പോപ്പുലര്‍ ഫ്രണ്ട് ഓഫ് ഇന്ത്യയെ നിരോധിക്കാനുള്ള നീക്കങ്ങള്‍ കേന്ദ്ര സര്‍ക്കാര്‍ തലത്തില്‍ സജീവമായി മുന്നോട്ട് പോകുന്നുവെന്നാണ് റിപ്പോര്‍ട്ടുകള്‍. രാജ്യത്തുടനീളം എന്‍ഐഎയും എന്‍ഫോഴ്സ്മെന്റും നടത്തിയ റെയ്ഡില്‍ പോപ്പുലര്‍ ഫ്രണ്ടിനെ നിരോധിക്കാനാവശ്യമായ തെളിവുകള്‍ ലഭിച്ചുവെന്നാണ് കേന്ദ്ര ഏജന്‍സികള്‍ അവകാശപ്പെടുന്നത്. എന്നാല്‍ നിരോധനംകൊണ്ട് ഈ സംഘടനയും അതിൻ്റെ മതമൗലികവാദ, തീവ്രവാദ പ്രവര്‍ത്തനങ്ങളും അവസാനിക്കില്ലെന്ന് ചരിത്രം പറയുന്നു. നിരോധിച്ചാല്‍ പുതിയ പേരില്‍ പുതിയ മേല്‍വിലാസത്തില്‍ വീണ്ടും വിധ്വംസക പ്രവര്‍ത്തനങ്ങളുമായി പ്രത്യക്ഷപ്പെടുന്നതാണ് ഇവരുടെ രീതി.
പിഎഫ്ഐ ഉണ്ടായതെങ്ങനെ?
2006 ഡിസംബര്‍ 19ന് കര്‍ണാടകയിലെ ബെംഗലൂരുവിലായിരുന്നു പിഎഫ്ഐയുടെ ആവിര്‍ഭാവം. കേരളത്തില്‍ നിന്നുള്ള നാഷണല്‍ ഡെവലപ്പ്മെന്റ് ഫ്രണ്ട്, തമിഴ്നാട്ടിലെ മനിത നീതി പസരായ്, കര്‍ണാടകയിലെ കര്‍ണാടക ഫോറം ഫോര്‍ ഡിഗ്നിറ്റി എന്നീ മൂന്ന് സംഘടനകള്‍ ലയിച്ചാണ് പിഎഫ്ഐ രൂപീകരിക്കപ്പെടുന്നത്. കേരളത്തില്‍ വര്‍ഗീയ കലാപങ്ങള്‍ക്ക് നീക്കങ്ങള്‍ നടത്തി രാഷ്ട്രീയ നിലനില്പ്പില്ലാതെയായതോടെയായിരുന്നു എന്‍ഡിഎഫ് പിഎഫ്ഐ എന്ന പേരില്‍ പുതിയ മുഖം മൂടിയുമായി പ്രത്യക്ഷപ്പെടുന്നത്. സത്യത്തില്‍ പിഎഫ്ഐ നിരോധിക്കപ്പെട്ട സിമിയുടെ പുതിയ അവതാരമായിരുന്നു. സിമി നിരോധിക്കപ്പെട്ടപ്പോള്‍ അവര്‍ എന്‍ഡിഎഫായി, പിന്നെ പോപ്പുലര്‍ ഫ്രണ്ടും. സിമിയുടെ സ്ഥാപക നേതാക്കളാണ് പിഎഫ്ഐയുടെയും പിറവിക്ക് പിന്നില്‍. സിമി ജനറല്‍ സെക്രട്ടറിയായിരുന്ന ഇഎം അബ്ദുള്‍ റഹിമാന്‍, സിമി കേരളാ പ്രസിഡൻ്റയിരുന്ന ഇ അബൂബക്കര്‍, സിമിയുടെ താത്വികാചാര്യന്മാരിലൊരാളായ പി കോയ തുടങ്ങിയവരെല്ലാം ഇന്ന് പിഎഫ്ഐയുടെയും ബുദ്ധികേന്ദ്രങ്ങളാണ്. പേര് മാറിയതല്ലാതെ കെട്ടിലും മട്ടിലും പിഎഫ്ഐ പഴയ സിമി തന്നെയെന്ന് ഈ ചെറിയ ഉദാഹരണത്തില്‍ നിന്ന് തന്നെ വ്യക്തം.
