പോപ്പുലര്‍ ഫ്രണ്ടിനു വളരാന്‍ സംഘപരിവാര്‍ വേണം. സംഘപരിവാറിന് വളരാന്‍ പോപ്പുലര്‍ ഫ്രണ്ടും
നൗഫല്‍ എന്‍
കേരളത്തിൻ്റെ രാഷ്ട്രീയ അവസ്ഥയിൽ RSS നെക്കാൾ പതിൻമടങ്ങ് അപകടകാരികൾ പോപ്പുലർ ഫ്രണ്ട് ആണ്.
****
Q. പോപ്പുലർ ഫ്രണ്ടിനെ നിരോധിക്കും എന്ന് വാർത്ത വരുന്നു. എന്ത് തോന്നുന്നു??
A. സന്തോഷവും സമാധാനവും. അന്തമില്ലാത്ത ആശ്വാസവും.
Q. അപ്പോൾ സഘപരിവാരിൻ്റെ മുസ്ലിം വിരുദ്ധ രാഷ്ട്രീയത്തെ ആരു നേരിടും?
അവരുടെ രാഷ്ട്രീയത്തെ നേരിടാൻ പോപ്പുലർ ഫ്രണ്ടിൻ്റെ രാഷ്ട്രീയ ഭാവനയ്ക്ക് ഒരിക്കലും കഴിയില്ല. വെറുതെ ആളെ കൂട്ടാനും, ശക്തി കാണിക്കാനും വെറുപ്പിൻ്റെ മുദ്രാവാക്യങ്ങൾ വിളിക്കാനും പോപ്പുലർ ഫ്രണ്ട് മതി, ധാരാളം. പക്ഷേ സംഘപരിവാർ മൂർച്ച കൂട്ടുന്ന വിഭജന രാഷ്ട്രീയത്തെ ഫലപ്രദമായി നേരിടാൻ പോപ്പുലർ ഫ്രണ്ട് പോരാ. അവർക്ക് അതിനുള്ള പാങ്ങില്ല.
സംഘപരിവാറിൻ്റെ മുസ്ലിം വിദ്വേഷത്തിന് എതിരേ പ്രതിരോധത്തിൻ്റെ രാഷ്ട്രീയം ചമയ്ക്കേണ്ടത് പോപ്പുലർ ഫ്രണ്ട് അല്ല എന്നതിൻ്റെ കാരണം അവർക്ക് അതിനുള്ള രാഷ്ട്രീയ ബലമില്ല എന്നത് മാത്രമല്ല. അവർ എങ്ങനെയാണ് ഇന്ത്യയിലെ മുസ്ലിങ്ങൾക്ക് വേണ്ടി സംഘപരിവാർ രാഷ്ട്രീയത്തെ ഇക്കാലമത്രയും നേരിട്ടത്? അത് ഗുണപരമായിരുന്നു എന്ന് ആരെങ്കിലും വിശ്വസിക്കുന്നുണ്ടോ?
പോപ്പുലർ ഫ്രണ്ടിനു വളരാൻ സംഘപരിവാർ വേണം. സംഘപരിവാറിന് വളരാൻ പോപ്പുലർ ഫ്രണ്ടും. They work in tandom. വർഗീയതയെ നേരിടേണ്ടത് വർഗീയത കൊണ്ടല്ല. അത്തരം പ്രതിരോധങ്ങൾ ഹ്രസ്വ ഫലമേ നൽകൂ എന്ന് മാത്രമല്ല, ദീർഘകാലത്തെ ദോഷങ്ങളും ചെയ്യും. മതേതരമായ ഒരു രാജ്യത്തിൻ്റെ നിലപ്പിനെ അട്ടിമറിക്കുക എന്നതാണ് വർഗീയതയെ വർഗീയത കൊണ്ട് നേരിടാം എന്ന യുദ്ധ തന്ത്രത്തിൻ്റെ ഫലം.
