീട് 2008ൽ നിരോധനം പിൻവലിച്ചെങ്കിലും സുപ്രിംകോടതി ചീഫ് ജസ്റ്റിസായിരുന്ന കെ ജി ബാലകൃഷ്ണൻ്റെ ബെഞ്ച് നിരോധനം ശരിവെച്ചു. 2019 ഫെബ്രുവരിയിൽ യുഎപിഎ പ്രകാരം സിമിയുടെ നിരോധനം അഞ്ചുവർഷത്തേയ്ക്കു കൂടി നീട്ടി.
ഇന്ത്യൻ മുജാഹിദ്ദീനായും പോപ്പുലർ ഫ്രണ്ടായുമൊക്കെ വേഷം മാറിയെത്തിയത് സിമി തന്നെയാണ് എന്നത് പരസ്യമായ രഹസ്യമാണ്. ആർഎസ്എസിനെ എതിർക്കുക എന്നതാണ് പ്രഥമലക്ഷ്യമെന്ന് പുറത്തു പറയുന്നുണ്ടെങ്കിലും, ഇന്ത്യയെ ഇസ്ലാമിക രാഷ്ട്രമാക്കുക എന്ന ലക്ഷ്യം തന്നെയാണ് അവർക്കുള്ളത്.
നേർക്കുനേരെ ഏറ്റുമുട്ടുന്നത് രണ്ടു മതരാഷ്ട്ര വാദമാണ്. ആർഎസ്എസിന് ഇന്ത്യയെ ഹിന്ദുരാഷ്ട്രമാക്കണം. മനുസ്മൃതിയാണ് അവരുടെ ഭരണഘടന. പ്രച്ഛന്നസംഘടനകളിലൂടെ സിമി ലക്ഷ്യമിടുന്നത് ഇസ്ലാമിക രാഷ്ട്ര സ്ഥാപനം. ലക്ഷ്യസാധ്യത്തിന് മാരകായുധങ്ങളും സ്ഫോടകവസ്തുക്കളും ഉപയോഗിക്കാൻ ഇരുകൂട്ടർക്കും ഒരു മടിയുമില്ല. യുഎപിഎയുടെ മുപ്പത്തഞ്ചാം വകുപ്പിൻ്റെ പരിധിയിൽ വരുന്നതാണ് ഇരുകൂട്ടരുടെയും പ്രവർത്തനങ്ങൾ.
ബോംബുസ്ഫോടനങ്ങൾ, കൊലപാതകങ്ങൾ, കലാപം, വ്യാജവാർത്തകളുടെ പ്രചാരണം, അടിമുടി രഹസ്യാത്മകമായ സംഘടനാസംവിധാനം, തീവ്രമതവിദ്വേഷം കുത്തിയിളക്കുന്ന പ്രസംഗങ്ങളും പ്രചാരണങ്ങളും, വിദേശത്തു നിന്നുള്ള അതിഭീമമായ ഫണ്ടിംഗ്, സമൂഹത്തിൻ്റെ എല്ലാതലങ്ങളിലും വ്യാപിക്കുന്ന അസംഖ്യം പോഷകസംഘടനകൾ, പ്രചരണോപാധികൾ, സംഘബലം വർദ്ധിപ്പിക്കാൻ ജീവകാരുണ്യപ്രവർത്തനങ്ങളുടെ മറ തുടങ്ങി ഇരുകൂട്ടരുടെയും പ്രവർത്തനശൈലി ഒന്നു തന്നെയാണ്. ഒരു കടുകുമണിയുടെ വ്യത്യാസം ആർക്കും കണ്ടുപിടിക്കാനാവാത്ത വിധം സമാനം. ഒരേ വെടിമരുന്നുപയോഗിച്ച് നിർമ്മിച്ച സ്ഫോടകവസ്തുക്കളാണ് ഇരു സംഘടനകളും. പേരു വേറെയാണെന്നേയുള്ളൂ.
മതനിരപേക്ഷവും ജനാധിപത്യപരവുമായ ഒരു സമൂഹത്തിൻ്റെ സൃഷ്ടിയ്ക്കു വേണ്ടിയല്ല ഈ നിരോധനം. ഒരു ഭീകരവാദം മറുഭാഗത്തിനുമേൽ അധികാരത്തിൻ്റെ പേശീബലം ഉപയോഗിച്ച് സ്ഥാപിച്ചെടുത്ത വിജയമാണിത്. ഇരുകൂട്ടരുടെയും ലക്ഷ്യവും പ്രവർത്തനശൈലിയും സമാനമാണെന്നിരിക്കെ, ഒന്ന് മറ്റൊന്നിനെ അധികാരം കൊണ്ട് നടത്തുന്ന അടിച്ചമർത്തലാണ് ഈ നിരോധനം.
അതാണ് അതിൻ്റെ ഏറ്റവും വലിയ പോരായ്മയും.