ഗോവയില്‍ ഗോവ സിറ്റിസണ്‍സ് ഫോറം, രാജസ്ഥാനില്‍ സോഷ്യല്‍ ആന്‍ഡ് എജ്യുക്കേഷണല്‍ സൊസൈറ്റി, ബംഗാളില്‍ നാഗരിക് അധികാര്‍ സുരക്ഷാ സമിതി, മണിപ്പൂരില്‍ ലൈലോംഗ് സോഷ്യല്‍ ഫോറം, ആന്ധ്രയില്‍ അസോസിയേഷന് ഫോര്‍ സോഷ്യല്‍ ജസ്റ്റിസസ് തുടങ്ങിയ മറ്റ് സംഘടനകളുമായി ചേര്‍ന്നാണ് പോപ്പുലര്‍ ഫ്രണ്ടിൻ്റെ പ്രവര്‍ത്തനങ്ങള്‍.
എസ്ഡിപിഐയും പോപ്പുലര്‍ഫ്രണ്ടും തമ്മിലെന്ത് ?
ആര്‍എസ്എസിന്റെ ന്യൂനപക്ഷ പതിപ്പാണ് പോപ്പുലര്‍ ഫ്രണ്ട്. ആര്‍എസ്എസിന് ബിജെപിയെങ്ങനെയോ അതാണ് പോപ്പുലര്‍ ഫ്രണ്ടിന് എസ് ഡി പി ഐ. 2009ലാണ് പിഎഫ്ഐ മുന്‍കൈയില്‍ എസ് ഡി പി ഐ സ്ഥാപിക്കപ്പെടുന്നത്. മുസ്ലീങ്ങള്‍, ദളിതുകള്‍, അരികുവല്‍ക്കരിക്കപ്പെട്ട മറ്റ് ജനവിഭാഗങ്ങള്‍ എന്നിവരുടെ ഉന്നമനത്തിനായി പ്രവര്‍ത്തിക്കുന്ന രാഷ്ട്രീയ പ്രസ്ഥാനമെന്നാണ് അവകാശവാദമെങ്കിലും പോപ്പുലര്‍ ഫ്രണ്ടിൻ്റെ ഡിഎന്‍എ തന്നെയാണ് എസ് ഡി പി ഐയുടേതും. പിഎഫ്ഐക്ക് നേരിട്ട് കടന്നുകയറാന്‍ സാധിക്കാത്ത മേഖലകളിലേക്ക് ഒരു രാഷ്ട്രീയ പ്രസ്ഥാനത്തിൻ്റെ ലേബലില്‍ പ്രത്യക്ഷപ്പെടാനുള്ള മറ മാത്രമാണ് എസ് ഡി പി ഐ.
പോപ്പുലര്‍ ഫ്രണ്ട് പോപ്പുലറാകുന്നതെങ്ങനെ?
വര്‍ഗീയകലാപങ്ങളിലൂടെയും പൈശാചികമായ ക്രൂരകൃത്യങ്ങളിലൂടെയുമാണ് പോപ്പുലര്‍ ഫ്രണ്ട് അന്നും ഇന്നും വാര്‍ത്തകളില്‍ ഇടം പിടിക്കുന്നത്. കേരളത്തില്‍ ഇതില്‍ ഏറ്റവും എടുത്തുപറയേണ്ടത് കൈവെട്ട് കേസാണ്. 2010 ജൂലൈയിലായിരുന്നു ചോദ്യപേപ്പര്‍ വിവാദവുമായി ബന്ധപ്പെട്ട് തൊടുപുഴ ന്യൂമാന്‍സ് കോളേജ് അധ്യാപകനായ ടി ജെ ജോസഫിന്റെ വലതുകൈ വെട്ടിമാറ്റിയത്. 2012ല്‍ അന്ന് ഉമ്മന്‍ചാണ്ടി സര്‍ക്കാര്‍ ഹൈക്കോടതിയില്‍ നല്കിയ സത്യവാങ്മൂലം പ്രകാരം അതുവരെ മാത്രം 27 രാഷ്ട്രീയ കൊലപാതകങ്ങളില്‍ പിഎഫ്ഐക്ക് പങ്കുണ്ടെന്നാണ് വ്യക്തമാക്കിയത്. കൊല്ലപ്പെട്ടവരില്‍ ഏറെയും ആര് എസ് എസ് – സിപിഎം പ്രവര്‍ത്തകരും.
ഓപ്പണ്‍ മാഗസിന് 2017ല്‍ പ്രസിദ്ധീകരിച്ച ഒരു റിപ്പോര്‍ട്ട് പ്രകാരം പോപ്പുലര്‍ ഫ്രണ്ട് ഐഎസിന്റെ റിക്രൂട്ടിംഗ് ഏജന്‍സി കൂടിയാണ്. ഈ റിപ്പോര്‍ട്ടില്‍ പറയുന്നത് ഐഎസില്‍ ചേര്‍ന്ന നൂറോളം പേര് പോപ്പുലര്‍ ഫ്രണ്ട് അംഗങ്ങളായിരുന്നുവെന്നാണ്. ഞങ്ങളുമായി ബന്ധമവസാനിപ്പിച്ച ശേഷമാണ് ഇവര്‍ ഐസില്‍ ചേര്‍ന്നതെന്ന ദുര്‍ബലമായ ന്യായീകരണമാണ് ആരോപണത്തിനുള്ള പോപ്പുലര്‍ ഫ്രണ്ടിൻ്റെ മറുപടി.