തങ്ങളെ നേരിടാൻ ഒരു സെക്കുലർ എതിരളിയെക്കാൾ സംഘപരിവാർ ഇഷ്ടപ്പെടുക മുസ്ലിം വർഗീയ മുദ്രാവാക്യം മുഴക്കുന്ന ഒരു പ്രതിയോഗിയെ ആണ്. അവർക്ക് വളരാനും വെറുപ്പിൻ്റെ രാഷ്ട്രീയത്തെ കനപ്പെടുത്താനും മുസ്ലിം വർഗീയത പ്രത്യയശാസ്ത്രമായി പുലർത്തുന്ന എതിരാളി തന്നെയാണ് അഭികാമ്യം. ആ അർഥത്തിൽ പോപ്പുലർ ഫ്രണ്ട് നിരോധിക്കപ്പെടുന്നത് രാജ്യത്തെ വർഗീയതയെ പ്രതിരോധിക്കുന്ന പോരാട്ടത്തിൽ സെക്കുലർ പാർട്ടികളെ സഹായിക്കും. സെക്കുലർ മുസ്ലിങ്ങളുടെ കൂടി ഭയത്തെ ഹൈജാക്ക് ചെയ്താണ് പോപ്പുലർ ഫ്രണ്ട് ആളെ കൂട്ടുന്നത്. അവരെ തിരിച്ചു പിടിക്കാനും സെക്കുലർ പ്രതിരോധ മുന്നണിയുടെ കേന്ദ്രത്തിൽ പ്രതിഷ്ഠിക്കാനുമായി സെക്കുലർ പാർട്ടികൾക്ക് ഈ ഘട്ടത്തെ ഉപയോഗിക്കാൻ കഴിയും. കഴിയണം.
പോപ്പുലർ ഫ്രണ്ട് പോയാൽ അവർ അടുത്ത പേരിൽ വരും. അവരെ പെട്ടെന്ന് ഇല്ലാതാക്കാൻ പറ്റില്ല. പക്ഷേ ഈ അവസരം ഉപയോഗിച്ച് അവരാൽ ഹൈജാക്ക് ചെയ്യപെട്ട സെക്കുലർ മുസ്ലിം വിഭാഗത്തെ തങ്ങളുടെ പാളയത്തിൽ കൊണ്ട് വരാൻ മതേതര പാർട്ടികൾക്ക് കഴിയും. ഇത് ദീർഘ കാല ഉന്നം എന്ന നിലയിൽ വെറുപ്പിൻ്റെ രാഷ്ട്രീയത്തിൽ നിന്ന് രാജ്യത്തെ രക്ഷിക്കും. കുറഞ്ഞ പക്ഷം അതിനായി സെക്കുലർ പാർട്ടികളെ ശക്തിപ്പെടുത്തുക എങ്കിലും ചെയ്യും.
Q. മുസ്ലിങ്ങൾക്ക് വേണ്ടിയല്ലേ അവർ സമരം ചെയ്യുന്നത്. അള്ളാഹു അക്ബർ എന്നാണ് അവരുടെ പ്രധാന മുദ്രാവാക്യം തന്നെ, ഇന്ന് ഹർത്താലിൽ പോലും മുഴങ്ങി കേട്ടത് ആ മുദ്രാവാക്യം ആയിരുന്നല്ലോ?
