ലണ്ടൻ: ഇന്ത്യൻ ക്രിക്കറ്റ് ഇതിഹാസം ജുലൻ ഗോസ്വാമി അന്താരാഷ്ട്ര ക്രിക്കറ്റിൽ നിന്ന് പടിയിറങ്ങി. ഇംഗ്ലണ്ടിനെതിരായ മൂന്നാം ഏകദിനത്തോടെയാണ് ജുലൻ ക്രിക്കറ്റിനോട് വിടപറഞ്ഞത്. അവസാന മത്സരത്തിൽ 10 ഓവർ എറിഞ്ഞ ജുലൻ 30 റൺസ് വഴങ്ങി രണ്ട് വിക്കറ്റ് വീഴ്ത്തി. ഏകദിനത്തിൽ 10000 ബോളുകൾ എറിയുന്ന ആദ്യ താരമെന്ന നേട്ടവും ജുലൻ സ്വന്തമാക്കി. 355 വിക്കറ്റുകൾ നേടിയ ജുലനാണ് അന്താരാഷ്ട്ര വനിതാ ക്രിക്കറ്റിൽ ഏറ്റവുമധികം വിക്കറ്റുകൾ നേടിയ താരം.
2002 ജനുവരി ആറിന് ഇംഗ്ലണ്ടിനെതിരെ നടന്ന ഏകദിന മത്സരത്തിലൂടെയാണ് അന്താരാഷ്ട്ര ക്രിക്കറ്റിൽ അരങ്ങേറുന്നത്. 20 വർഷം നീണ്ടു നിന്ന കരിയറിന് ഇംഗ്ലണ്ടിനെതിരെ നടന്ന മത്സരത്തിലൂടെ തന്നെയാണ് 39 കാരിയായ താരം വിരാമമിട്ടത്. മൂന്ന് തവണ ഏഷ്യാ കപ്പ് നേടിയിട്ടുളള താരം 2005 ലും 2017ലും ലോകകപ്പ് ഫൈനലിൽ എത്തിയ ഇന്ത്യൻ ടീമിൻ്റെ ഭാഗമായിരുന്നു. 2007ൽ ഐസിസിയുടെ മികച്ച വനിതാ ക്രിക്കറ്റ് താരമായി ജുലൻ തെരഞ്ഞെടുക്കപ്പെട്ടു. കൂടാതെ 2011ൽ മികച്ച വനിതാ ക്രിക്കറ്റർക്കുളള എംഎ ചിദംബരം ട്രോഫിയും താരം സ്വന്തമാക്കി. 2016ൽ ഏകദിന വനിതാ ബൗളർമാരുടെ റാങ്കിങ്ങിൽ ഒന്നാമതെത്താനും ജുലൻ ഗോസ്വാമിക്കായി.
ഇന്ത്യക്കായി 204 എകദിന മത്സരങ്ങളിൽ കളിച്ച ജുലൻ 22.10 ശരാശരിയിൽ 255 വിക്കറ്റുകൾ നേടിയിട്ടുണ്ട്. രണ്ട് തവണ അഞ്ച് വിക്കറ്റ് പ്രകടനം താരം നടത്തിയിട്ടുണ്ട്. 31 റൺസ് വഴങ്ങി ആറ് വിക്കറ്റ് വീഴ്ത്തിയതാണ് ജുലനാണ് ഏക ദിനത്തിലെ ഏറ്റവും മികച്ച പ്രകടനം. 12 ടെസ്റ്റ് മത്സരങ്ങളിൽ കളിച്ച പേസർ 17.36 ശരാശരിയിൽ 44 വിക്കറ്റുകൾ നേടിയിട്ടുണ്ട്. ഇന്നിംഗ്സിൽ അഞ്ച് വിക്കറ്റ് പ്രകടനം മൂന്ന് തവണ സ്വന്തമാക്കിയിട്ടുളള ജുലൻ, ഒരു മത്സരത്തിൽ 10 വിക്കറ്റ് പ്രകടനവും നടത്തിയിട്ടുണ്ട്. 2021 സെപ്തംബറിൽ ഓസ്ട്രേലിയക്കെതിരെയായിരുന്നു അവസാനത്തെ ടെസ്റ്റ് മത്സരം. 68 ടി20 മത്സരങ്ങളിൽ നിന്നായി 21.94 ശരാശരിയിൽ 56 വിക്കറ്റുകളും നേടിയിട്ടുണ്ട്. 11 റൺസ് വഴങ്ങി അഞ്ച് വിക്കറ്റ് വീഴ്ത്തിയതാണ് ടി20യിലെ മികച്ച പ്രകടനം. 43 വിക്കറ്റുകളുമായി വനിതാ ലോകകപ്പിലെ വിക്കറ്റ് വേട്ടക്കാരിൽ മുന്നിലും ജുലൻ തന്നെ.