മതനിരപേക്ഷ ഉള്ളടക്കത്തോടെ രാജ്യമൊന്നടങ്കം പൗരത്വനിയമ ഭേദഗതിക്കെതിരെ സമരം ചെയ്തപ്പോള്‍ ആ സമരത്തെ ഒറ്റുകൊടുത്ത ട്രോജന്‍ കുതിരയായതും ഇതേ പിഎഫ്ഐ തന്നെയാണ്. സമരത്തെ കലാപ കലുഷിതമാക്കുകയും സമരങ്ങള്‍ക്ക് വര്‍ഗീയ ഉള്ളടക്കം നല്‍കുകയും ചെയ്തതിന് പിന്നില്‍ പിഎഫ്ഐക്ക് റോളുണ്ട്. വടക്ക് കിഴക്കന്‍ ദില്ലി കലാപത്തെ ആളിക്കത്തിക്കാന്‍ പണമിറക്കിയതില്‍ പോപ്പുലര്‍ ഫ്രണ്ടാണെന്ന് തെളിവുകളുണ്ട്.
നിരോധനം നിശബ്ദമാക്കുമോ ?
പോപ്പുലര്‍ ഫ്രണ്ടിനെ നിരോധിക്കണമെന്ന മുറവിളി കുറേ നാളുകളായി അന്തരീക്ഷത്തിലുണ്ട്. രാജ്യസുരക്ഷയ്ക്ക് ഭീഷണിയെന്ന് ചൂണ്ടിക്കാട്ടി പോപ്പുലര്‍ ഫ്രണ്ടിനെ നിരോധിക്കണമെന്ന് 2017ല്‍ എന്‍ ഐ എ കേന്ദ്ര ആഭ്യന്തര മന്ത്രാലയത്തിനോട് ആവശ്യപ്പെട്ടിരുന്നു. എന്നാല്‍ ആഭ്യന്തര മന്ത്രാലയം തീരുമാനമെടുത്തില്ല. 2020ല്‍ പൗരത്വപ്രക്ഷോഭത്തിന് പിന്നാലെയും പോപ്പുലര്‍ ഫ്രണ്ടിനെ നിരോധിക്കാനുള്ള നീക്കങ്ങളുണ്ടായി. ഉത്തര്‍പ്രദേശ് മുഖ്യമന്ത്രി യോഗി ആദിത്യനാഥടക്കം ആവശ്യം കേന്ദ്രസര്‍ക്കാരിനെ അറിയിച്ചു. ഇങ്ങനെ നിരോധനമെന്ന ആവശ്യം നിരവധി ഘട്ടങ്ങളില്‍ ഉയര്‍ന്നെങ്കിലും പിഎഫ് ഐ നിരോധിക്കപ്പെട്ടിരിക്കുന്നത് ജാര്‍ഖണ്ഡില്‍ മാത്രമാണ്. രാജ്യവിരുദ്ധ പ്രവര്ത്തനങ്ങളിലേര്പ്പെടുന്നുവെന്നും ഐഎസുമായി ബന്ധമുണ്ടെന്നുമാരോപിച്ച് 2019ലായിരുന്നു ജാര്‍ഖണ്ഡ് പോപ്പുലര്‍ ഫ്രണ്ടിനെ നിരോധിക്കുന്നത്.
പോപ്പുലര്‍ ഫ്രണ്ട് നിരോധിച്ചാല്‍ പുതിയ പേരില്‍, പുതിയ ഭാവത്തില്‍ അവര്‍ വീണ്ടും പ്രത്യക്ഷപ്പെടും. അതാണ് നാളിതുവരെയുള്ള അവരുടെ രീതി. പാമ്പ് പടം പൊഴിക്കുന്നതുപോലെ ഈ പേരും രൂപവും മാറ്റല്‍ അവര്‍ക്ക് ലളിതമാണ്. ഓരോ നിരോധനങ്ങളും അവര്‍ മുന്‍കൂട്ടി കാണുകയും അതിനെ അതിജീവിക്കാന്‍ പുതിയ തന്ത്രവും സജ്ജമാക്കിയിട്ടുണ്ടാകും. എങ്കിലും കുറുക്കന് എത്ര നീലത്തില്‍ മുങ്ങിയാലും അതിൻ്റെ അടിസ്ഥാന സ്വഭാവത്തിന് മാറ്റമേ ഉണ്ടാകാന്‍ പോകുന്നില്ല.