A. അള്ളാഹു അക്ബർ എന്നും കൂലോ തക്ബീർ എന്നും വിളിച്ചു പോപ്പുലർ ഫ്രണ്ട് ഓഫ് ഇന്ത്യയുടെ ‘ പോരാളികൾ ‘ കെ എസ് ആർ ടി സി ബസുകൾക്ക് മുന്നിലും തുറന്ന കടകൾക്ക് മുന്നിലും പോലീസിന് മുന്നിലും പക ചീറ്റുന്ന കണ്ണുകളോടെ ‘ രാഷ്ട്രീയ പ്രവർത്തനം ‘ നടത്തുന്ന ഹർത്താൽ ദിവസത്തെ കാഴ്ച കണ്ട് വലിയ ദുഃഖവും പേടിയും തോന്നി. നബി ദിന റാലിയിൽ പോകുന്ന കുഞ്ഞുങ്ങൾ പ്രാർഥനാ സ്വഭാവത്തോടെ അള്ളാഹു അക്ബറും കൂലോ തക്ബീറും വിളിച്ചു പോകുന്നത് കുട്ടികാലത്ത് എത്രയോ കണ്ടിട്ടുണ്ട്. പ്രാർത്ഥനയിൽ ഹിംസയും പകയും വെറുപ്പും കിനിയുന്നത് കാണുക എന്നത് പോലെ നിരാശാജനകമായി മറ്റൊന്നും ഇല്ല. അതൊന്നുമല്ല എൻ്റെ സങ്കടം, കേരളത്തിലെ മുസ്ലിം മതവിഭാഗത്തിൻ്റെ പുരോഹിത പ്രമാണിമാർ ഒന്നും തന്നെ തെരുവിൽ പ്രാർത്ഥന വചനവും തക്ബീർ ധ്വനികളും ഹിംസാത്മകമായ രാഷ്ട്രീയ മുദ്രാവാക്യങ്ങളായി നിറയുന്നതിനെ തള്ളി പറയുന്നില്ല എന്നതാണ്. മുസ്ലിം = പോപുലർ ഫ്രണ്ട് എന്നത് പോപ്പുലർ ഫ്രണ്ടിൻ്റെ മാത്രമല്ല സംഘപരിവാറിൻ്റെയും ഇക്വേഷൻ ആണ്. ഇസ്ലാം മത പൗരോഹിത്യത്തിൻ്റെ ഈ മൗനം മുസ്ലിങ്ങളുടെ അട്ടിപേറവകാശം പോപ്പുലർ ഫ്രണ്ടിനു ചാർത്തി കൊടുക്കുക എന്ന അപകടപരമായ പണിയാണ് ചെയ്യുക. പോപ്പുലർ ഫ്രണ്ട് ആഗ്രഹിക്കുന്നതും അത് തന്നെയാണ്.
Q. സംഘപരിവാർ അല്ലേ, RSS അല്ലേ ഇവരേക്കാൾ അപകടകാരികൾ?
അധികാരമുള്ള പോപ്പുലർ ഫ്രണ്ട് ആണ് RSS. ഇന്ത്യൻ അവസ്ഥയിൽ അവരാണ് ഏറ്റവും ഭീകരർ. പക്ഷേ അവരുടെ വളർച്ച പോലും പൊളിറ്റിക്കൽ ഇസ്ലാമിൻ്റെ വളർച്ചയുമായി ബന്ധപ്പെട്ട് കിടക്കുന്നു. സെക്കുലർ പാർട്ടികൾ ബാബ്റി പള്ളി വിഷയത്തിൽ പരാജയപ്പെട്ടത് അടക്കം പലതും പോപ്പുലർ ഫ്രണ്ടിൻ്റെ വളർച്ചയും ആയി ചേർന്ന് പോകുന്നു. ആർഎസ്എസ്ൻ്റെ വളർച്ചയാണ് ഇന്ത്യൻ മതേതരത്വത്തിൻ്റെ തകർച്ചയ്ക്ക് കാരണം കുറിച്ചത്. അതിൻ്റെ ഫലം – ഗുണം അനുഭവിക്കുന്ന കൂട്ടർ മാത്രമാണ് പോപ്പുലർ ഫ്രണ്ട്. അവരുടെ മൂലധനം മുസ്ലിം സമൂഹത്തിൻ്റെ ഭയം മാത്രമാണ്. അവർ മുസ്ലിം RSS മാത്രമാണ്.
Q. കേരളത്തിൽ പോപ്പുലർ ഫ്രണ്ട് വലിയ ശക്തരാണ്. അവരുടെ മീറ്റിംഗുകൾ ശ്രദ്ധിച്ചിട്ടില്ലെ?
ആ ആൾക്കൂട്ടം ഏതൊരു മതേതര ജനാധിപത്യ വിശ്വാസിയെ പോലെ എന്നെയും ഭയപ്പെടുത്തുന്നു. കേരളത്തിൻ്റെ അവസ്ഥയിൽ RSS നെക്കാൾ നൂറു മടങ്ങ് അപകടകാരികൾ പോപ്പുലർ ഫ്രണ്ട് ആണ്. ഉറപ്പിച്ചു പറയാം. കേരളത്തിൽ ഹിന്ദുത്വ രാഷ്ട്രീയം ശക്തമല്ല. മുസ്ലിം ജീവിതം അനിശ്ചിതത്വത്തിലാവുന്ന ഒരു ഘടകവും ഇവിടെയില്ല. കേരളത്തിൽ സെക്കുലർ പാർട്ടികളാണ് ഭരണത്തിലും പ്രതിപക്ഷത്തും ഉള്ളത്. എന്നിട്ടും അവർ കേരളത്തിൽ അസ്വസ്ഥത ഉണ്ടാക്കുന്നു. വെറുപ്പ് വിതയ്ക്കുന്നു. ഹിന്ദു – മുസ്ലിം വിദ്വേഷം പരത്തുന്നു. കേരളത്തിൽ ആരാണ് അവരുടെ എതിരാളി? സംഘപരിവാർ അല്ല. മുസ്ലിംങ്ങൾ ഇവിടെ അക്രമിക്കപ്പെടുന്നില്ല. മാത്രമല്ല, മെച്ചപ്പെട്ട രാഷ്ട്രീയ – സാമൂഹിക സാഹചര്യം മുസ്ലിം സമൂഹത്തിന് കേരളത്തിലുണ്ട്. ഈ മുസ്ലിം സമൂഹത്തെ ഹൈജാക്ക് ചെയ്യാൻ പോപ്പുലർ ഫ്രണ്ട് വിജയിച്ചാൽ നമ്മുടെ മതേതരത്വം നശിച്ചു എന്നാണ് അർഥം. പോപ്പുലർ ഫ്രണ്ട് = മുസ്ലിം എന്ന് കേരളത്തിൽ വരുത്തി തീർക്കാൻ അവർ ശ്രമിക്കുമ്പോൾ ഇസ്ലാമോഫോബിയ സൃഷ്ടിക്കപ്പെടും. (ഉദാ. തൊപ്പി വച്ച്, താടി വളർത്തിയ പോപ്പുലർ ഫ്രണ്ട് കാരൻ അള്ളാഹു അക്ബർ വിളിച്ചു കട തല്ലി പൊളിക്കുന്ന കാഴ്ച കാണുന്ന മറ്റൊരു മത വിശ്വാസിയിൽ, അയാള്‍ എത്ര നിഷ്കളങ്കൻ ആണ് എങ്കിലും മുസ്ലിം സമൂഹത്തോട് മുഴവനായി പേടി ഉണ്ടാവും. പോപ്പുലർ ഫ്രണ്ട് സമം മുസ്ലിം എന്ന പോപ്പുലർ ഫ്രണ്ട് സ്വപ്നം ഇങ്ങനെ പ്രചാരം നേടും.) അത് സെക്കുലർ ഫാബ്രിക്കിനെ തകർക്കും. അത്തരം ഒരു ഘട്ടത്തെ മുതലെടുക്കുന്നത് കേരളത്തിൽ ആർഎസ്എസ് ആവില്ല. പോപ്പുലർ ഫ്രണ്ട് ആവും.
കാര്യം വ്യക്തമാണ്. അവരുടെ എതിരാളി സംഘപരിവാർ അല്ല. നമ്മൾ ജീവിക്കുന്ന മതേതര ജീവിതമാണ് അവരുടെ എതിരാളി. സംഘപരിവാറിൻ്റെ ഉന്നവും നമ്മൾ ജീവിക്കുന്ന മതേതര ജീവിതമാണ്. അത് കൊണ്ട് തന്നെ പോപ്പുലർ ഫ്രണ്ട് നിരോധിക്കപ്പെടുന്നു എന്നത് സന്തോഷവും സമാധാനവും അന്തമില്ലാത്ത ആശ്വാസവും നൽകുന്ന വാർത്തയാണ്.